Connect with us

Business

മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാള്‍ കോഴിക്കോട് തുറന്നു

ലുലു മാള്‍ വടക്കന്‍ കേരളത്തിന്റെ വാണിജ്യവികസനത്തിന് കൈത്താങ്ങാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Published

|

Last Updated

കോഴിക്കോട്  |  ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാള്‍ മാങ്കാവില്‍ തുറന്നു. ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാള്‍ തുറന്നിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാള്‍ ഒരുങ്ങിയിരിക്കുന്നത്.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങില്‍ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ ഭാഗമായി.

മലബാറിന്റെ വാണിജ്യവികസന മുന്നേറ്റത്തിന് എം.എ യൂസഫലി നല്‍കുന്ന പിന്തുണയുടെ നേര്‍സാക്ഷ്യമാണ് പുതിയ മാള്‍ എന്നും പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് കൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മികച്ച ടൂറിസ്റ്റ് ഡെസിറ്റിനേഷന്‍ സാധ്യത കൂടിയാണ് ലുലു തുറന്നിരിക്കുന്നത്. ലുലുവിന് സമീപമുള്ള റോഡുകള്‍ ഉള്‍പ്പടെ നഗരത്തിലെ പന്ത്രണ്ട് റോഡുകള്‍ക്ക് സിറ്റി ഇമ്പ്രൂവ്‌മെന്റ് പദ്ധതിയിലൂടെ 1300 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി കൂട്ടിചേര്‍ത്തു. കോഴിക്കോടിന്റെ വികസനപ്രവര്‍ത്തിന് കരുത്തേകുന്ന എം.എ യൂസഫലിയുടെ പ്രൊജക്ടുകള്‍ക്ക് സര്‍ക്കാര്‍ എല്ലാപിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. മികച്ച നഗരാസൂത്രണമുള്ള സിറ്റിയായി കോഴിക്കോടിനെ മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണ്, നഗരത്തിന്റെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ മാള്‍ എന്ന് എം.എ യൂസഫലി പറഞ്ഞു. മികച്ച നിലവാരത്തിലുള്ള ഹോട്ടല്‍ കോഴിക്കോട് യാഥാര്‍ത്ഥ്യമാക്കുമെന്ന് അദേഹം കൂട്ടിചേര്‍ത്തു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയില്‍ വലിയ പദ്ധതികള്‍ നടപ്പാക്കുമെന്നും മലബാറിന്റെ വികസനത്തിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും യൂസഫലി ചൂണ്ടികാട്ടി.

കൂടുതല്‍ ഐടി കമ്പനികള്‍ ഉള്‍പ്പടെ കോഴിക്കോട് എത്തുന്നതിന് ലുലുവിന്റെ ഇത്തരം പ്രൊജക്ടുകള്‍ വലിയ സഹായമാകുമെന്നും പുതിയതലമുറയുടെ ആവശ്യക്ത കൂടിയാണ് ലുലു മാള്‍ നിറവേറ്റുന്നതെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഹാപ്പിനെസ് ഇന്‍ഡെക്‌സ് സൂചിക ഉയര്‍ത്താനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ ലുലു മാള്‍ എന്നും ബീന ഫിലിപ്പ് കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെ വിവിധടിയങ്ങളില്‍ ലുലു കൈവരിച്ച വിജയം കോഴിക്കോടിനും പ്രതീക്ഷപകരുന്നതാണെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരത്തും കൊച്ചിയിലേതും പോലെ കോഴിക്കോടിന്റെ വാണിജ്യവികസനം വേഗത്തിലാക്കാന്‍ ലുലുവിന്റെ പ്രൊജ്ക്ടുകള്‍ക്ക് കഴിയുമെന്നും അദേഹം പറഞ്ഞു.

എം.കെ രാഘവന്‍ എംപിക്ക് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ കെ ജയന്ത് ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. എംപിയുടെ ആശംസ സന്ദേശം കെ ജയന്ത് വേദിയില്‍ വായിച്ചു.

