Connect with us

Kerala

മണലാരണ്യത്തിൽ നിന്ന് ഉപ്പ പറന്നെത്തി; ഹംനയെ ചേര്‍ത്തുപിടിക്കാന്‍

ശനിയാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയ അബ്ദുല്‍ കബീര്‍ നാളെ തിരിച്ചു പോകും

Published

|

Last Updated

തിരുവനന്തപുരം | ജില്ലാ കലോത്സവത്തില്‍ ചേര്‍ത്തുപിടിച്ച ഉപ്പയുടെ അതേ കരങ്ങള്‍ അനന്തപുരിയിലെ സംസ്ഥാന വേദിയിലും ഹംന നസ്‌റീനെ നെഞ്ചോടണച്ചു. പ്രവാസത്തിന്റെ തിരക്കിനിടയിലും അബ്ദുല്‍ കബീര്‍ മണലാരണ്യത്തില്‍ നിന്ന് പറന്നെത്തിയത് മകളുടെ കലാപ്രകടനം ആസ്വദിക്കാന്‍ മാത്രമാണ്. കോരിത്തരിപ്പിക്കുന്ന വാക്കുകളിലൂടെ ഉശിരാര്‍ന്ന ഈണത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബി കഥാപ്രസംഗം ഹംന അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ പേമാരി പെയ്തുതീര്‍ന്ന പ്രതീതി. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ഹംന സംസ്ഥാന കലോത്സവത്തിലലെ തന്റെ ആദ്യ ഊഴത്തില്‍ തന്നെ എ ഗ്രേഡ് നേടിയ ആഹ്ലാദത്തിലാണ്.

 

സയണിസ്റ്റ് അധിനിവേശത്തില്‍ സര്‍വവും നഷ്ടമായ ഫലസ്തീനി ബാലന്റെ അതിജീവനത്തിന്റെ ഉള്ളുലയ്ക്കുന്ന കഥയാണ് ഹംന അവതരിപ്പിച്ചത്. ഉമ്മ ഉമ്മുഹബീബയും സഹോദരങ്ങളായ മുഹമ്മദ് ഹയ്യാനും ആഇശ ഹനിയ്യയും ഹംനയെ കേള്‍ക്കാന്‍ കൂടെ എത്തിയിരുന്നു. നവംബര്‍ അവസാന വാരം നടന്ന പാലക്കാട് ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തിയപ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ കൂടെയുണ്ടാകുമെന്ന് ഹംനക്ക് കൊടുത്ത വാക്കാണ് അവധി കഴിഞ്ഞ് യു എ ഇയിലേക്ക് തിരികെ പോയ ഉപ്പ കബീര്‍ നാല് ദിവസത്തെ അവധിക്ക് ശനിയാഴ്ച പുലര്‍ച്ചെ കരിപ്പൂരില്‍ പറന്നിറങ്ങിയത്.

അബ്ദുല്‍ കബീര്‍ ഉള്‍പ്പെടെ എല്ലാവരും ആദ്യമായാണ് തലസ്ഥാന നഗരിയിലെത്തുന്നത്. അതിനാല്‍ കുടുംബസമേതം തിരുവനന്തപുരത്തിന്റെ നഗരക്കാഴ്ചകള്‍ കണ്ടാകും മടങ്ങുക. ഇന്ന് വൈകുന്നേരമാണ് നാട്ടിലേക്കുള്ള ട്രെയിന്‍. അതിന് മുന്നേ കാണാന്‍ പറ്റുന്നിടങ്ങളിലെല്ലാം പോകുമെന്ന് കബീര്‍ പറയുന്നു.