Connect with us

തെളിയോളം

ഗുസ്തിക്കാരനായില്ലെങ്കിലും അസ്ഥി വെള്ളമാക്കരുത്

പ്രതികാര മനോഭാവത്തോടെ സ്വയം നശിക്കാൻ തീരുമാനിക്കുന്നവരെ കണ്ടിട്ടില്ലേ. ലഹരി ഉപയോഗം,ആത്മഹത്യ, മറ്റു മ്ലേച്ഛമായ അസാൻമാർഗിക പ്രവർത്തികൾ എന്നിവ കൊണ്ട് ഇത്തരക്കാർ പക വീട്ടുന്നത് സ്വന്തത്തോട് തന്നെയാണല്ലോ."അതിഭീകരമായ സന്തോഷം' കിട്ടും എന്ന് കരുതി "മനപ്പൂർവമായ കുറവുകളിലേക്ക്' എടുത്തുചാടുന്ന ഇവർ ശരിക്കും ആത്യന്തികമായ അസന്തുഷ്ടിയുള്ള മുള്ളുകൾ വാരിച്ചുറ്റുകയാണ്.

Published

|

Last Updated

“നിങ്ങൾക്ക് ആകാൻ കഴിയുന്നതിനേക്കാൾ കുറവായിരിക്കാൻ നിങ്ങൾ മനഃപൂർവം പദ്ധതിയിടുകയാണെങ്കിൽ, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ അസന്തുഷ്ടനായിരിക്കുമെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.’ – എബ്രഹാം മാസ്്ലോയുടേതാണ് ഈ വചനം. നൂറ് ശതമാനം കാര്യക്ഷമത കാണിക്കുക,

പരിപൂർണരായിരിക്കുക എന്നതിനൊക്കെ പരിമിതിയുണ്ട് എന്നാണ് നാം നമ്മുടെ മനസ്സിൽ വരച്ചിട്ടിരിക്കുന്ന ഒരു തത്വം. “തെറ്റു പറ്റാത്തവരും കുറവുകൾ ഇല്ലാത്തവരും ആയി ആരാ ഉള്ളത്’ എന്ന് ഇടക്കിടെ ഒരു ന്യായമായി നാം മറ്റുള്ളവരോടും നമ്മോട് തന്നെയും പറയാറുള്ള സ്ഥിരം ഡയലോഗ് ആണല്ലോ. കഴിയുന്ന കാര്യങ്ങൾ തന്നെ ചെയ്യാതിരിക്കാനും ബോധപൂർവം തന്നെ ചില പിഴവുകൾ വരുത്താനും പല ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനും ഈയൊരു കാഴ്ചപ്പാട് നിലനിർത്താനാണ് പലരും ശ്രമിക്കാറ്. എന്നാൽ നമ്മുടെ ഏത് പ്രകടനങ്ങളിലും വരുന്ന കുറവുകളെ അതൊരു കുറവാണ് എന്ന അർഥത്തിൽ വിലയിരുത്തപ്പെടുന്നത് എപ്പോഴാണ് എന്ന് നോക്കൂ.

സാധ്യതകളുടെ എത്രയോ താഴെയാണ് നാം നേടിയത് എന്ന് വരുമ്പോഴാണ് ശരിക്കും “പോര’ എന്ന തരത്തിൽ ആരും നിങ്ങളെ മൂല്യനിർണയം നടത്തുകയുള്ളു.സ്വാഭാവികമായും വരാവുന്ന പിഴവുകൾ, മനുഷ്യസഹജം എന്ന് കരുതാവുന്ന കുറവുകൾ ഇതൊക്കെ കിഴിച്ചാണ് ആരും ആളുകളെ അളക്കാവൂ. എന്നുവെച്ചാൽ ആ പരിമിതികൾക്കും താഴെ നടത്തുന്ന പ്രകടനം ആണ് നാം പരിശോധിക്കേണ്ടത്. സ്വയമറിയുക എന്നതിന്റെ ആകെത്തുകയും ഇതു തന്നെയാണ്. എത്തിപ്പിടിക്കാവുന്ന ഒന്ന് അലസതയോ അലക്ഷ്യ മനോഭാവമോ മൂലം നഷ്ടപ്പെടുത്തുന്നതാണ് ജീവിതത്തിൽ നിന്നും അസന്തുഷ്ടി ഒഴിഞ്ഞു പോകാതിരിക്കുന്നതിന്റെ സുപ്രധാന കാരണങ്ങളിലൊന്ന്.

