Kerala
ഭിന്നതകളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണം: കാന്തപുരം
പ്രവാസി സുരക്ഷാ പദ്ധതിയായ ഐ സി എഫ് കെയര്‍ പ്രഖ്യാപിച്ചു
തൃശൂര്‍ | ഭിന്നതകളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്നും നന്മയില്‍ ഒരുമിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ. എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തൃശൂർ ആമ്പല്ലൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കക്ഷികള്‍ മതേതര സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. അതിനായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. മതമൈത്രിയും സ്‌നേഹ ബന്ധവും കുറഞ്ഞുവരികയാണ്. സമുദായത്തിന്റെയുള്ളില്‍ ഭിന്നതയുണ്ടാക്കാന്‍ ചില ചെറുസംഘങ്ങള്‍ ശ്രമിക്കുന്നുണ്ട്. അവര്‍ ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പരിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് ഇന്ത്യന്‍ മുസ്്‌ലിംകളുടെ പാരമ്പര്യ ശബ്ദമാണ്. ഒത്തൊരുമിച്ച് രാജ്യത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അഹ്ലുസ്സുന്നക്ക് എല്ലാ കാലത്തും കഴിഞ്ഞിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
ചടങ്ങില്‍ പ്രവാസി സുരക്ഷാ പദ്ധതിയായ ഐ സി എഫ് കെയറിൻ്റെ പ്രഖ്യാപനവും കാന്തപുരം നിര്‍വഹിച്ചു.