Ongoing News
ഇത്തിഹാദ് എയര്‍വേയ്‌സ്; നിരവധി മേഖലകളിലേക്ക് ഇന്ന് റിക്രൂട്ട്‌മെന്റ്
ദുബൈ ദുസിത് താനി ഹോട്ടലില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റില്‍ ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ബയോഡാറ്റ സമര്‍പ്പിക്കാമെന്ന് യു എ ഇയുടെ ദേശീയ വിമാന കമ്പനി അറിയിച്ചു.
അബൂദബി | ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇന്ന് ദുബൈയില്‍ നടക്കും. ഒന്നിലധികം മേഖലകളിലേക്കാണ് ഇത്തിഹാദ് ഉദ്യോഗാര്‍ഥികളെ തേടുന്നത്. ദുബൈ ദുസിത് താനി ഹോട്ടലില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റില്‍ ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ബയോഡാറ്റ സമര്‍പ്പിക്കാമെന്ന് യു എ ഇയുടെ ദേശീയ വിമാന കമ്പനി അറിയിച്ചു. തിരക്കേറിയ വേനല്‍ക്കാലത്ത് പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും പുതിയ എയര്‍ബസ് എ 350 സര്‍വീസിന്റെ ഭാഗമാവുകയും ചെയ്ത സാഹചര്യത്തില്‍, ഇത്തിഹാദ് എയര്‍വേയ്സില്‍ നിലവില്‍ നിരവധി ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താത്പര്യമുള്ള അപേക്ഷകര്‍ക്ക് ഇന്ന് ദുസിത് താനി ദുബൈയില്‍ അവരുടെ ബയോഡാറ്റ രജിസ്റ്റര്‍ ചെയ്ത് സമര്‍പ്പിക്കാം. തിരഞ്ഞെടുത്ത അപേക്ഷകരെ ജൂണ്‍ 14, 15 ദിവസങ്ങളില്‍ നടക്കുന്ന മൂല്യനിര്‍ണയത്തിലേക്ക് ക്ഷണിക്കുമെന്ന് ഇത്തിഹാദ് പ്രസ്താവനയില്‍ പറഞ്ഞു.
അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് തങ്ങളുടെ ക്യാബിന്‍ ക്രൂ ടീമില്‍ ചേരാന്‍ ഹോസ്പിറ്റാലിറ്റി പരിചയമുള്ള 1,000 വ്യക്തികളെ വരെ റിക്രൂട്ട് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യോമയാന മേഖല അതിവേഗം പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തുന്നതിനാല്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് ദീര്‍ഘകാല അവധിയില്‍ അയച്ച ചില ജീവനക്കാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രാദേശിക വിമാന കമ്പനികള്‍ ഈ മാസം ആദ്യം അവരുടെ വെബ്സൈറ്റുകളില്‍ 300 ഓളം ജോലികള്‍ ലിസ്റ്റ് ചെയ്തിരുന്നു. ഇത്തിഹാദ് ക്യാബിന്‍ ക്രൂവിന് ആധുനിക താമസ സൗകര്യങ്ങളും യാത്രാ അലവന്‍സുകളും ഉള്‍പ്പെടുന്ന മത്സരാധിഷ്ഠിത ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, പഠിക്കാനും വളരാനും ലോകം കാണാനും അന്താരാഷ്ട്ര അംഗീകാരമുള്ളതും അവാര്‍ഡ് നേടിയതുമായ ടീമിന്റെ ഭാഗമാകാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.