National
18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം; പണം നല്‍കണം
ന്യൂഡല്‍ഹി | രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സീന്‍ നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 10 മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും മൂന്നാം ഡോസ് അഥവാ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാം. എന്നാല്‍, ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ പോലെ കരുതല്‍ ഡോസ് അഥവാ ബൂസ്റ്റര്‍ ഡോസ് സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിനേഷന്‍ എന്നതിനാല്‍ പണം നല്‍കേണ്ടി വരും.
രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒമ്പത് മാസം പൂര്‍ത്തിയായ ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതിയുള്ളൂ. അതേസമയം, സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷനും മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊവിഡ് പോരാളികള്‍ക്കും നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷനും തുടരും.