articles
വംശീയ സംഘട്ടനം: മണിപ്പൂര്‍ എരിഞ്ഞു തീരുമോ?
കഴിഞ്ഞ ഒന്നര വര്‍ഷമായി കടുത്ത സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണമായും പരാജയമായിരുന്നുവെന്ന് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നു. ശത്രു രാജ്യങ്ങള്‍ കണക്കെ മണിപ്പൂര്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. മിസൈലും ഡ്രോണും വരെ ഉപയോഗിച്ച് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല.
ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. 34 ലക്ഷം ജനങ്ങള്‍ ഇവിടെ താമസിക്കുന്നു. പലപ്പോഴും മണിപ്പൂര്‍ സംഘര്‍ഷമയമായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് മണിപ്പൂരില്‍ മെയ്‌തെയ് ഗോത്ര വര്‍ഗക്കാരും കുകികളും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടല്‍ തുടങ്ങിയത്. അതിനു ശേഷം ഇരു ഗോത്രങ്ങള്‍ക്കും ആധിപത്യമുള്ള മേഖലകള്‍ സ്വകാര്യ സേനകളുടെ നിയന്ത്രണത്തിലാണ്. ഏതാണ്ട് ഒന്നര വര്‍ഷക്കാലമായി ഇവിടെ നടന്നുവരുന്ന സംഘര്‍ഷങ്ങളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 4,786 വീടുകളും 356 ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. അനൗദ്യോഗിക കണക്കനുസരിച്ച് ഇതിലും കൂടുതല്‍ കൊലപാതകങ്ങളും ഹീനമായ ആക്രമണങ്ങളും നടന്നിട്ടുണ്ട്.
കലാപവും കൊള്ളിവെപ്പും ആരംഭിച്ച ഘട്ടം മുതല്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറും പോലീസും മെയ്‌തെയ് സമൂഹത്തിന് അനുകൂലമായി നിലകൊണ്ടതാണ് പ്രശ്‌നത്തെ ഇത്രമാത്രം ആളിക്കത്തിച്ചത്. മെയ്‌തെയ് സമൂഹത്തില്‍ മഹാഭൂരിപക്ഷവും ഹിന്ദുക്കളാണ്. കുകി സമൂഹത്തിലെ മഹാഭൂരിപക്ഷം പേരും ക്രിസ്ത്യാനികളുമാണ്. പട്ടിക വര്‍ഗ പദവിക്കായി മെയ്‌തെയ് വിഭാഗം ആവശ്യമുന്നയിച്ചതാണ് മെയ്‌തെയ്-കുകി വിഷയം സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ കാരണമായത്. ഭരണതലത്തിലും ഉദ്യോഗതലത്തിലും മെയ്‌തെയ് ആധിപത്യം കാരണം തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്ന വികാരം കുകികളില്‍ ശക്തമായി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആയിരങ്ങളാണ് ഭവനരഹിതരായി മാറിയിട്ടുള്ളത്.
വീണ്ടുമാരംഭിച്ച കലാപത്തിന്റെ ഫലമായി കുകികളുടെ വംശഹത്യക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ പതിനൊന്ന് കുകി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസമാണ് നീതീകരണമില്ലാത്ത ഈ അതിക്രമം അവിടെ അരങ്ങേറിയത്. കുകി വിഭാഗക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടലുകള്‍ തുടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അസമുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഈ കുരുതി. പോലീസ് സ്റ്റേഷനടുത്ത് ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലപ്പെട്ട കുകികളുടെ കൈയില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തെന്ന് സേന അറിയിക്കുന്നു. കഴിഞ്ഞ ആഴ്ച ഹമര്‍ ഗോത്രത്തിലെ ഒരു സ്ത്രീയെ മെയ്‌തെയ് വിഭാഗം കൊലപ്പെടുത്തിയ ശേഷം വീടുകള്‍ക്ക് തീയിട്ടിരുന്നു.
