Uae
ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് യാത്രാനിരക്ക് 20 ശതമാനം കുറച്ചു
ഇത്തിഹാദ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് 2004 സെപ്തംബർ 26നാണ് ഫ്‌ലൈറ്റുകൾ ആരംഭിച്ചത്
അബൂദബി | ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ച് 20 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് എയർവേയ്സ് യാത്ര നിരക്ക് 20 ശതമാനം കുറച്ചു. ഇന്ത്യയിലുടനീളമുള്ള 11 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 176 വിമാനങ്ങൾ പറത്തുന്നുവെന്ന് ഇത്തിഹാദ് അറിയിച്ചു. ഇത് ഇന്ത്യൻ യാത്രക്കാർക്ക് മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ വിപുലമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.
ആരംഭിച്ചതു മുതൽ, ഇത്തിഹാദ് ഇന്ത്യക്കും യു എ ഇക്കും ഇടയിൽ 172,000-ലധികം വിമാനങ്ങൾ പറത്തി. 2.6 കോടി യാത്രക്കാരെ വഹിച്ചു. ഇത്തിഹാദ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് 2004 സെപ്തംബർ 26നാണ് ഫ്‌ലൈറ്റുകൾ ആരംഭിച്ചത്.തുടർന്ന് 2004 ഡിസംബർ ഒന്നിന് ന്യൂ ഡൽഹിയിലേക്കും പറന്നു.
ഈ വർഷം ആദ്യം തിരുവനന്തപുരം, കോഴിക്കോട്, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ വർധിപ്പിച്ചു. ഇപ്പോൾ ഇന്ത്യയിലെ 11 ഇടങ്ങളിലേക്ക് പറക്കുന്നു. ഇത്തിഹാദ് ഈ വർഷം അബുദബിക്കും ഇന്ത്യക്കും ഇടയിലുള്ള സീറ്റ് വിപുലീകരിച്ചു. കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് ഇത്തിഹാദ് ഇത്തവണ ഇന്ത്യയിലേക്ക് ആഴ്ചയിൽ 50-ലധികം അധിക ഫ്‌ലൈറ്റുകൾ പറത്തിയെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റൊണാൾഡോ നെവ്‌സ് പറഞ്ഞു.