Connect with us

editorial

മൃഗങ്ങളുടെ വില പോലുമില്ല ദളിതർക്ക്

രാജ്യത്തെങ്ങും കടുത്ത പീഡനവും വിവേചനവുമാണ് ദളിത് സമൂഹം അനുഭവിക്കുന്നത്. ഭരണഘടനാപരമായ പരിരക്ഷയുണ്ടായിട്ടും അത് നടപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയമാണ്. ഉത്തരേന്ത്യയിൽ ബി ജെ പി ഭരണത്തിലുള്ള ഉത്തർ പ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ദളിതുകൾ കൂടുതൽ ദുരിതവും പീഡനവും നേരിടുന്നത്.

Published

|

Last Updated

അട്ടപ്പാടി മധുവിനെ മറക്കാറായിട്ടില്ല. മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘമാളുകൾ ക്രൂരമായി അടിച്ചുകൊന്ന മധു ഇന്നും നീറുന്ന ഓർമയായി അവശേഷിക്കുന്നു. സമാന സംഭവം ചണ്ഡീഗഢിലുമുണ്ടായി നാല് ദിവസം മുമ്പ്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ദളിതനായ പഞ്ച്‌റാം സാർത്തിയെ ആൾക്കൂട്ടം അരിമോഷണം ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നത്. രാത്രി എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോൾ പഞ്ച്‌റാം സാർത്തി വീട്ടിലേക്ക് നുഴഞ്ഞുകയറി ഒരു ചാക്ക് അരി മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടെന്നും തുടർന്ന് രണ്ട് അയൽവാസികളെ വിളിച്ചുവരുത്തി മോഷ്ടാവിനെ “ശിക്ഷിച്ചെ’ന്നുമാണ് മുഖ്യപ്രതിയായ വിരേന്ദ് സിദാറിന്റെ വിശദീകരണം.

അരിമോഷണം തന്നെയാണോ ആൾക്കൂട്ട മർദനത്തിന് കാരണം? ഇതിനു പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷണത്തിലാണ്. മോഷണ ആരോപണം ശരിയാണെങ്കിൽ തന്നെ പ്രതിയെ പോലീസിലേൽപ്പിക്കുകയല്ലാതെ ശിക്ഷ നടപ്പാക്കാൻ പൗരന്മാർക്ക് അവകാശമുണ്ടോ എന്ന ചോദ്യവും അവശേഷിക്കുന്നു. യഥാർഥത്തിൽ ദളിത് വിഭാഗത്തോടുള്ള സമൂഹത്തിന്റെ മോശം കാഴ്ചപ്പാടാണ് പഞ്ച്‌റാം സാർത്തിയും അട്ടപ്പാടി മധുവുമെല്ലാം വെളിപ്പെടുത്തുന്നത്. പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗത്തോട് എന്തുമാകാമെന്നൊരു കാഴ്ചപ്പാട് സമൂഹത്തിൽ വിശിഷ്യാ സവർണ വിഭാഗത്തിൽ നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് വടക്കൻ രാജസ്ഥാനിലെ ചുരു ജില്ലയിൽ മോഷണക്കുറ്റം ചുമത്തി കർഷകനായ കനയ്യലാൽ മേഘ്‌വാൾ എന്ന ദളിത് യുവാവിനെ ക്രൂരമായി മർദിച്ച് കൊന്നത്. ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അരഡസനിലധികം പേർ ചേർന്നു “നീതി’ നടപ്പാക്കിയത്. ബെംഗളൂരുവിന് സമീപം തുമക്കുരുവിൽ പമ്പ് സെറ്റ് മോഷ്ടിച്ചെന്നാരോപിച്ചി രണ്ട് ദളിത് യുവാക്കളെ അടിച്ചുകൊന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഗിരീഷിനെയും ഗിരീഷ് മുതലഗിരിയപ്പെയെയും രാത്രി വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടു പോകുകയും ഓടിരക്ഷപ്പെടാതിരിക്കാൻ തീകത്തിച്ചു കാലുകൾ പൊള്ളിച്ച ശേഷം തല്ലിക്കൊന്ന് മൃതദേഹങ്ങൾ സമീപത്തെ ജലാശയത്തിൽ വലിച്ചെറിയുകയുമായിരുന്നു. രണ്ട് വർഷം മുമ്പാണ് സംഭവം.

ഒക്ടോബർ 12ന് രാജ്യം ദസറ ആഘോഷത്തിൽ മുഴുകിയിരിക്കെയാണ് മധ്യപ്രദേശിലെ ഖാണ്ഡവയിൽ പീഡനത്തിനെതിരെ പരാതി നൽകിയതിന് 19കാരിയായ ദളിത് യുവതിയെ ജീവനോടെ ചുട്ടുകൊന്നത്. ഫാമിലെ ജീവനക്കാരിയായ യുവതിയെ ഉന്നതജാതിക്കാരനായ ഒരാൾ ലൈംഗികമായി പീഡിപ്പിക്കാൻ തുനിഞ്ഞതിനെതിരെ പോലീസിൽ പരാതി നൽകിയതിനാണ് പെട്രോൾ ഒഴിച്ച് കത്തിച്ച് ചാരമാക്കിയത്. ബിഹാറിലെ നവാഡയിൽ മുസാഫർ പോലീസ് സ്റ്റേഷൻ പരിധിയിൽ 25ഓളം വീടുകൾക്ക് തീവെച്ചത് സെപ്തംബർ അവസാനത്തിലാണ്. അക്രമികൾ ദളിതുകൾ താമസിക്കുന്ന പ്രദേശത്തേക്ക് ഇരച്ചുകയറി വീടുകളിലുള്ളവരെ മർദിക്കുകയും വീടുകൾക്ക് തീവെക്കുകയുമായിരുന്നു. ഭൂമിതർക്കമാണ് കാരണമെന്ന് പറയപ്പെടുന്നു.

