Connect with us

Uae

ഇത്തിഹാദ് റെയിലിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നു; ഉദ്ദേശിച്ചതിലും നേരത്തെ

റെയിലിന്റെ ഭാഗമായുള്ള ആദ്യ കടല്‍പ്പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു. 320 പേരടങ്ങുന്ന ജീവനക്കാരുടെ 10 ലക്ഷത്തിലേറെ മണിക്കൂറുകളുടെ അധ്വാനഫലമാണിത്.

Published

|

Last Updated

അബൂദബി | ഇത്തിഹാദ് റെയിലിന്റെ പ്രവൃത്തി ഉദ്ദേശിച്ചതിലും നേരത്തെ പൂര്‍ത്തിയാകുന്നു. യു എ ഇയുടെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇനിയധികം കാത്തിരിക്കേണ്ടതില്ല. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ പരുപരുക്കന്‍ കാലാവസ്ഥയിലും പദ്ധതി മുന്നോട്ടു കുതിക്കുകയാണ്. റെയിലിന്റെ ഭാഗമായുള്ള ആദ്യ കടല്‍പ്പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതോടെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് ഇത്തിഹാദ് റെയില്‍ പദ്ധതി. 320 പേരടങ്ങുന്ന ജീവനക്കാരുടെ 10 ലക്ഷത്തിലേറെ മണിക്കൂറുകളുടെ അധ്വാനഫലമാണിത്.

അബൂദബി ഖലീഫ തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയില്‍വേ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ കടല്‍പ്പാലം. 100 തൂണുകളിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ചരക്കു ഗതാഗതത്തിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുന്ന ഈ പാലത്തിലൂടെ ഗുഡ്‌സ് ട്രെയിനുകള്‍ക്കു പുറമേ പാസഞ്ചര്‍ ട്രെയിനുകളും കടന്നുപോകും. ഒരു കിലോമീറ്ററാണ് പാലത്തിന്റെ നീളം.

ഒരുവര്‍ഷം ഒരുകോടി കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ഇതിനു ശേഷിയുണ്ടാകും. നിലവില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിനെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ നിര്‍മിച്ച കടല്‍പ്പാലത്തിന് സമാന്തരമായാണ് റെയില്‍വേ കടല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങള്‍ പരിഗണിച്ചു കൂടിയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. വേലിയേറ്റ സമയങ്ങളില്‍ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും പവിഴപ്പുറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് നിര്‍മാണം. കാറ്റിന്റെ വേഗം, ദിശമാറ്റം, കൊടുംചൂട്, ഈര്‍പ്പത്തിന്റെ വ്യതിയാനം തുടങ്ങി കാലാവസ്ഥാ പരിസ്ഥിതി വെല്ലുവിളികള്‍ അതിജീവിച്ചാണ് റെക്കോര്‍ഡ് വേഗത്തില്‍ പാലം നിര്‍മിച്ചത്.

 

Latest