Uae
ഇത്തിഹാദ്-സാറ്റ് വിക്ഷേപിച്ചു
കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത്തിഹാദ്-സാറ്റ് വികസിപ്പിച്ചെടുത്തത്.

ദുബൈ| മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ (എം ബി ആർ എസ് സി) യുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ് എ ആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റ് ഇന്ന് വിക്ഷേപിച്ചു. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് യു എ ഇ സമയം 10.39 നാണ് വിക്ഷേപണം. കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത്തിഹാദ്-സാറ്റ് വികസിപ്പിച്ചെടുത്തത്. ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് വികസനം. എം ബി ആർ എസ് സി ടീമിന്റെ പങ്കാളിത്തത്തോടെയാണ് രൂപകൽപ്പന പൂർത്തിയാക്കിയത്. സാട്രെക് ഇനിഷ്യേറ്റീവുമായി സഹകരിച്ച് രൂപകൽപ്പനയും നിർമാണവും അന്തിമമാക്കുന്നതിൽ ഇവർ നേതൃത്വം നൽകി.
പകലും രാത്രിയും ഉയർന്ന കൃത്യതയുള്ള ഭൂമി നിരീക്ഷണം സാധ്യമാക്കുന്ന നൂതന എസ് എ ആർ സാങ്കേതികവിദ്യയാണ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ കാലാവസ്ഥയിലും പാരിസ്ഥിതിക സാഹചര്യങ്ങളിലും ഇത് പ്രവർത്തിക്കും. മൂന്ന് ഇമേജിംഗ് മോഡുകൾ ഇതിനുണ്ട്. ചെറിയ പ്രദേശങ്ങൾക്കും വലിയ പ്രദേശങ്ങൾക്കും ദൈർഘ്യമേറിയ പ്രദേശങ്ങൾക്കും വിപുലീകൃത നിരീക്ഷണം ഈ മോഡുകളിലൂടെ ആവും.
എണ്ണ ചോർച്ച കണ്ടെത്തുക, പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യുക, സമുദ്ര നാവിഗേഷൻ മെച്ചപ്പെടുത്തുക, സ്മാർട്ട് കൃഷിയെ പിന്തുണക്കുക, പരിസ്ഥിതി നിരീക്ഷണം നടത്തുക തുടങ്ങിയവ ഇത്തിഹാദ്-സാറ്റിന്റെ ദൗത്യത്തിൽ പെടും. ഉപഗ്രഹം നൽകുന്ന ഡാറ്റ എ ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യും. വിക്ഷേപണത്തിന് ശേഷം, ഉപഗ്രഹം പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എം ബി ആർ എസ് സി യുടെ മിഷൻ കൺട്രോൾ സെന്ററായിരിക്കും.
---- facebook comment plugin here -----