Kerala
വെടിവച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല; ലാത്തിച്ചാര്‍ജ് നടത്തിയവരെ വ്യക്തിപരമായി നാട്ടില്‍ കാണും: സുധാകരന്‍
സമരം പാര്‍ട്ടി ഏറ്റെടുക്കും. പോലീസിന്റെ ഓരോ അടിക്കും കണക്ക് പറയിക്കുമെന്ന് രമേശ് ചെന്നിത്തല.
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് മൃഗീയമായി മര്‍ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സമരം അവസാനിപ്പിക്കില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സുധാകരന്‍ പറഞ്ഞു.
വെടിവച്ചാലും സമരത്തില്‍ നിന്ന് പിന്മാറില്ല. സമരം പാര്‍ട്ടി ഏറ്റെടുക്കും. ലാത്തിച്ചാര്‍ജ് നടത്തിയവരെ വ്യക്തിപരമായി നാട്ടില്‍ കാണുമെന്നും സുധാകരന്‍ പറഞ്ഞു.
പോലീസിന്റെ ഓരോ അടിക്കും കണക്ക് പറയിക്കുമെന്ന് രമേശ് ചെന്നിത്തലയും മുന്നറിയിപ്പ് നല്‍കി. പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു. നിരവധി പ്രവര്‍ത്തകരും ലാത്തിച്ചാര്‍ജിന് ഇരയായി.
പോലീസ് വളഞ്ഞിട്ട് തല്ലിയെന്ന് അബിന്‍ വര്‍ക്കി ആരോപിച്ചു. മാര്‍ച്ചിനിടെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച സംസ്ഥാന സെക്രട്ടറി സുബിതക്കും പരുക്കേറ്റു.