Oddnews
ഹവ്വയും ഖദീജയും ഇനി രണ്ട് ശരീരമായി ജീവിക്കും; സയാമീസ് ഇരട്ടകളെ സഊദിയില്‍ വിജയകരമായി വേര്‍പെടുത്തി
ശസ്ത്രക്രിയ നടന്നത് കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍. ഹവ്വയും ഖദീജയും സുഖം പ്രാപിക്കും വരെ ആശുപത്രിയില്‍ തന്നെ തുടരും.

ദമാം | സഊദി കിരീടാവകാശിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് റിയാദിലെത്തിച്ച ബുര്‍ക്കിന ഫസോയിലെ സയാമീസ് ഇരട്ടകളായ ഹവ്വ, ഖദീജ എന്നീ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി.
‘കണ്‍ജോയിന്റ് ട്വിന്‍സ് പ്ലാറ്റ്ഫോം ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം, ഞങ്ങള്‍ 62-ാമത്തെ നേട്ടം ആഘോഷിക്കുന്നു.’-റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലും സയാമീസ് ഇരട്ടകളെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഊദി മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍-റബീഹ പറഞ്ഞു.
ഒറ്റ ശരീരമായി പിറന്ന ഹവ്വയും ഖദീജയും ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫസോയില്‍ നിന്നും 2024 കഴിഞ്ഞ ജൂലൈ ആദ്യവാരത്തിലായിരുന്നു വേര്‍പിരിയല്‍ ശസ്ത്രക്രിയക്കായി പ്രത്യേക വിമാനത്തില്‍ സഊദിയിലെത്തിയത്. തുടര്‍ ചികിത്സക്കായി കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ശേഷം, പ്രത്യേക മെഡിക്കല്‍ സംഘം വിദഗ്ധ പരിശോധനകള്‍ നടത്തുകയും ഇരട്ട കുട്ടികളുടെ നെഞ്ചിന്റെ അടിഭാഗവും വയറും ഒട്ടിപ്പിടിച്ചിരിക്കുകയാണെന്നും കരള്‍, കുടല്‍ എന്നിവ പരസ്പരം കൂടിച്ചേര്‍ന്ന നിലയിലാണെന്നും കണ്ടെത്തിയിരുന്നു.
റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 17 മാസം പ്രായമുള്ള ഇരട്ടകളായ ഹവയുടെയും ഖദീജയുടെയും വേര്‍പിരിയല്‍ ശസ്ത്രക്രിയ ഇന്ന് (വെള്ളി) രാവിലെയാണ് ആരംഭിച്ചത്. കുടലുകളുടെയും പെരികാര്‍ഡിയത്തിന്റെയും കൂടിച്ചേരലിന്റെ വ്യാപ്തിയാണ് മെഡിക്കല്‍ സംഘം നേരിട്ട വെല്ലുവിളി.
സഊദി കണ്‍ജോയിന്റ് ട്വിന്‍സ് സെപ്പറേഷന്‍ പ്രോഗ്രാമിന്റെ 62-ാമത് ശസ്ത്രക്രിയയാണ് നടന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ 27 സഹോദര സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള 146 സയാമീസ് ഇരട്ടകളെ പരിചരിക്കാന്‍ കഴിഞ്ഞതായും സര്‍വ്വശക്തനായ അല്ലാഹുവിന്റെ കൃപയും സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും തുടര്‍ച്ചയായ പിന്തുണയും മാര്‍ഗനിര്‍ദേശവുമാന് ഈ വിജയത്തിനു പിന്നിലെന്നും ഡോ. തൗഫീഖ് അല്‍-റബിയ പറഞ്ഞു.
എട്ട് മണിക്കൂറെടുത്താണ് അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മറ്റ് സപ്പോര്‍ട്ടിംഗ് സ്‌പെഷ്യാലിറ്റികള്‍ എന്നിവയില്‍ നിന്നുള്ള 26 കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സിംഗ്, സാങ്കേതിക ജീവനക്കാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഹവ്വയും ഖദീജയും സുഖം പ്രാപിക്കും വരെ ആശുപത്രിയില്‍ തന്നെ തുടരും.