Uae
ഇത്തിഹാദ്-സാറ്റ്; വീണ്ടും ചരിത്രം കുറിച്ച് ഇമാറാത്ത്: ആദ്യ സിഗ്‌നൽ സ്വീകരിച്ചു
ഈ വർഷത്തിലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ വിക്ഷേപിക്കുന്ന രാജ്യത്തിന്റെ രണ്ടാമത്തെ ഉപഗ്രഹമാണ് ഇത്തിഹാദ്-സാറ്റ്.

ദുബൈ | ബഹിരാകാശത്ത് വീണ്ടും ചരിത്രം തീർത്ത് ഇമാറാത്ത്. യു എസിലെ കാലിഫോർണിയ വാൻഡൻബർഗ് വ്യോമസേനാ താവളത്തിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ഇന്നലെ കാലത്ത് 10.43ന് ഇത്തിഹാദ് സാറ്റ് റഡാർ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിജയകരമായി കുതിച്ചുയരുമ്പോൾ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയിലെ മുൻനിര രാജ്യങ്ങൾക്കിടയിൽ യു എ ഇ തങ്ങളുടെ സ്ഥാനം ഒന്നുകൂടി ഉയർത്തുകയായിരുന്നു.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ മേൽനോട്ടത്തിലാണ് ഈ നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്. ഈ വർഷത്തിലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ വിക്ഷേപിക്കുന്ന രാജ്യത്തിന്റെ രണ്ടാമത്തെ ഉപഗ്രഹമാണ് ഇത്തിഹാദ്-സാറ്റ്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരും ലോകത്തെല്ലായിടത്തുമുള്ള ബഹിരാകാശ പ്രേമികളും ആകാംക്ഷയോടെ കാത്തിരുന്ന നിമിഷമായിരുന്നു അത്.
വിക്ഷേപണത്തിന് തൊട്ടുപിന്നാലെ, ആദ്യ ഘട്ട ബൂസ്റ്ററിന്റെ വിജയകരമായ തിരിച്ചുവരവ് ടീം സ്ഥിരീകരിച്ചു. ഉപഗ്രഹത്തിൽ നിന്ന് ആദ്യ സിഗ്‌നൽ ഉച്ചക്ക് 12.04ന് ലഭിച്ചു.220 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നീല ഗ്രഹത്തിന് മുകളിൽ 500 കിലോമീറ്റർ ഉയരത്തിൽ, “താഴ്ന്ന ഭൂമി ഭ്രമണപഥത്തിൽ’ പ്രവർത്തിക്കുകയും ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ അയക്കുകയും ചെയ്യും.
കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഈ ഡാറ്റ പ്രോസസ്സ് ചെയ്യും. ഏത് കാലാവസ്ഥയിലും പകലും രാത്രിയും ഗ്രഹത്തെ നിരീക്ഷിക്കാൻ കഴിവുള്ള സാങ്കേതികവിദ്യ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആഗോള ബഹിരാകാശ സമൂഹവുമായി തന്ത്രപരമായ പങ്കാളിത്തം നിലനിർത്തിക്കൊണ്ട് അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള യു എ ഇയുടെ കഴിവിനെ ഈ നേട്ടം എടുത്തുകാണിക്കുന്നുവെന്ന് എം ബി ആർ എസ് സി ഡയറക്ടർ ജനറൽ സാലം ഹുമൈദ് അൽ മർറി പറഞ്ഞു.
ആത്യന്തികമായി ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അഭിലാഷകരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് രാജ്യം സ്ഥിരമായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് തലാൽ ഹുമൈദ് ബെൽഹോൾ അൽ ഫലാസിയും അഭിപ്രായപ്പെട്ടു.സമുദ്രങ്ങളിൽ സഞ്ചരിക്കാൻ നാവികരെ സഹായിക്കാനും കാർഷിക മേഖലയെ പിന്തുണക്കാനും ലോകത്തെ സുരക്ഷിതമാക്കാനും ബഹിരാകാശത്തെ ഈ ഉപകരണം സഹായിക്കും.