Kerala
കാട്ടാന കൊലപ്പെടുത്തിയ ഗൃഹനാഥന്റെ കുടുംബത്തിന്റെ ദു:ഖത്തെപ്പോലും പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു: മന്ത്രി വീണ ജോര്‍ജ്
15 വര്‍ഷക്കാലം എം പി ആയിരുന്ന ആന്റോ ആന്റണി വനമേഖലയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നങ്ങളിലും ഇടപെടുകയോ പരിഹാരം കണ്ടെത്തുവാനോ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു.

പത്തനംതിട്ട | കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തെ പോലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് .പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 15 വര്‍ഷക്കാലം എം പി ആയിരുന്ന ആന്റോ ആന്റണി വനമേഖലയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നങ്ങളിലും ഇടപെടുകയോ പരിഹാരം കണ്ടെത്തുവാനോ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു.
വനമേഖലയില്‍ താമസക്കാരായവരില്‍ ഭൂരിഭാഗം പേര്‍ക്കും പട്ടയം ഇല്ല. തലമുറകളായി താമസിക്കുന്നവര്‍ക്ക് തങ്ങളുടെ വീടുകളോട് ചേര്‍ന്ന് ഭൂമിയില്‍ നില്ക്കുന്ന പ്ലാവ് മരങ്ങള്‍ മുറിച്ച് മാറ്റണം എന്ന ആവശ്യത്തിന് പരിഹാരം കണ്ടെത്താന്‍ നിലവിലെ വന നിയമം അനുവദിക്കുന്നില്ല. കേന്ദ്ര വന നിയമത്തില്‍ അടിയന്തിര ഭേദഗതി ആവശ്യമാണ്. മനുഷ്യ ജീവന് വില ഉണ്ടല്ലോ അത് സംരക്ഷിക്കപ്പെടുക തന്നെ വേണം. പന്നിയെ അടക്കം ക്ഷുദ്രജീവി ആയി പ്രഖാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോള്‍ അത് പറ്റില്ലന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. ഈ വിഷയത്തിന്‍ ആന്റോ ആന്റണി അടക്കം മലയോര മേഖലയിലെ എം.പിമാര്‍ ഒന്ന് പ്രതികരിക്കുക പോലും ചെയ്തില്ല.
വന്യ ജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാതിരിക്കുവാന്‍ അവയുടെ പ്രജനനം നിയന്ത്രിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുവാന്‍ ഇടപെടല്‍ നടത്തണം. ഈ വിഷയത്തില്‍ നിയമസഭ പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്. വന നിയമത്തില്‍ മാറ്റം വരുത്തുന്നതിനായി ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇടപെടല്‍ നടത്തുകയാണ് വേണ്ടത്. കേരള വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നടപടി ആപഹാസ്യമാണന്നും മന്ത്രി പറഞ്ഞു.