kodiyeri@press
ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ച് കല്ലിളക്കിയാലും പദ്ധതി നടപ്പാക്കും: കോടിയേരി
പദ്ധതിക്കെതിരെ വരുന്ന എല്ലാ കരുതല്‍പ്പടയേയും നേരിടും
കണ്ണൂര്‍ | ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്ന് രാഷ്ട്രീയ സമരമാണ് കെ റെയിലിന്റെ പേരില്‍ നടക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. ബി ജെ പി, കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് ചേര്‍ന്ന് കല്ലുപൊക്കുകയാണ്. കേരളത്തിന് ആവശ്യമായ പദ്ധതിക്കെതിരായാണ് ഇവരുടെ യോജിച്ച സമരം. കല്ല് എടുത്ത് കോണ്‍ഗ്രസ് ഓഫീസില്‍കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകില്ല. കല്ലിളക്കികൊണ്ടുപോയാലും പദ്ധതി നടപ്പാക്കും. കോണ്‍ഗ്രസ്, ബി ജെ പി സമാന്തര സമരത്തെ നേരിടുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി തത്വത്തില്‍ കേന്ദ്രം അംഗീകരിച്ചതാണ്. ഇനി അന്തിമ അനുമതിയാണ് ലഭിക്കേണ്ടത്. ഇത് ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ലഭിക്കുക. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് ഒരു പദ്ധതിയും വേണ്ട എന്നാണ് പ്രതിപക്ഷം പറയുന്നത്. സാമൂഹിക പഠനം നടത്താന്‍ കല്ലിട്ടെന്ന് കരുതി ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ ഒരാളുടെ ഭൂമിയും ഏറ്റെടുക്കില്ല. ബലം പ്രയോഗിച്ച് ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. സില്‍വര്‍ലൈനില്‍ ബഫര്‍ സോണുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
ഇല്ലാകഥകള്‍ പ്രചരിപ്പിച്ചാണ് ചിലര്‍ ജനങ്ങളെ സമരത്തിനിറക്കുന്നത്. അതത് സ്ഥലത്ത് ചെന്ന് റെയില്‍ കോര്‍പറേഷന്‍ പദ്ധതികള്‍ വിശദീകരിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭൂമി നഷ്ട്ടപ്പെടുന്നവരുടെ അടുത്ത് ചെന്ന് അവരുടെ ആശങ്ക കേള്‍ക്കും. അത് പരിഹരിച്ച ശേഷമാകും ഭൂമി ഏറ്റെടുക്കുക.
എല്‍ ഡി എഫ് ഘടകക്ഷികള്‍ക്കിടയില്‍ വിഷയത്തില്‍ ഒരു അഭിപ്രായ വിത്യാസവുമില്ല. എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് നടപ്പാക്കുന്നത്. ഏതെങ്കിലും വ്യക്തി സ്വന്തം അഭിപ്രായം പറഞ്ഞാല് അത് പാര്‍ട്ടിയുടേയോ, മുന്നണിയുടേയോ അഭിപ്രായമാകില്ല.
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത് കേന്ദ്ര, സംസ്ഥാന ബന്ധം സംബന്ധിച്ചാണ് ചര്‍ച്ച നടത്തുന്നത്. ബി ജെ പിക്കെതിരായാണ് അത്. ബി ജെ പിയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഉപ്പുംചാക്ക് വെള്ളത്തിലിട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. അവര്‍ എവിടെയാണ് ഇപ്പോഴുള്ളത്. പിന്നെ എന്ത് പടയാണ് കോണ്‍ഗ്രസ് നയിക്കുന്നത്. പദ്ധതിക്കെതിരെ വരുന്ന എല്ലാ കരുതല്‍പ്പടയേയും നേരിടും. സമരം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നത് എന്നത് സംബന്ധിച്ച് എല്‍ ഡി എഫിന് നല്ല ധാരണയുണ്ടെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.