Uae
ഇത്തിഹാദ് റെയില്‍ അവിശ്വസനീയവും അതിശയകരവും: ചീഫ് എക്സിക്യൂട്ടീവ്
വലിയ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് മാറ്റുമ്പോള്‍ വാഹനമോടിക്കുന്നവരുടെ യാത്രാ സമയം കുറയ്ക്കുകയും പ്രധാന റോഡിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കുകയും ചെയ്യും.
അബൂദബി | ചരക്ക് കൈമാറ്റത്തിനായി റെയില്‍വേ സേവനം ഉപയോഗിക്കുമ്പോള്‍ നിരത്തില്‍ നിന്നും ലോറികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകുമെന്ന് ഇത്തിഹാദ് റെയില്‍ ചരക്ക് ശൃംഖലയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഗോട്ട്ഫ്രൈഡ് ഐമര്‍ പറഞ്ഞു. വലിയ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് മാറ്റുമ്പോള്‍ വാഹനമോടിക്കുന്നവരുടെ യാത്രാ സമയം കുറയ്ക്കുകയും പ്രധാന റോഡിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കുകയും ചെയ്യും. ലോറികള്‍ കുറയുന്നതോടെ യു എ ഇയുടെ റോഡുകള്‍ സുരക്ഷിതമാകുമെന്നും ഐമര്‍ അഭിപ്രായപ്പെട്ടു.
റെയില്‍ വഴിയുള്ള ചരക്ക് ശൃംഖല സാമൂഹികവും പാരിസ്ഥിതികവുമായ വന്‍ നേട്ടങ്ങള്‍ക്കു പുറമെ സാമ്പത്തിക നേട്ടങ്ങളും കൊണ്ടുവരും. ആളുകള്‍ക്കുള്ള പ്രയോജനം വളരെ നല്ലതും പോസിറ്റീവും ആയിരിക്കും. 300 ലോറികള്‍ക്ക് പകരം നിങ്ങള്‍ക്ക് ഒരു ട്രെയിന്‍ ഉപയോഗിക്കാമെന്നും ജര്‍മനിയിലെ ചരക്ക് റെയില്‍ മേഖലയില്‍ പരിചയസമ്പന്നനായ ഗോട്ട്ഫ്രൈഡ് ഐമര്‍, പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ പറഞ്ഞു. ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയില്‍ താന്‍ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത്, ചരക്ക് ഗതാഗതം യു എ ഇയെ എങ്ങനെ മാറ്റിമറിക്കും, പദ്ധതിയുടെ അളവും അഭിലാഷവും തുടങ്ങിയ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഇത്തിഹാദ് റെയിലിന്റെ ആദ്യ ചരക്ക് ഗതാഗതം 2016 ല്‍ അബൂദബിയില്‍ തുറന്നു. ഗ്യാസ്ഫീല്‍ഡുകളില്‍ നിന്ന് റുവൈസ് തുറമുഖത്തേക്ക് സള്‍ഫര്‍ കൊണ്ടുപോവുകയാണ്. 2023 ഫെബ്രുവരിയില്‍ യു എ ഇ വ്യാപകമായുള്ള ചരക്ക് സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചു. ട്രെയിനുകള്‍ ഇപ്പോള്‍ രാജ്യത്തുടനീളം സര്‍വീസ് നടത്തുന്നുണ്ട്. എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കാന്‍ സിസ്റ്റം പരീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇത്തിഹാദ് റെയില്‍. ഷിപ്പിങ് കണ്ടെയ്നര്‍ യൂണിറ്റുകള്‍ മുതല്‍ പെട്രോകെമിക്കല്‍സ് വരെ, വടക്കന്‍ എമിറേറ്റിലെ ക്വാറികളില്‍ നിന്നുള്ള നിര്‍മാണ സാമഗ്രികള്‍ വരെ ട്രെയിനുകള്‍ കൊണ്ടുപോകുന്നുണ്ടെന്നും എയ്മര്‍ അറിയിച്ചു. ഈ വര്‍ഷം യു എ ഇയിലുടനീളം ഏകദേശം 20 ദശലക്ഷം ടണ്‍ ചരക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030-ഓടെ 60 ദശലക്ഷം ടണ്‍ ചരക്ക് കൈമാറ്റമാണ് ഇത്തിഹാദ് ലക്ഷ്യമിടുന്നത്. ഏഴ് എമിറേറ്റുകളെയും നാല് പ്രധാന തുറമുഖങ്ങളെയും രാജ്യത്തെ മറ്റ് പ്രധാന ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. ശൃംഖലയില്‍ 38 ലോക്കോമോട്ടീവുകളും ആയിരത്തിലധികം വാഗണുകളും ഉള്‍പ്പെടുന്നു. വന്‍കിട നിര്‍മാണ പദ്ധതികള്‍ നടക്കുന്ന അബൂദബിയിലേക്ക് വടക്കന്‍ എമിറേറ്റ്സിലെ ക്വാറികളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ എളുപ്പത്തില്‍ കൊണ്ടുപോകുന്നതാണ് യു എ ഇയെ സംബന്ധിച്ചിടത്തോളം പ്രധാനം. രാജ്യത്തെ നാല് പ്രധാന ഹബ്ബുകളായ ഫുജൈറ, റുവൈസ്, ശൈഖ് ഖലീഫ തുറമുഖം, ജബല്‍ അലി എന്നിവയെ ഇത്തിഹാദ് റെയില്‍ ബന്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറമുഖങ്ങളിലൂടെ കയറ്റിയയക്കുന്ന കണ്ടെയ്നര്‍ യൂണിറ്റുകള്‍ രാജ്യത്തെ മറ്റ് ഗതാഗത കേന്ദ്രങ്ങളിലേക്ക് റെയില്‍ മാര്‍ഗം എളുപ്പത്തില്‍ കൊണ്ടുപോകാനും തുടര്‍ന്ന് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ലോറികളില്‍ കയറ്റാനും കഴിയും. ഓരോ ട്രെയിനും 300 ലോറികള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുന്നതിനൊപ്പം, 2050 ഓടെ നെറ്റ്-സീറോ എമിഷന്‍ രാജ്യത്ത് ഈ ശൃംഖല വര്‍ധിപ്പിക്കുമെന്ന് വിഭാവനം ചെയ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
റോഡ് ഗതാഗത മേഖലയില്‍ നിന്ന് പ്രതിവര്‍ഷം 8.2 ദശലക്ഷം ടണ്‍ ഇ02 ഉദ്വമനം നീക്കം ചെയ്യാന്‍ ഇത്തിഹാദ് റെയില്‍ ലക്ഷ്യമിടുന്നു, ഇത് 2050 വരെ പ്രതിവര്‍ഷം 21 ശതമാനമായി കുറയ്ക്കും. ഇത് അവിശ്വസനീയവും അതിശയകരവുമാണെന്ന് ഗോട്ട്ഫ്രൈഡ് ഐമര്‍ പറഞ്ഞു. ഞാന്‍ യൂറോപ്പില്‍ ഒരുപാട് വര്‍ഷങ്ങള്‍ ചെലവഴിച്ചു, ഇത്തിഹാദ് ഇത് എത്ര വേഗത്തില്‍ ചെയ്തുവെന്ന് കാണാന്‍. അത്യാധുനികമായ നെറ്റ്വര്‍ക്ക്, സുരക്ഷാ സംവിധാനങ്ങള്‍…ഇത്തിഹാദ് അതിശയകരമാണ്. ഇവര്‍ എത്ര നന്നായി പൂര്‍ത്തിയാക്കി എന്നതില്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെടുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ് എന്നിവയിലെ നിക്ഷേപം, വ്യവസായം, വ്യാപാരം, ചില്ലറ വ്യാപാരം എന്നിവയിലെ വളര്‍ച്ചക്ക് കാരണമാകുമെന്ന് എയ്മര്‍ പറഞ്ഞു. പ്രധാന തുറമുഖങ്ങളുമായി ഇത്തിഹാദിന് നല്ല ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ധാരാളം കമ്പനികള്‍ ഇവിടെ വരുമെന്നും ഐമര്‍ കൂട്ടിച്ചേര്‍ത്തു.