Connect with us

cover story

എല്ലാവർക്കും വിശക്കുന്നുണ്ട്

ആ പക്ഷിക്കൂട്ടങ്ങളുടെ ആർപ്പുവിളികളും ആർത്തിയോടെ യുള്ള വിശപ്പടക്കലും അസീസിന്റെ മനം നിറക്കും. മനസ്സിലുള്ള പ്രയാസങ്ങളെല്ലാം അതോടെ അലിഞ്ഞില്ലാ താകും. ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക അപ്പോൾ ആകാശ ത്തുള്ളവർ നിങ്ങളോട് കരുണ കാണിക്കുമെന്ന മഹത് വാക്യത്തിന്റെ പൊരുളാണിവിടെ പുലരുന്നത്.

Published

|

Last Updated

നട്ടുച്ച നേരം… സൂര്യൻ കത്തിജ്ജ്വലിക്കുന്നു…കോഴിക്കോട് ബീച്ചിൽ വിശന്നുവലഞ്ഞ നായ്ക്കളും പക്ഷിക്കൂട്ടങ്ങളും പൊരിവെയിലത്തും ആരെയോ കാത്തിരിക്കുകയാണ്. ബീച്ചിനോട് ഒാരംപറ്റിയുള്ള റോഡിലേക്ക് കണ്ണുംനട്ട് നായ്ക്കൂട്ടം… പരുന്തുകൾ വട്ടമിട്ട് പറക്കുന്നു… അതിനിടയിലേക്കാണ് അസീസിന്റെ കടന്നുവരവ്… അസീസിനെ കണ്ട ക്ഷണ നേരം കൊണ്ട് ഭാവം മാറുന്നത് ഈ ജീവികളുടെ അനക്കങ്ങളിൽ കാണാം… കോഴിക്കോട് ബീച്ചിലെത്തുന്ന ആയിരങ്ങൾക്കിടയിൽ എന്താണ് അസീസിനിത്ര പ്രത്യേകത ?

ചരിത്രപ്രാധാന്യം കൊണ്ടും സന്ദർശകർക്ക് മനം നിറയുന്ന കാഴ്ചകൾ കൊണ്ടും രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങൾ കൊണ്ടും ഏറെ പ്രസിദ്ധമാണ് കോഴിക്കോട് ബീച്ച്. കാഴ്ചകൾ കാണാനും ഉല്ലസിക്കാനുമായി നിരവധി പേർ ബീച്ചിലെത്തുമ്പോൾ കോഴിക്കോട്ടുകാരൻ തന്നെയായ അസീസിക്കയും കൂട്ടത്തിലുണ്ടാകും. പക്ഷേ, അസീസിന്റെ വരവിന് പ്രത്യേക ലക്ഷ്യമുണ്ട്. ആ ലക്ഷ്യ പൂർത്തീകരണത്തിലാണ് അസീസിക്ക വ്യത്യസ്തനാകുന്നത്. കോഴിക്കോട് കടപ്പുറത്ത് പരുന്തുകളുടെയും കാക്കളുടെയും തെരുവുനായക്കളുടെയുമൊക്കെ ഇഷ്ടതോഴനാണ് അസീസിക്ക. ദിവസവും മൂന്ന് നേരം തന്റെ പ്രയപ്പെട്ടവരെ കാണാൻ അസീസിക്ക കടപ്പുറത്തെത്തും. പുറത്തുപോയി തിരിച്ചെത്തുന്ന പിതാവിനെ കാത്തിരിക്കുന്ന കുട്ടികളെ പോലെ ബീച്ചിലെ പരുന്തും നായ്ക്കളുമെല്ലാം ഈ സമയം അസീസിക്കയെ കാത്തിരിക്കുകയായിരിക്കും. അസീസിക്കയുടെ കൈയിലൊരു പൊതിയുണ്ടാകും. കടപ്പുറത്തെ അന്തേവാസികളായ പരുന്തുകൾക്കും കാക്കകൾക്കും നായ്ക്കൾക്കുമുള്ള ഭക്ഷണമാണത്. വെറും ഭക്ഷണമല്ലത്. മിണ്ടാപ്രാണികളോടുള്ള അസീസിന്റെ സ്‌നേഹവും കാരുണ്യവുമാണത്.
മനുഷ്യരല്ലാത്ത നൂറുകണക്കിന് ബീച്ച് നിവാസികൾക്കുള്ള ഭക്ഷണ വിതരണമാണ് പിന്നെയവിടെ നടക്കുന്നത്. പശിയടക്കാനായി ഭക്ഷണം നൽകുന്നതിന്റെ നന്മ നിറഞ്ഞ കാഴ്ച.

