Kozhikode
ഇത്തിഹാദിൻ്റെ കരിപ്പൂർ സർവീസ് ജനുവരി മുതൽ
ജനുവരി മുതൽ കെയ്‌റോയിലേക്ക് ആഴ്‌ചയിൽ അഞ്ച് വിമാനങ്ങൾ സർവീസ് നടത്തും.

അബൂദബി | യു എ ഇയുടെ ദേശീയ വിമാനക്കമ്പനി ഇത്തിഹാദ് പുതിയ സർവീസുകൾ പ്രഖ്യാപിക്കുകയും ചില റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. അടുത്ത ജനുവരി മുതൽ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കും. ചെന്നൈ, ഇസ്ലാമാബാദ്, കൊച്ചി, മാഡ്രിഡ്, മിലാൻ, മ്യൂണിക്ക്, റോം, ഫുക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചു.
ജനുവരി മുതൽ കെയ്‌റോയിലേക്ക് ആഴ്‌ചയിൽ അഞ്ച് വിമാനങ്ങൾ സർവീസ് നടത്തും. ഈ ഡിസംബർ ഒന്ന് മുതൽ മൂന്ന് വിമാനങ്ങളും ജനുവരി മുതൽ നാല് വിമാനങ്ങളും ആഴ്ചയിൽ ഏഴ് നേരിട്ടുള്ള വിമാനങ്ങളും കൊളംബോയിലേക്കുണ്ടാകും. ഈ ഡിസംബർ മുതൽ മൂന്ന് വിമാനങ്ങളും ജനുവരി മുതൽ നാല് വിമാനങ്ങളും അധികമായി മാലിദ്വീപിലേക്ക് സർവീസ് നടത്തും.
മലാഗ, മൈക്കോനോസ്, ലിസ്ബൺ, കൊൽക്കത്ത, സെന്റ് പീറ്റേഴ്‌സ്ബർഗ്, ഡസൽഡോർഫ്, കോപ്പൻഹേഗൻ, ഒസാക്ക, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിലേക്ക് ഈ വർഷം സർവീസ് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരെ ലക്ഷ്യമിട്ട് ഇത്തിഹാദ് അടുത്തിടെ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു.