Articles
അംബേദ്കറുടെ ഓര്‍മ പോലും അവര്‍ക്ക് അലോസരമാണ്
ഇന്ത്യക്ക് മഹത്തായ ഒരു ഭരണഘടന നല്‍കിയ ഡോ. അംബേദ്കറെ തുടക്കം മുതല്‍ തന്നെ സംഘ്പരിവാറിന് കണ്ട് കൂടായിരുന്നല്ലോ. ആധുനിക ജനാധിപത്യമല്ല സനാതന മൂല്യങ്ങള്‍ എന്ന പേരില്‍ മനുസ്മൃതി നടപ്പാക്കണം എന്നാഗ്രഹിച്ചിരുന്ന അവര്‍ക്ക് അംബേദ്കറോട് അപ്രീതി തോന്നുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല. ജനാധിപത്യം വിദേശിയാണെന്നും വര്‍ണാശ്രമ ധര്‍മമാണ് സ്വദേശിയെന്നും അവര്‍ അന്നും വാദിച്ചു നോക്കിയതാണ്. പക്ഷേ, അവരുടെ ആഗ്രഹം നടന്നില്ല.

ഡോ. അംബേദ്കറെ ഇല്ലാതാക്കാന്‍ സവര്‍ണ ഫാസിസ്റ്റുകള്‍ക്ക് കഴിയുമോ? അദ്ദേഹത്തിന്റെ ഭൗതിക ശരീരം വിട്ടുപോയി ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഇവരുടെ വിദ്വേഷം തുടരുന്നതെന്തുകൊണ്ട്? ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം മുഴുവന്‍ (ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഐക്യരാഷ്ട്ര സഭയിലും) അംബേദ്കര്‍ ജയന്തി ആഘോഷിക്കുമ്പോള്‍ യോഗി ആദിത്യനാഥ് വാഴുന്ന യു പിയില്‍ നടന്നതെന്താണ്? നമ്മുടെ മുഖ്യധാരാ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പോലും അവഗണിച്ച ആ നടപടികള്‍ നമ്മുടെ മുന്നിലുണ്ട്. ഡോ. അംബേദ്കറുടെ പ്രതിമകള്‍ തിരഞ്ഞുപിടിച്ച് പിഴുതുമാറ്റുകയായിരുന്നു പോലീസും ഭരണാധികാരികളും. ഇന്ത്യക്ക് മഹത്തായ ഒരു ഭരണഘടന നല്‍കിയ ഡോ. അംബേദ്കറെ തുടക്കം മുതല്‍ തന്നെ സംഘ്പരിവാറിന് കണ്ട് കൂടായിരുന്നല്ലോ. ആധുനിക ജനാധിപത്യമല്ല സനാതന മൂല്യങ്ങള്‍ എന്ന പേരില്‍ മനുസ്മൃതി നടപ്പാക്കണം എന്നാഗ്രഹിച്ചിരുന്ന അവര്‍ക്ക് അംബേദ്കറോട് അപ്രീതി തോന്നുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല. ജനാധിപത്യം വിദേശിയാണെന്നും വര്‍ണാശ്രമ ധര്‍മമാണ് സ്വദേശിയെന്നും അവര്‍ അന്നും വാദിച്ചു നോക്കിയതാണ്. പക്ഷേ, സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം നിലനിന്ന ആ കാലത്ത് അവരുടെ ആഗ്രഹം നടന്നില്ല. ജാതി അടിസ്ഥാനത്തില്‍ തൊട്ടുകൂടായ്മ പോലുള്ള മനുഷ്യത്വവിരുദ്ധ ആചാരങ്ങള്‍ ഇല്ലാതാക്കുന്ന ഹിന്ദു കോഡിന്റെ പേരിലാണല്ലോ അംബേദ്കര്‍ക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോരേണ്ടി വന്നത്. സമത്വവും സാഹോദര്യവുമായിരുന്നു അംബേദ്കര്‍ ആഗ്രഹിച്ചത്. അതിവര്‍ക്ക് സ്വീകാര്യമല്ലല്ലോ.
