Uae
ഇത്തിഹാദ് എയർവേയ്സ് ഐ പി ഒ അടുത്ത വർഷം ഉണ്ടായേക്കും
കഴിഞ്ഞ മാസം എയർലൈൻ നികുതി ലാഭത്തിന് ശേഷമുള്ള അർധ വർഷത്തിൽ 48 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തു.
അബൂദബി | ഇത്തിഹാദ് എയർവേയ്സ് 2025-നകം ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. പ്രധാന ഗൾഫ് എയർലൈനിന്റെ ആദ്യ ഐ പി ഒ നിക്ഷേപകർ ഏറെ കാത്തിരിക്കുകയാണ്. എഡിക്യു സോവറിൻ വെൽത്ത് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് ഈ വർഷം ലിസ്റ്റിംഗ് പരിഗണിച്ചിരുന്നതായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിഷയത്തിൽ അഭിപ്രായം പറയാൻ എഡി ക്യു വിസമ്മതിച്ചു.
കിംവദന്തികളെയോ ഊഹാപോഹങ്ങളെയോ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഇത്തിഹാദിന്റെ വക്താവ് പറഞ്ഞു. 2003-ൽ പ്രവർത്തനം ആരംഭിച്ച ഇത്തിഹാദ്, അബൂദബി ഹബ്ബ് വഴി വലിയ നെറ്റ്്വർക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒരു ട്രാവൽ ഹബ്ബ് എന്ന നിലയിൽ അബൂദബിയെ ഉയർത്താനും ഇത് പദ്ധതിയിടുന്നു.
2030-ഓടെ ലക്ഷ്യസ്ഥാനങ്ങൾ 125-ലധികം വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുക, വിമാനങ്ങൾ 160-ലധികത്തിലേക്ക് വർധിപ്പിക്കുക എന്നിവ ലക്ഷ്യംവെച്ചും എയർലൈൻ മുന്നേറുന്നുണ്ട്.
കഴിഞ്ഞ മാസം എയർലൈൻ നികുതി ലാഭത്തിന് ശേഷമുള്ള അർധ വർഷത്തിൽ 48 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെ എണ്ണം 38 ശതമാനം ഉയർന്ന് 8.7 ദശലക്ഷമായി.