800 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് കോഴിക്കോട് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. രണ്ടായിരം പേര്‍ക്കാണ് പുതിയ തൊഴിലവസരം ലഭിക്കുന്നത്. മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് ലുലു സമ്മാനിക്കുക. അഞ്ച് സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകള്‍ അടക്കം സജ്ജീകരിച്ച് ഏറ്റവും സുഗമമായ ഷോപ്പിങ്ങാണ് ലുലു കോഴിക്കോടില്‍ ഉറപ്പാക്കിയിരിക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാണ്. ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ്. മുന്‍നിര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മുതല്‍ മലബാറിലെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള പഴം പച്ചക്കറി പാല്‍ ഉത്പന്നങ്ങള്‍ വരെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകും. ലോകത്തെ വിവിധകോണുകളില്‍ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങള്‍ മിതമായ നിരക്കിലാണ് ഉറപ്പാക്കുന്നത്. പലവഞ്ജനങ്ങള്‍, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് – ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിട്ടുപകരണങ്ങളുടെയും ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകര്‍ഷകമായ ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍സ്റ്റോറും പുതുമയാര്‍ന്ന ഷോപ്പിങ്ങ് സമ്മാനിക്കും. ഇതിന് പുറമെ, ഗെംയിമിങ്ങ് സെക്ഷനായ ലുലു ഫണ്‍ടൂറ കുട്ടികളുടെ പ്രിയപ്പെട്ട ഇടമാകും. പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘ഫണ്‍ടൂറ’ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ് സോണാണ്.

വിപുലമായ ഫുഡ് കോര്‍ട്ടാണ് മറ്റൊരു പ്രത്യേകത. 500 ല്‍ അധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോര്‍ട്ട്. കെഎഫ്‌സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്‌സ് തുടങ്ങി പതിനാറിലേറെ ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടിസോട്ട്, സ്‌കെച്ചേര്‍സ്,സ്വാ ഡയമണ്ട്‌സ്, സീലിയോ, ലെവിസ്, യുഎസ് പോളോ, എല്‍പി, അലന്‍ സോളി, പോഷെ സലൂണ്‍, ലെന്‍സ് ആന്‍ഡ് ഫ്രെയിംസ് ഉള്‍പ്പടെ അമ്പതോളം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്റ്റോറുകളുമുണ്ട്. 1800 വാഹനങ്ങള്‍ സുഗമമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഉപഭോക്താകള്‍ക്ക് മാളില്‍ പ്രവേശിക്കാനാകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി ആന്‍ഡ് സിഇഒ അദീബ് അഹമ്മദ്, ഐടി സംരംഭകന്‍ ഷരൂണ്‍ ഷംസുദ്ധീന്‍ ; ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്‌സ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ ഭാഗമായി.

കോട്ടയം, തിരൂര്‍, പെരിന്തല്‍മണ്ണ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ലുലു ഗ്രൂപ്പ് ഇന്ത്യയുടെ കൂടുതല്‍ പ്രൊജക്ടുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കൂടാതെ ചെന്നൈ, അഹമ്മദാബാദ്, ഗുരുഗ്രാം തുടങ്ങിയ മെട്രോ നഗരങ്ങളിലും വലിയ പദ്ധതികളാണ് ലുലു യാഥാര്‍ത്ഥ്യമാക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ബെംഗ്ലൂരു, ഹൈദരാബാദ്, ലഖ്‌നൗ എന്നിവടങ്ങള്‍ക്ക് പുറമേയാണ് കോഴിക്കോടും ലുലു ഷോപ്പിങ് വാതില്‍ തുറന്നിരിക്കുന്നത്. തമിഴ്‌നാട്, ഗുജറാത്ത്, ജമ്മു കശ്മീര്‍ അടക്കം രാജ്യത്തെ വിവിധയിടങ്ങളിലായി മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ വിപുലമായ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ഇന്ത്യ നടപ്പാക്കുന്നത്.

 

Latest