ലഖ്നോവിലെ ഖാന്താരി ഗ്രാമത്തില്‍ അന്നാട്ടിലെ ഗ്രാമജനതയും ദളിത് സമൂഹവും ചേര്‍ന്ന് ഒരു അംബേദ്കര്‍ പ്രതിമ സ്ഥാപിച്ചിരുന്നു. പെട്ടെന്നൊരു ദിവസം പോലീസ് ഇത് നിയമലംഘനമാണെന്ന് തിരിച്ചറിയുന്നു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനെയും കൂട്ടി വലിയൊരു പോലീസ് സംഘം അവിടെ എത്തുന്നു. അതും ഡോ. അംബേദ്കറിന്റെ 134ാം ജന്മദിനത്തില്‍. അവിടെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി ഇല്ല എന്നതാണ് അവര്‍ കാരണമായി പറഞ്ഞത്. അനുവാദമില്ലാതെ ഒരു പ്രതിമയും പൊതു സ്ഥലത്ത് സ്ഥാപിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ട്, കോടതി വിധികള്‍ ഉണ്ട് എന്നത് ശരി തന്നെ. പക്ഷേ, ഈ നിയമങ്ങള്‍ ലംഘിക്കുന്ന നിരവധി നിര്‍മാണങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ തന്നെ പലയിടത്തും നടത്തിയിട്ടുണ്ട്. ഖാന്താരി ഗ്രാമത്തില്‍ ഈ പ്രതിമ സ്ഥാപിച്ചത് പെട്ടെന്നൊരു ദിവസമല്ല. ഇതിന് അനുമതിക്കായി ഗ്രാമവാസികള്‍ മൂന്ന് വര്‍ഷത്തോളമായി അപേക്ഷ നല്‍കി പല ഓഫീസുകളിലും കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. അധികൃതര്‍ അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഒടുവില്‍ ഗ്രാമമുഖ്യനടക്കമുള്ളവര്‍ ഒറ്റക്കെട്ടായി തീരുമാനിച്ച ശേഷമാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമ പിഴുതെറിയാന്‍ വന്ന പോലീസ് സംവിധാനത്തെ ഗ്രാമീണ ജനത പ്രതിരോധിച്ചു. ഗതികെട്ട അവര്‍ തിരിച്ചു പോയി.
ഝാന്‍സി ജില്ലയിലെ ജര്‍ബോ ഗ്രാമത്തില്‍ ഗ്രാമീണര്‍ അരലക്ഷം രൂപ മുടക്കി ഒരു അംബേദ്കര്‍ പ്രതിമ നിര്‍മിച്ചിരുന്നു. ജയന്തി ദിനത്തില്‍ അതിന്റെ അനാച്ഛാദനം നടത്താന്‍ തീരുമാനിച്ചതുമാണ്. കൃത്യം രണ്ട് ദിവസം മുമ്പ് അധികൃതര്‍ വലിയ സന്നാഹങ്ങളുമായി വന്ന് ആ പ്രതിമ പിഴുതെറിയുന്നു. ഗ്രാമീണര്‍ സ്വാഭാവികമായും പ്രതിഷേധിച്ചു. അവര്‍ക്കെതിരെ പോലീസ് ആക്രമണം നടത്തി. നിരവധി പേര്‍ക്കെതിരെ കേസുകളും എടുത്തു. എന്നാല്‍ അവരുടെ പേരില്‍ എടുത്തിരിക്കുന്ന കേസിലെ കുറ്റങ്ങള്‍ വിചിത്രമാണ്. അനധികൃതമായി പ്രതിമ സ്ഥാപിച്ചു എന്നതിനപ്പുറം നാട്ടില്‍ ജാതി സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നും മറ്റും വകുപ്പുകള്‍ അതില്‍ ഉണ്ട്. സീതാപ്പൂരില്‍ അംബേദ്കറുടെയും ബുദ്ധന്റെയും പ്രതിമകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കൊലപാതക ശ്രമത്തിനു വരെ കേസ് എടുത്തിട്ടുണ്ട്.