33 വർഷം നീളുന്ന
സത്്പ്രവൃത്തി

അസീസിക്കയുടെ ഈ വരവും കാത്തിരിക്കുകയായിരിക്കും കടപ്പുറത്തെ ഉറുന്പുൾപ്പെടെയുള്ള ജൈവലോകം. വന്നയുടനെ അസീസിക്ക ഒരു വിസിലടിക്കും. പ്രിയപ്പെട്ടവരെ തീൻമേശക്കടുത്തേക്ക് സ്‌നേഹത്തോടെ ക്ഷണിക്കുന്ന വിളിയാണത്. ആ വിളികേട്ടൽ അനുസരണയുള്ള മക്കളെപ്പോലെ അവർ ചുറ്റും കൂടും. വിദഗ്ധമായി പഠിപ്പിച്ചെടുത്ത നായ്ക്കളെപ്പോലെ ചിട്ടയായവർ നിൽക്കും. വിളിക്കണമെന്നില്ല എന്റെ നിഴൽവെട്ടം കണ്ടാൽ മതി അവർ ഓടിയെത്തുമെന്ന് അസീസ് പറയുന്നു. പിന്നെ കൊണ്ടുവന്ന ഭക്ഷണം അവർക്കായി നൽകിത്തുടങ്ങും. എല്ലാവരും അച്ചടക്കത്തോടെ അതെല്ലാം ഭക്ഷിക്കും. കുരച്ച് ചാടലുകളോ കടിപിടികളോ ഇല്ല. ദിവസവും മൂന്ന് നേരം അസീസ് ഇങ്ങനെ ഭക്ഷണം നൽകുന്നു. രാവിലെ ഒന്പത് മണിക്കും ഉച്ചക്കും രണ്ട് മണിക്കും വേകുന്നേരം അഞ്ച് മണിക്കുമാണ് ഈ ഭക്ഷണ വിതരണം.

പരുന്തുകൾക്കും നായ്ക്കൾക്കുമുള്ള ഭക്ഷണം വേറെ വേറത്തെന്നെ നൽകും. കാക്കകൾക്കും ഉറുമ്പുകൾക്കും വൈകുന്നേരം സ്‌പെഷ്യൽ ഭക്ഷണമാണ്. കാക്കകൾക്കായുള്ള ഭക്ഷണം നൽകുന്നത് വൈകുന്നേരമാണ്. അവക്കുള്ള ഭക്ഷണം വീട്ടിൽ നിന്നെത്തിക്കും. സഹോദരിമാർ ഉണ്ടാക്കി നൽകുന്ന ചപ്പാത്തിയും പത്തിരിയും ബ്രഡുമൊക്കെയാണ് അവരുടെ കാര്യമായ ഭക്ഷണം. ഉറുന്പുകൾക്ക് വരെ അസീസിന്റെ ഈ സ്‌നേഹ പരിപാലനം ലഭിക്കുന്നുവെന്നതാണ് ഏറെ അതിശയം. എല്ലാ വൈകുന്നേരങ്ങളിലും ഉറുമ്പുകൾക്കായി ബിസ്‌കറ്റ് ചെറിയ കഷ്ണങ്ങളാക്കി അവകളുടെ കൂടിന് സമീമെത്തിക്കും.