രാജ്യത്തെങ്ങും കടുത്ത പീഡനവും വിവേചനവുമാണ് ദളിത് സമൂഹം അനുഭവിക്കുന്നത്. ഭരണഘടനാപരമായ പരിരക്ഷയുണ്ടായിട്ടും അത് നടപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയമാണ്. ഉത്തരേന്ത്യയിൽ ബി ജെ പി ഭരണത്തിലുള്ള ഉത്തർ പ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ദളിതുകൾ കൂടുതൽ ദുരിതവും പീഡനവും നേരിടുന്നത്. ഭരണകൂടങ്ങളുടെ നിർലോഭ പിന്തുണയുണ്ട് അക്രമികൾക്ക്. ദളിതർക്കും സവർണർക്കും രണ്ട് നീതിയാണ് രാജ്യത്ത്. സവർണൻ എന്തെങ്കിലും കുറ്റകൃത്യം ചെയ്താൽ ഭരണകൂടവും പോലീസും കേസ് അട്ടിമറിക്കുകയോ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യും. കേസ് ചാർജ് ചെയ്യപ്പെട്ടാൽ തന്നെ അത് നിയമവിധേമായി കോടതി മുഖേനയാണ് നടപടികൾ മുന്നേറുക. അതേസമയം, ദളിതർ കുറ്റം ചെയ്താൽ പ്രദേശത്തെ സവർണർ തന്നെ സദാചാര പോലീസായി രംഗത്തുവന്ന് “നീതി’നടപ്പാക്കും. കുറ്റകൃത്യം തെളിയണമെന്നില്ല സംശയിച്ചാൽ മതി ശിക്ഷ വിധിക്കാൻ. തല്ലിക്കൊല്ലുക, തീയിട്ടു കൊല്ലുക തുടങ്ങിയ ക്രൂരതകളാണ് നടപ്പാക്കുക.

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022ൽ പട്ടികജാതി- വർഗ വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 57,582 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2021നെ അപേക്ഷിച്ച് 13.1 ശതമാനം വർധന. ദളിതരെ മനുഷ്യരായി കണക്കാക്കാത്ത പ്രത്യയശാസ്ത്രമാണ് ബി ജെ പിയുടേതും ആർ എസ് എസിന്റേതും. മൃഗത്തിന്റെ വിലപോലും കൽപ്പിക്കുന്നില്ല ദളിത് സമൂഹത്തിന്. മധ്യപ്രദേശ് സർക്കാർ ഈ വർഷം ജൂലൈയിൽ എസ് സി/എസ് ടി ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ട് വകമാറ്റി പശുസംരക്ഷണത്തിനായി വിനിയോഗിച്ച സംഭവം ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ദളിത് വിഭാഗത്തോടുള്ള സമീപനം വ്യക്തമാക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തതനുസരിച്ച് പശുക്ഷേമത്തിന് അനുവദിച്ച 225 കോടി രൂപയിൽ 95.76 കോടി രൂപ എസ് സി/എസ് ടി പദ്ധതികൾക്കുള്ള തുകയിൽ
നിന്നാണെടുത്തത്.

ദളിതർക്കെതിരായ അതിക്രമം തടയാൻ നിയമങ്ങളുണ്ട് രാജ്യത്ത്. ഏട്ടിലല്ലാതെ അവ പ്രയോഗവത്കരിക്കപ്പെടുന്നില്ല. പട്ടിക ജാതി- വർഗ (അതിക്രമം തടയൽ) നിയമം 1989 അനുസരിച്ച് ദളിത് അതിക്രമ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കുന്നുണ്ട്. എന്നാൽ 198 ഇടങ്ങളിൽ മാത്രമാണ് ഇവ സ്ഥാപിതമായത്. സ്ഥാപിതമായ കോടതികളിൽ തന്നെ കേസുകൾ നീങ്ങുന്നത് ഒച്ചിന്റെ വേഗത്തിലും. നിയമം ഫലവത്തായി നടപ്പാക്കുന്നിനൊപ്പം ദളിതരും തങ്ങളെ പോലെ മനുഷ്യരാണെന്ന ബോധം ഇതര വിഭാഗങ്ങളിലുണ്ടായെങ്കിൽ മാത്രമേ അവർക്ക് സുരക്ഷിത ജീവിതം ഉറപ്പാക്കാനാകൂ. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ദളിതർ ദുരിതപൂർണമായ അവസ്ഥ നേരിടുന്നുവെങ്കിൽ സ്വാതന്ത്ര്യത്തിന് എന്തർഥം?

Latest