Kerala
വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈക്ക് കടിക്കില്ല; അന്‍വറിന്റേത് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചന: എ കെ ബാലന്‍
അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ സത്യം പുറത്തുവരുന്നതില്‍ അന്‍വറിന് തന്നെ പ്രശ്‌നമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്
തിരുവനന്തപുരം | പി വി അന്‍വര്‍ എംഎല്‍എ ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെ അദ്ദേഹം പറഞ്ഞതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ഞങ്ങള്‍ക്ക് അതില്‍ അത്ഭുതമില്ലെന്നും കാര്യങ്ങള്‍ ഇതിലേക്കെത്തിക്കുമെന്ന വ്യക്തത പാര്‍ട്ടിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയാണ് അന്‍വര്‍ നടത്തിയത്. ഇത് നേരത്തെ തുടങ്ങിയതാണ്. അന്‍വര്‍ പറഞ്ഞത് സത്യമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. പ്രതിപക്ഷ നേതാവ് കര്‍ണാടകയില്‍ നിന്നും 150 കോടി കേരളത്തിലേക്ക് കടത്തിയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതുകൂടി കൂട്ടിവായിച്ചാല്‍ അതിന്റെ അര്‍ഥം വ്യക്തമാകും. കെപിസിസി പ്രസിഡന്റിന് പ്രതിപക്ഷ നേതാവിനെതിരെ കിട്ടിയ ആയുധം കൃത്യമായി ഉപയോഗിച്ചു എന്ന് വ്യക്തമായി. അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണത്തെക്കുറിച്ചും പറയണം.
അന്‍വറിന്റെ ആരോപണങ്ങളില്‍ പാട്ടിക്ക് പരിഭ്രാന്തിയില്ല. ഒരു ചുക്കും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ സത്യം പുറത്തുവരുന്നതില്‍ അന്‍വറിന് തന്നെ പ്രശ്‌നമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. വിഷപ്പാമ്പു പോലും പാലു കൊടുത്ത കൈക്ക് കടിക്കില്ല. അതിനപ്പുറമാണ് അന്‍വര്‍ ചെയ്തതെന്നും എ കെ ബാലന്‍ പറഞ്ഞു