പഠന കാലയളവിൽ നിങ്ങളോട് ഒരു അധ്യാപകൻ ഏറ്റവും തീക്ഷ്ണമായ ഭാഷയിൽ സംസാരിച്ച ഒരു രംഗം ഓർത്തു നോക്കൂ.തീർച്ചയായും അത് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ തീരെ പ്രതീക്ഷിക്കാത്തത് സംഭവിക്കുകയോ ചെയ്ത സന്ദർഭത്തിലായിരിക്കും. പ്രതീക്ഷിക്കുന്നത് എന്നാൽ അതിനർഥം നമ്മുടെ അപര്യാപ്തതകൾ കഴിച്ച് കഴിവുകളോട് തുലനം ചെയ്ത് എന്ത് ഔട്ട്പുട്ട് ഉണ്ടാകണമായിരുന്നുവോ അത് എന്നാണല്ലോ. അവിടെ നമ്മുടെ “കുറവ്’ നമുക്കു കൂടി അറിയാം എന്ന അവസ്ഥ ഉണ്ടെങ്കിൽ തികച്ചും പോസിറ്റീവായ ഫലത്തിലേക്ക് നമുക്ക് പ്രവേശിക്കാൻ അവസരമുണ്ടാവുകയും സ്വാഭിമാനം വളരും വിധം പുതിയ കുതിപ്പിന് അത് ഊർജമാകുകയും ചെയ്യും. ഈ “കുറവ്’ നാം മനപ്പൂർവം സൃഷ്ടിച്ച ഒന്നാണെങ്കിൽ ഫലം എന്തായിരിക്കും എന്ന് സ്വയം ആലോചിച്ചാൽ നമുക്ക് നടേ പറഞ്ഞ അസന്തുഷ്ടി എങ്ങനെ വരുന്നു എന്ന് ബോധ്യപ്പെടും.

പ്രതികാര മനോഭാവത്തോടെ സ്വയം നശിക്കാൻ തീരുമാനിക്കുന്നവരെ കണ്ടിട്ടില്ലേ. ലഹരി ഉപയോഗം,ആത്മഹത്യ, മറ്റു മ്ലേച്ഛമായ അസാൻമാർഗിക പ്രവർത്തികൾ എന്നിവ കൊണ്ട് ഇത്തരക്കാർ പക വീട്ടുന്നത് സ്വന്തത്തോട് തന്നെയാണല്ലോ.”അതിഭീകരമായ സന്തോഷം’ കിട്ടും എന്ന് കരുതി “മനപ്പൂർവമായ കുറവുകളിലേക്ക്’ എടുത്തുചാടുന്ന ഇവർ ശരിക്കും ആത്യന്തികമായ അസന്തുഷ്ടിയുള്ള മുള്ളുകൾ വാരിച്ചുറ്റുകയാണ്.

“കഴിവുകൾ, അവസരങ്ങൾ, സാധ്യതകൾ മുതലായവയുടെ പൂർണമായ ഉപയോഗവും ചൂഷണവും നിർവഹിക്കുന്ന ആളുകൾ സ്വയം സംതൃപ്തരാകുകയും അവർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്ത് അവ പരമാവധി വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യും’ എന്ന് മാസ്്ലോ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ മറ്റൊരു വശം കൂടിയുണ്ട്, അഥവാ ചില മേഖലകളിൽ നമുക്ക് മികച്ച കഴിവുകൾ ഉണ്ട് എങ്കിലും ആ മേഖല നമുക്ക് സന്തുഷ്ടി നൽകുന്നുണ്ടാകില്ല. ഇത് ഒരു കുറവല്ല. സന്തുഷ്ടി നൽകുന്ന മറ്റൊന്നിലേക്ക് ഫോക്കസ് നൽകുക എന്നതാണ് കാര്യം. നിങ്ങൾക്ക് നല്ല കായിക ശേഷി ഉണ്ടെങ്കിലും ഗുസ്തി ചാമ്പ്യൻഷിപ്പിന് പോകണമെന്ന് നിർബന്ധമില്ല. എന്നാൽ അതിന് പോകാത്തത് കൊണ്ട് എന്നെ ഇനി മറ്റൊന്നിനും കൊള്ളില്ല എന്ന് ചിന്തിച്ചിരിക്കുന്നതിൽ വല്ല കാര്യവുമുണ്ടോ?

Latest