Kerala
ജെ പി സിയെ പോലും നോക്കുകുത്തിയാക്കി; നിയമ ഭേദഗതി വഖ്ഫിന്റെ അന്തസത്ത തകര്‍ക്കുന്നത്: ഇ ടി മുഹമ്മദ് ബഷീര്‍ എം പി
ഇത് സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യണമെന്ന് നാളെ ചേരുന്ന പാര്‍ലിമെന്റ് കക്ഷി നേതാക്കളുടെ യോഗത്തില്‍ ഉന്നയിക്കും.

മലപ്പുറം | വഖ്ഫ് നിയമ ഭേദഗതിയില്‍ ജെ പി സിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്ന് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എം പി. വഖ്ഫിന്റെ അന്തസത്ത തകര്‍ക്കുന്നതാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ജെ പി സി റിപോര്‍ട്ടിനെയും അതിന്റെ തുടര്‍ നടപടികളെയും കീഴ്‌മേല്‍ മറിക്കുന്നതാണ് നടപടി. സര്‍ക്കാര്‍, വഖഫ് നിയമം ലക്ഷ്യമാക്കുന്ന വിഭാഗത്തെ ഒരിഞ്ച് പരിഗണിച്ചില്ല എന്നതാണ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വഖ്ഫ് ബില്ലിലും ഇപ്പോള്‍ എടുത്തിട്ടുള്ള നടപടിയിലും വ്യക്തമാവുന്ന കാര്യം. ഏത് സമയത്തും സര്‍ക്കാര്‍ എടുക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഇതിലുമുണ്ടായി എന്നതാണ് വസ്തുത. ജെ പി സി അംഗങ്ങളെ പോലും പുച്ഛിക്കുന്ന നടപടിയാണിത്.
കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഭേദഗതികളായി കൊണ്ടുവന്ന വഖ്ഫ് ബോര്‍ഡുകളില്‍ രണ്ട് അമുസ്‌ലിങ്ങള്‍ വേണമെന്ന ക്ലോസ് ആവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുസ്‌ലിം ആയിക്കൊള്ളണമെന്നില്ല എന്നുള്ള സമീപനവും എടുത്തിട്ടുണ്ട്.
അഞ്ച് വര്‍ഷമായി ഇസ്‌ലാം മതം അനുഷ്ഠിക്കുന്ന വ്യക്തിക്കേ വഖ്ഫ് ചെയ്യാവൂ എന്ന നേരത്തെയുള്ള നിയമം കുറച്ചുകൂടി കടുപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം ആണെന്ന് കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്ന ആളിന് മാത്രമേ വഖ്ഫ് ചെയ്യാവു എന്നാക്കി മാറ്റി അത് കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റിയിരിക്കുന്നു.
സര്‍വേകളുടെ ചുമതല വഖ്ഫ് കമ്മീഷനുകളില്‍ നിന്ന് മാറ്റി ജില്ലാ കലക്ടര്‍മാക്ക് കൊടുത്ത നടപടിയും ദുരുപദിഷ്ടമാണ്. ട്രൈബ്യൂണലാണ് വഖ്ഫ് സ്വത്തു സംബന്ധിച്ച അവകാശ തര്‍ക്കം പോലുള്ള കാര്യങ്ങളില്‍ ഇടപെടേണ്ടത്. എന്നാല്‍ അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല, അതും സര്‍ക്കാരിന്റെ ദയാദാക്ഷീണ്യത്തിന് വിധേയമായി ചെയുന്ന സ്വഭാവത്തിലാണ് വിവക്ഷിച്ചിട്ടുള്ളത്.
പുതിയ വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സംബന്ധിച്ചും സര്‍ക്കാര്‍ അധികാരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നു മാത്രമല്ല, കൂടുതല്‍ സങ്കീര്‍ണമാക്കുന്നുമുണ്ട്.
വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖ്ഫ് കമ്മീഷനുകള്‍ക്ക് ഉണ്ടായിരുന്ന അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നടപടി ഗുരുതരമാണ്. മുന്‍ നിയമ പ്രകാരം കലക്ടര്‍ക്ക് നല്‍കിയ അധികാരം പുതിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന് എന്നാക്കി മാറ്റി സര്‍ക്കാരിന് കുറേകൂടി അമിതാധികാരം നല്‍കുകയാണ്.
ഇത് സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യണമെന്ന് നാളെ ചേരുന്ന പാര്‍ലിമെന്റ് കക്ഷി നേതാക്കളുടെ യോഗത്തില്‍ ഉന്നയിക്കും. പാര്‍ലിമെന്റിന്റെ എല്ലാ വേദികളിലും വളരെ ശക്തമായ സമീപനം ഇക്കാര്യത്തിലെടുക്കും. പാര്‍ലിമെന്റിന്റെ അകത്തും പുറത്തും നിരന്തരമായ പോരാട്ടം നടുത്തുമെന്ന മുസ്‌ലിം ലീഗിന്റെ മുന്‍ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ നിര്‍വഹിക്കുകയും ചെയ്യും. സമാനചിന്താഗതിക്കാരുമായി ഇന്നും നാളെയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇ ടി പറഞ്ഞു.