33 വർഷത്തോളമായി അസീസ് തന്റെ ഈ പുണ്യ പ്രവൃത്തി തുടങ്ങിയിട്ട്. പതിനഞ്ചാം വയസ്സിലായിരുന്നു തുടക്കം. ഇന്നും അത് മുടങ്ങാതെ തടർന്നുകൊണ്ടിരിക്കുന്നു. എല്ലാം അടഞ്ഞുകിടന്ന കൊവിഡ് കാലത്തും അസീസ് തന്റെ കർമവുമായി മുന്നോട്ട് നീങ്ങിയിരുന്നു. കൊവിഡ് കാലത്ത് മനുഷ്യരുടെ ആകുലതകളകറ്റാനും അന്നം കിട്ടാത്തവർക്ക് അതെത്തിച്ച് കൊടുക്കാനും ധാരാളം വ്യക്തികളും സന്നദ്ധ സംഘടനകളും രംഗത്തുണ്ടായിരുന്നു. എന്നാൽ ബീച്ചിലെ പെട്ടിക്കടകളും ഹോട്ടലുകളും അടഞ്ഞുകിടന്ന അക്കാലത്ത് കോഴിക്കോട്ടുകാരായ ഈ ജീവിതങ്ങൾക്ക് വലിയ തുണയും ആശ്വാസവുമായിരുന്നു അസീസ്. “ഇതെന്റെ ഹോബിയാണ്. ഇത് നൽകിക്കഴിയുന്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷാണ്’- അസീസ് പറയുന്നു.
ആക്രിക്കച്ചവടമാണ് അസീസിന്റെ ജോലി. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. രണ്ടാമത്തെ മകനും എന്റെ ഇതേ ശീലമുണ്ട്. തന്റെ ജോലിക്കിടയിലും അല്ലാതെയുമുള്ള പ്രതിസന്ധികളും പ്രയാസങ്ങളുമെല്ലാം ഇവർക്ക് അന്നമൂട്ടുന്നതോടെ ഇല്ലാതാകുമെന്നും അസീസ് പറയുന്നു. അത് മാത്രമാണ് എനിക്കിതിനുള്ള പ്രചോദനം. പരുന്തുകളുടെ പേര് റാണിയെന്നും നായ്ക്കളുടെ പേര് റാസിയെന്നുമാണ് അസീസിന്റെ സ്‌നേഹാഭിവാദനം. ആരോടും വിവേചനമില്ല. ഈ രണ്ട് ഓമപ്പേരുകളിലാണ് ഇവയെ വിളിക്കാറ്. ഇത് പറയുന്പോഴാണ് അസീസിന്റെ മനസ്സിന്റെ വിശാലത നമുക്ക് ബോധ്യപ്പെടുക. രസകരമായ മറ്റൊരു കാര്യം കൂടിയുണ്ടിവിടെ. നായ്ക്കളോട് അസീസ് പറയും : റാസി പോയി കുളിച്ചിട്ട് വാ. ഇത് കേട്ട ഉടനെ ആ ശ്വാനക്കുട്ടൻമാരെല്ലാവരും കടലിലിറങ്ങി ഒന്ന് നീരാടി തിരിച്ച് കേറും.

