Connect with us

International

സൂര്യനെ അടുത്തറിയാൻ യൂറോപ്യൻ പേടകമായ 'പ്രോബ 3' കുതിച്ചു; ഐ എസ് ആർ ഒയുടെ കരുത്തിൽ

സൂര്യൻ്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

Published

|

Last Updated

ശ്രീഹരിക്കോട്ട | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇഎസ്എ) ‘പ്രോബ-3’ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 59 കുതിച്ചുയര്‍ന്നത്‌. പ്രോബ-3യിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നല വിക്ഷേപിക്കാനിരുന്ന ദൗത്യം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഐ എസ് ആർ ഒ യുടെ വാണിജ്യ വിക്ഷേപണ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡാണ് ദൗത്യം ഏറ്റെടുത്തത്.

കൊറോണഗ്രാഫ് (310 കി.ഗ്രാം), ഒക്യുൾട്ടർ (240 കി.ഗ്രാം) എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് പ്രോബ-3 വഹിക്കുന്നത്. സൂര്യൻ്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 1680 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവത്. രണ്ട് വർഷമാണ് ഇതിന്റെ കാലാവധി. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.

2001-ന് ശേഷം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയ്ക്ക് വേണ്ടി നടത്തുന്ന ആദ്യവിക്ഷേപണമാണിത്. ഐ.എസ്.ആര്‍.ഒ. 2001-ല്‍ വിക്ഷേപിച്ച പ്രോബ-1, 2009-ല്‍ വിക്ഷേപിച്ച പ്രോബ-2 എന്നിവയുടെ തുടർച്ചയാണ് പ്രോബ-3 ദൗത്യം.

Latest