Kerala
സി പി എം-ബി ജെ പി ബന്ധത്തിനെതിരായ വോട്ടാണ് തനിക്ക് കിട്ടാന്‍ പോകുന്ന ഓരോ വോട്ടും: രാഹുല്‍ മാങ്കൂട്ടത്തില്‍
തന്റെ പേരില്‍ അപരന്മാര്‍ സജീവമായ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെയും ബി ജെ പിയുടെയും സ്ഥാനാര്‍ഥിമാരുടെ അപരന്മാര്‍ ഇല്ലാത്തത് ഇത്തരം ചില ഡീലുകളുടെ ഭാഗമാണ്.
കോട്ടയം | 2026ല്‍ രൂപപ്പെടാന്‍ പോകുന്ന സി പി എം-ബി ജെ പി ബന്ധത്തിനെതിരായ വോട്ടായിരിക്കും തനിക്ക് കിട്ടാന്‍ പോകുന്ന ഓരോ വോട്ടുമെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ പേരില്‍ അപരന്മാര്‍ സജീവമായ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെയും ബി ജെ പിയുടെയും സ്ഥാനാര്‍ഥിമാരുടെ അപരന്മാര്‍ ഇല്ലാത്തത് ഇത്തരം ചില ഡീലുകളുടെ ഭാഗമാണെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.
പി പി ദിവ്യയെ പോലീസ് പിടിക്കാന്‍ ശ്രമിക്കാത്തത് ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ്. ബി ജെ പി പിന്തുണ തേടിയുള്ള സി പി എമ്മിന്റെ കത്തും പി പി ദിവ്യയുമായി ബന്ധപ്പെട്ട മറ്റൊരു കത്തും വാര്‍ത്തയായത് മറയ്ക്കാന്‍ വേണ്ടിയാണ് പാലക്കാട് ഡി സി സിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കത്ത് പെട്ടെന്ന് പുറത്ത് വന്നത്. തന്നെ സ്ഥാനാര്‍ഥി ആക്കണമെന്ന് ആവശ്യപ്പെട്ടത് ഉള്‍പ്പെടെ നാല് കത്തുകളാണ് ഡി സി സി നേതൃത്വം നല്‍കിയത്. ഇന്ന് കോണ്‍ഗ്രസ്സില്‍ ഇല്ലാത്ത ചിലരാണ് ഈ കത്ത് ഇപ്പോള്‍ പുറത്തുവിട്ടത്.
ഈ സാഹചര്യത്തില്‍ താന്‍ സ്ഥാനാര്‍ഥിയല്ലെങ്കിലും ഇത്തരത്തില്‍ മറ്റൊരു കത്തിലൂടെ ആരോപണം ഉണ്ടായേനെ എന്നും രാഹുല്‍ ആരോപിച്ചു.
ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകനാണ് താന്‍ എന്ന് പറയുമ്പോഴും പറഞ്ഞത് മുഴുവന്‍ രാഷ്ട്രീയമാണ്. പക്ഷെ, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി മുഖ്യമന്ത്രിയെ വ്യക്തിപരമായി പോലും വിമര്‍ശിച്ചയാളാണെന്നും രാഹുല്‍ പറഞ്ഞു. ഇമ്പിച്ചിബാവയുടെ പൈതൃകം മറന്ന ഇടതുപക്ഷത്തിന്റെ ചിഹ്നം പോലും ഡമ്മിയായി പോയില്ലേ എന്നുള്ള പ്രതികരണവും അദ്ദേഹം നടത്തി.
തൃശൂര്‍ പൂരം കലക്കാന്‍ വേണ്ടിയുള്ള ശ്രമം ബി ജെ പിയും സി പി എമ്മും ചേര്‍ന്നാണ് നടത്തിയത്. ഈ നീക്കുപോക്കിന്റെ തുടര്‍ച്ചയാണ് പാലക്കാട്ട് നടക്കുന്നത്.
വെള്ളാപ്പള്ളി നടേശന്‍ തനിക്ക് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതായി തന്നോട് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.