Connect with us

Ramzan

ഒന്നും കൊടുത്തില്ലെങ്കിലും പിച്ചച്ചട്ടി പൊട്ടിക്കരുത്

കാര്യങ്ങൾ എങ്ങനെയൊക്കെയാണെങ്കിലും വ്യക്തിപരമായ ആവശ്യത്തിനായി സമീപിക്കുന്നവരോടുള്ള പെരുമാറ്റം എങ്ങനെയാകണമെന്ന് ഇസ്്ലാം കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

Published

|

Last Updated

ഭിക്ഷാടനം പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. എന്നാൽ, എങ്ങനെയാണ് ഒരാൾ ആ നിലയിലേക്കെത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. പണത്തിനായി കടകൾക്ക് മുന്നിലേക്ക് കൈ നീട്ടി വരുന്നവരുണ്ട്. പൊതു സ്ഥലങ്ങളിലും മറ്റും യാചിച്ചിരിക്കുന്നവരുണ്ട്. വീട്ടുപടിക്കൽ വന്ന് മുട്ടി വിളിക്കുന്നവരും പള്ളി മുറ്റങ്ങളിൽ സഹായ ഹസ്തങ്ങൾ പ്രതീക്ഷിച്ച് നിൽക്കുന്നവരുമുണ്ട്.
പലരും പല വേഷത്തിലും കോലത്തിലുമാണ്. കാഴ്ചയിൽ അധ്വാനിക്കാൻ ആരോഗ്യമുള്ളവരും ഇല്ലാത്തവരുമുണ്ട്. പണിയെടുക്കാനും സമ്പാദിക്കാനും കഴിയാത്തവിധം തളർന്നവരെയും വൈകല്യമുള്ളവരെയും ഇക്കൂട്ടത്തിൽ കാണാം. കാഴ്ച സൗഭാഗ്യം ലഭിക്കാത്തവരും മാരക രോഗികളും സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് നിൽക്കാറുണ്ട്.

ജീവിത ചെലവിനും ചികിത്സക്കും കുടുംബത്തെ പോറ്റാനുമായി ഗതിയില്ലാതെ ഒരാൾ തെരുവിലേക്കിറങ്ങേണ്ടിവരുന്നത് എത്രമാത്രം വിഷമകരമാണെന്ന് ഓർത്തുനോക്കൂ.
ഓരോ നാട്ടിലും പ്രദേശങ്ങളിലും മഹല്ലിലും ജീവിത മാർഗം ഇരുളടഞ്ഞവരെയും ഗതിമുട്ടി വിഷമിക്കുന്നവരെയും കണ്ടെത്താനും അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനുമുള്ള സംവിധാനം കാണുകയാണെങ്കിൽ യാതൊരു നിർവാഹവുമില്ലാത്തതു കൊണ്ട് മാത്രം ഭിക്ഷാവൃത്തിക്കിറങ്ങുന്ന പാവങ്ങളെ നമുക്ക് ഈ മേഖലയിൽ നിന്ന് തടഞ്ഞുനിർത്താനാകും. സാന്പത്തിക ശേഷിയുള്ളവരും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ പ്രത്യേകം താത്പര്യമെടുത്ത് മുന്നോട്ടുവരുന്നത് നന്നായിരിക്കും.

കാര്യങ്ങൾ എങ്ങനെയൊക്കെയാണെങ്കിലും വ്യക്തിപരമായ ആവശ്യത്തിനായി സമീപിക്കുന്നവരോടുള്ള പെരുമാറ്റം എങ്ങനെയാകണമെന്ന് ഇസ്്ലാം കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ചോദിക്കുന്നവനെ ആട്ടിയോടിക്കരുതെന്നാണ് ഖുർആൻ പറയുന്നത്. ഈ സൂക്തത്തെ വിശദീകരിച്ച സ്ഥലത്ത് കാണാം അവരോട് അഹങ്കാരം നടിക്കാനോ ധിക്കാരം കാണിക്കാനോ പാടില്ല.

മോശമായി പെരുമാറുകയോ കഠിന ഹൃദയരായി സമീപിക്കുകയോ ചെയ്യരുത്. മയത്തോടെയും കാരുണ്യത്തോടെയും മാത്രമേ സംസാരിക്കാൻ പാടുള്ളൂ. എന്തെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ കൊടുക്കുക. അല്ലെങ്കിൽ നല്ല നിലയിൽ പെരുമാറുക. യാചന ഇസ്്ലാം നിരുത്സാഹപ്പെടുത്തുന്നതിനോടൊപ്പമാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാനായി ആവശ്യപ്പെടുന്നത്. നമ്മുടെ വീട്ടു പടിക്കലേക്കും കച്ചവടസ്ഥാപനത്തിന് മുന്നിലേക്കും വരുന്നവരുടെ അവസ്ഥയെന്താണെന്നും ആവശ്യങ്ങളെന്തൊക്കെയാണെന്നും നമുക്കറിയില്ലല്ലോ.

ഒരിക്കൽ നബി(സ)യുടെ പത്‌നി ആഇശ ബീവിയുടെ വീട്ടിലേക്ക് ദരിദ്രയായൊരു സ്ത്രീ രണ്ട് കുട്ടികളെയും കൂട്ടി വന്നു. ബീവി അവർക്ക് മൂന്ന് ഈത്തപ്പഴങ്ങൾ നൽകി. ആ സ്ത്രീ ഓരോ കുട്ടികൾക്കും ഓരോ ഈത്തപ്പഴം വീതം നൽകി. ശേഷിക്കുന്ന ഒന്ന് കഴിക്കാനായി വായിലേക്ക് കൊണ്ടുപോകുന്പോൾ കുട്ടികൾ ആ ഈത്തപ്പഴവും ചോദിച്ചു. അവർ കഴിക്കാനുദ്ദേശിച്ച ഈത്തപ്പഴം രണ്ടായി കഷ്ണിക്കുകയും കുട്ടികൾക്ക് വീതിച്ചു നൽകുകയും ചെയ്തു.
ഈ ഉമ്മയുടെ പ്രവർത്തനം ആഇശ ബീവിയെ വല്ലാതെ ആശ്ചര്യപ്പെടുത്തി. നബി വന്നപ്പോൾ ബീവി സംഭവം പറഞ്ഞു. അതു കേട്ട നബി പറഞ്ഞു: ആ ഉമ്മയുടെ പ്രവർത്തനം കാരണം അവർക്ക് സ്വർഗം അനിവാര്യമായിരിക്കുന്നു. ഈ സംഭവം മുസ്്ലിം റിപോർട്ട് ചെയ്തിട്ടുണ്ട്.

Latest