മറ്റൊരു രീതിയില്‍ അംബേദ്കറെ തങ്ങളുടെ ഭാഗമാക്കാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ട്. ഗാന്ധിജിയും അംബേദ്കറുമായിട്ടുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പ്രസിദ്ധമാണ്. എന്നാല്‍ അതേ ഗാന്ധിജി തന്നെയാണ് ഡോ. അംബേദ്കറെ ഭരണഘടനാ നിര്‍മാണ ചുമതല ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ടതും. നെഹ്റുവിനെ അംബേദ്കറുടെ ശത്രുവായി അവതരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നെഹ്റു മന്ത്രിസഭയില്‍ നിന്ന് അംബേദ്കര്‍ക്ക് രാജിവെക്കേണ്ടി വന്നത് ഹിന്ദു കോഡ് നടപ്പാക്കാന്‍ കഴിയാത്തതിനാലാണല്ലോ. അന്ന് അതിന്റെ പ്രധാന കാരണക്കാര്‍ ഇതേ സംഘ്പരിവാര്‍ തന്നെ ആയിരുന്നു. കോണ്‍ഗ്രസ്സില്‍ അവര്‍ക്കുണ്ടായിരുന്ന സ്വാധീനത്തെ മറികടക്കാന്‍ നെഹ്‌റുവിന് കഴിഞ്ഞില്ലെന്നതാണ് സത്യം. ജാതി വര്‍ണ വ്യവസ്ഥയുടെ അടിക്കല്ലിളക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, ഹിന്ദു മതം എന്നതിന്റെ പൊള്ളത്തരം പ്രഖ്യാപിച്ചു കൊണ്ടാണ് ബാബാ സാഹെബ് ബുദ്ധമതത്തില്‍ ചേര്‍ന്നത് എന്നതും ചരിത്രസത്യമാണ്. ഇതെല്ലാം മറച്ചു പിടിച്ചു കൊണ്ട് അംബേദ്കറെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങള്‍ അത്ര വിജയിക്കുന്നില്ല എന്ന് സംഘ്പരിവാര്‍ തിരിച്ചറിയുന്നു. തന്നെയുമല്ല, ഭരണഘടനയെയും അതിന്റെ എല്ലാ സ്ഥാപനങ്ങളെയും തകര്‍ക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അവരുടെ ആ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് അംബേദ്കറെയാണ്.
സുപ്രീം കോടതി ജഡ്ജിമാരെ വരെ അപമാനിക്കുന്ന ഒരു ഭരണകൂടത്തിന് അംബേദ്കറുടെ ഓര്‍മ പോലും അസഹനീയമായിരിക്കും. അതുകൊണ്ടാണല്ലോ ആഭ്യന്തര മന്ത്രി അമിത് ഷാ കോപാകുലനായി പാര്‍ലിമെന്റില്‍ പറഞ്ഞത്, “ഇപ്പോള്‍ അംബേദ്കറെ വിളിക്കുന്നത് ഒരു ഫാഷന്‍ ആയിരിക്കുന്നു. അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് വിളിക്കുന്നതിന് പകരം ഏതെങ്കിലും ദൈവത്തിന്റെ പേര് വിളിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മോക്ഷം അഥവാ സ്വര്‍ഗം കിട്ടുമായിരുന്നു’ എന്ന്. ശരിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലും ഇപ്പോള്‍ വഖ്ഫ് നിയമ ഭേദഗതിയിലുമടക്കം പ്രതിരോധിക്കുന്ന ജനത വിളിക്കുന്ന പേര് അംബേദ്കറുടേതാണ്. അത് സംഘ്പരിവാരത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ആ പേരും ഓര്‍മയും നിലനില്‍ക്കാന്‍ ജനങ്ങള്‍ക്ക് പ്രതിമയൊന്നും വേണ്ട, ഇന്ത്യന്‍ ഭരണഘടന മാത്രം മതി എന്ന് ഇവര്‍ അറിയുന്നില്ല.