ഇതോടെയാണ് സംഘര്‍ഷം വ്യാപകമായത്. കൊലപ്പെടുത്തുന്നതിന് മുമ്പ് ഈ സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നും അന്വേഷണ റിപോര്‍ട്ടിലുണ്ട്. ഇതിനടുത്ത ദിവസം മെയ്‌തെയ് ആധിപത്യമുള്ള താഴ്‌വരയില്‍ ഒരു സ്ത്രീ വയലില്‍ ജോലിചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ നിരവധി സംഘര്‍ഷങ്ങള്‍ക്ക് വേദിയാണ് ബൊറോബെക്ര. കഴിഞ്ഞയാഴ്ച ഇവിടുത്തെ സൈറന്‍ ഹെമര്‍ ഗ്രാമത്തിലാണ് സായുധ സംഘം 31കാരിയെ കൊലപ്പെടുത്തുകയും അനേകം വീടുകള്‍ അഗ്നിക്ക് ഇരയാക്കുകയും ചെയ്തത്.
എന്തായാലും ശക്തമായ പ്രതിഷേധമാണ് മണിപ്പൂരിലാകെ ഉയര്‍ന്നിരിക്കുന്നത്. കുകികള്‍ മണിപ്പൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. അടിയന്തരമായി ഈ അക്രമങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്നും കുകികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളാണ് ബന്ദിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്നത്.
മണിപ്പൂരിലെ വംശഹത്യക്ക് പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് അവിടുത്തെ മുഖ്യമന്ത്രിയായ ബിരേന്‍ സിംഗ് തന്നെയാണ്. കുകി വിഭാഗവുമായി ഒരു ചര്‍ച്ചക്കും മുഖ്യമന്ത്രി തയ്യാറല്ല. മെയ്‌തെയ് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ബിരേന്‍ സിംഗിന്റെ പങ്ക് ഈ അക്രമങ്ങളില്‍ കാണാന്‍ കഴിയും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിംഗിനെ മാറ്റണമെന്നുളള ബഹുജനങ്ങളുടെയും മണിപ്പൂരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറല്ല എന്നുള്ളത് തന്നെയാണ് അവിടുത്തെ കുരുതി തുടരാൻ ഇടയാക്കിയിട്ടുള്ളത്. കുകി വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന, വസ്തുതാ വിരുദ്ധ വാദങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. പരമോന്നത കോടതിയില്‍ പോലും മുഖ്യമന്ത്രിക്ക് വേണ്ടി കള്ളസത്യവാങ്മൂലം നല്‍കിയിരിക്കുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കടുത്ത സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണമായും പരാജയമായിരുന്നുവെന്ന് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നു. ശത്രു രാജ്യങ്ങള്‍ കണക്കെ മണിപ്പൂര്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. മിസൈലും ഡ്രോണും വരെ ഉപയോഗിച്ച് ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബി ജെ പിക്കാരായ കുകി എം എല്‍ എമാര്‍പോലും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. കേന്ദ്ര ഭരണാധികാരികള്‍ക്ക് ബിരേന്‍ സിംഗിനോടുള്ള പ്രീതിയും അന്ധമായ ക്രിസ്ത്യന്‍ വിരോധവുമാണ് ഇതിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മണിപ്പൂരിലെ വംശഹത്യ ഇതിനകം തന്നെ ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. കൊല്ലപ്പെടുന്നതില്‍ മഹാഭൂരിപക്ഷവും ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായത് സംഭവങ്ങളുടെ ഗൗരവം കൂട്ടുന്നു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോലും ഇവിടുത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ കാര്യമായ ഒരു ശ്രമവും നടത്തിയില്ല. ഇന്ത്യന്‍ ജനതയെ വ്യാകുലപ്പെടുത്തുന്നുണ്ട് ഇത്തരം മൗനങ്ങള്‍. മണിപ്പൂരിലെ മൗലിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ഈ ഭരണാധികാരികള്‍ ചെയ്യുന്നത്.
മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ക്ക് ഇനിയെങ്കിലും അറുതി വരുത്തിയേ മതിയാകൂ. രാജ്യം മുഴുവന്‍ ഇതാണാഗ്രഹിക്കുന്നത്. ജനകീയ വികാരം മാനിക്കാന്‍ ഭരണാധികാരികള്‍ തയ്യാറായേ മതിയാകൂ. വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഒരു സംസ്ഥാനത്തെ ജനങ്ങളെ ബോധപൂര്‍വം തമ്മിലടിപ്പിക്കാന്‍ ഭരണാധികാരികള്‍ തന്നെ ശ്രമിക്കുന്നുവെന്നാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ആ ഓര്‍മ കേന്ദ്ര ഭരണകൂടത്തിന് ഉണ്ടായിരിക്കണം.