ആ പക്ഷിക്കൂട്ടങ്ങളുടെ ആർപ്പുവിളികളും ഭക്ഷണം കഴിക്കലും കാണുമ്പോൾ അസീസിന് മനം നിറയും. എന്റെ മനസ്സിലുള്ള എല്ലാ പ്രയാസങ്ങളും ഇവിടെയെത്തി ഇവർക്ക് ഭക്ഷണം കൊടുക്കുന്നതോടെ ഇല്ലാതാകും. ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക അപ്പോൾ ആകാശത്തുള്ളവർ നിങ്ങളോട് കരുണ കാണിക്കുമെന്ന മഹത് വാക്യത്തിന്റെ നേർക്കാഴ്ചയാണ് അസീസിലൂടെ ഇവിടെ പുലരുന്നത്. ഇവകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ കിട്ടുന്ന കരുണയും അനുഗ്രഹവും മതി നമ്മുടെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകും. ഈ ജീവികളിൽ നിന്ന് കിട്ടുന്ന സ്‌നേഹം മറ്റെവിടെ നിന്നും കിട്ടില്ല. ഇവ നൽകുന്ന സ്‌നേഹമാണ് എനിക്കീ പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകാൻ തുണയാകുന്നത്. പിന്നെ ഇതൊരു പുണ്യപ്രവൃത്തിയാണെന്ന ഉത്തമ ബോധ്യവും. അസീസ് പറയുന്നു.

നഗര പരിസരത്തെ കോഴിക്കടകളിൽ നിന്നുള്ള പാർട്ട്‌സുകളാണ് ഇവക്ക് ഭക്ഷണമായി നൽകുന്നത്. ചീഞ്ഞളിഞ്ഞ് പഴകിയവയല്ല. മനുഷ്യർ കഴിക്കുന്ന നല്ല തരം പാട്ട്‌സുകൾ തന്നെ. കടക്കാരെല്ലാം എനിക്ക് വേണ്ടി പാട്ട്‌സുകളെല്ലാം എടുത്ത് വെക്കും. ഞാൻ ചെന്ന് അതെല്ലാം ശേഖരിച്ച് ഇവർക്ക് എത്തിച്ച് കൊടുക്കും. ബീച്ചിൽ മാത്രമല്ല. വലിയങ്ങാടി വരെയുള്ള വഴിയോരങ്ങളിലുള്ള പക്ഷി മൃഗാദികൾക്കും അസീസ് ഈ ഭക്ഷണം നൽകും.

യാത്രാ വേളകളിലും ഇത് മുടക്കാറില്ല. ബീച്ചിലെത്താൻ കഴിയാതെ പുറത്ത് യാത്രയിലാണെങ്കിൽ അവിടെയുള്ള മിണ്ടാപ്രാണികൾക്ക് ആഹാരം നൽകിയും തത്കാലം ആശ്വസിക്കും. ഇല്ലെങ്കിൽ വലിയ പ്രയാസമാണെന്ന് അസീസ് പറയുന്നു. അസീസിന് അത്രത്തോളം നിർവൃതിയുണർത്തുന്നതാണ് ഈ പുണ്യപ്രവൃത്തി.

ഇതെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഇവയെ പരിപാലിച്ചില്ലെങ്കിൽ പിന്നെ നമ്മൾ മുഷ്യരായിരുന്നിട്ടെന്താണ് കാര്യമെന്നും അസീസ് ചോദിക്കുന്നു. ലോകത്തുള്ള മുഴുവൻ ജീവജാലങ്ങളെയും സ്രഷ്ടാവ് പരിപാലിക്കുന്നു. ഇവിടെ ഞാനതിനൊരു കാരണക്കാരാനായെന്നു മാത്രം. പുഞ്ചിരിയോടെ അസീസ് പറയും. ആരും പരിഗണിക്കാതെയും എല്ലാവരാലും തഴയപ്പെട്ടും ജീവിക്കുന്ന ഒരു പറ്റം മിണ്ടാപ്രാണികളെ നെഞ്ചോട് ചേർത്ത് അവർക്കത്താണിയായി, പട്ടിണിയകറ്റി സ്‌നേഹവായ്പ്പുകളുടെ പരസ്പര കൈമാറ്റങ്ങളുമായി കടപ്പുറത്തെ മണൽത്തരികളെ സാക്ഷിയാക്കി നടന്നുനീങ്ങുകയാണ് അസീസ്; കർമങ്ങളുടെ നിർവൃതിയോടെ.
.

സബ് എഡിറ്റർ, സിറാജ്

Latest