Connect with us

interview

'ടാറ്റ' എഴുതിയതെല്ലാം സാധാരണ മനുഷ്യരുടെ കഥകൾ

'വലിയ ആളുകള്‍ക്ക് മുതല്‍ കൊച്ചുകുട്ടികള്‍ക്ക് വരെ ടാറ്റയെ അറിയാം. വളരെ നല്ല പരിചയമുള്ള ആളെപ്പോലെയാണ് അവരൊക്കെ ഇടപെട്ടിരുന്നത്. ബഷീറിന്‍റെ മോളോ എന്നു ചോദിച്ച് ഓടിവരുമായിരുന്നു പലരും. എന്‍റെ സുഹൃത്തുക്കളായ പല്ലവിയും ജയദേവനുമുണ്ട്. അവരുടെ മകള്‍ രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്താണെന്നു തോന്നുന്നു, ബഷീറിന്‍റെ പാത്തുമ്മയുടെ ആടും മാന്ത്രികപ്പൂച്ചയുമൊക്കെ വായിച്ചിട്ട് ഒരു ദിവസം കോഴിക്കോട് ഡോക്ടറെ കാണാന്‍ വന്നപ്പോള്‍ " എനിക്ക് ബഷീറിന്‍റെ മോളെ ഒന്നു തൊട്ടാല്‍മതി " എന്നു പറഞ്ഞ് ഡിസി ബുക്സില്‍ വന്നെന്നെ തൊട്ടു. വല്ലാത്ത സ്നേഹപ്രകടനമൊക്കെയായിരുന്നു' - വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ ദിനത്തിൽ മനസ്സ് തുറന്ന് മകൾ ഷാഹിന ബഷീർ...

Published

|

Last Updated

പരിചയപ്പെടുത്താന്‍ ഒരാമുഖം ആവശ്യമില്ലാത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ്‌ ബഷീർ. ജീവിതാനുഭവങ്ങളുടെ വളക്കൂറുള്ള മണ്ണില്‍ നിന്നാണ് ബഷീറിന്‍റെ കഥകള്‍ ഉടലെടുത്തത്. അതുകൊണ്ട് തന്നെ അവ കൈയിലെടുക്കുന്ന ഓരോ വായനക്കാരന്‍റേയും കഥകൾ തന്നെ ആയിരുന്നു. മൂന്ന് തലമുറയെങ്കിലും ബഷീര്‍ സാഹിത്യത്തില്‍ നിന്ന് വായന തുടങ്ങിയവരാണ്.

മുച്ചീട്ടുകളിക്കാരന്‍റെ മകളും, ന്‍റുപ്പൂപ്പാക്കൊരൊനാണ്ടേര്‍ന്നുവും വായിച്ച് അതിലെ നര്‍മ്മം ആസ്വദിച്ചവര്‍ തന്നെ മതിലുകളും ശബ്ദങ്ങളും വായിച്ച് ‘ഹോ , എന്തൊരു ജീവിതാവിഷ്കാരം ‘ എന്ന് അതിശയിച്ചിട്ടുമുണ്ട്. ‌എന്നാല്‍ സാധാരണ സമൂഹത്തില്‍ നിന്നും തന്‍റെ വായനക്കാരില്‍ നിന്നും അകന്ന് ജീവിച്ച എഴുത്തുകാരനുമായിരുന്നില്ല വൈക്കം മുഹമ്മദ് ബഷീർ. ഒരിക്കലെങ്കിലും ബേപ്പൂരിലെ വൈലാലില്‍ വീട് സന്ദര്‍ശിച്ച മനുഷ്യര്‍ അത് സാക്ഷ്യപ്പെടുത്തുന്നു. വായനക്കാരനെ യജമാനനായി കണ്ട മഹാനായ എഴുത്തുകാരൻ… ‘ഊണ് കഴിച്ചോ ‘ എന്ന ആദ്യ ചോദ്യം‌ കൊണ്ട് അപരിചിതനായ വായനക്കാരനെ വരവേല്‍ക്കുന്ന ബേപ്പൂർ സുൽത്താൻ.

ഇന്ന് വൈക്കം‌ മുഹമ്മദ് ബഷീറിന്‍റെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തെ ഏറ്റവും അടുത്തറിഞ്ഞ മകള്‍ ഷാഹിന ബഷീര്‍ തന്നെ തന്‍റെ പ്രിയപ്പെട്ട ടാറ്റയുടെ ഓര്‍മ്മകള്‍ സിറാജ്‍ലൈവുമായി പങ്കിടുന്നു. ഷാഹിനത്തയോട് പലരും‌ ചോദിക്കണമെന്നാഗ്രഹിച്ച ചോദ്യങ്ങളില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം…

‘ടാറ്റ’യെന്ന് ഷാഹിനത്ത വിളിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മ്മദിനമാണല്ലോ ഇന്ന്. മകള്‍ക്ക് സ്വന്തം ടാറ്റയെ ഓര്‍ക്കാന്‍ ഒരു ദിനത്തിന്‍റെ ആവശ്യമില്ലെന്നറിയാം. ബേപ്പൂരിലെ വൈലാലില്‍ വീടും മാംഗോസ്റ്റീന്‍ മരവും അവിടത്തെ ഗ്രാമഫോണും അതിലെ സൈഗാളിന്‍റെ പാട്ടും കേരളം മുഴുവൻ പ്രശസ്തമാണ്. വൈലാലിലെ കുട്ടിക്കാലം ഓര്‍ത്തെടുക്കാമോ?

ഏതൊരു ചെറിയ കുട്ടികളേയും പോലെ, ഞാനും ഉമ്മച്ചിയും ടാറ്റയും ചേര്‍ന്ന് വൈലാലിലെ വീട്ടിലാണ് താമസിച്ചിരുന്നത്. അന്ന് ഞാനൊരു കൊച്ചുകുട്ടിയല്ലേ, അതിനനുസരിച്ചുള്ള വിവരമല്ലേയുള്ളു. ടാറ്റ എഴുതുമ്പോള്‍ കളിക്കാന്‍ വിളിക്കും. ടാറ്റയേയും ഉമ്മച്ചിയേയും ഞാൻ ഭയങ്കരമായി ബുദ്ധിമുട്ടിച്ചിട്ടുണ്ടായിരുന്നു. കളിക്കാന്‍ കൂട്ടുകാരില്ലെന്നതായിരുന്നു എന്‍റെ വലിയ പ്രശ്നം. ടാറ്റയാണെങ്കില്‍ എന്നെ അയല്‍വീടുകളിലേക്കൊന്നും പറഞ്ഞുവിടുകയുമില്ല. ടാറ്റയ്ക്ക് ഭയമായിരുന്നു എന്നെ തനിച്ചു വിടാന്‍. പിന്നെ രണ്ടേക്കര്‍ പറമ്പില്‍ ഒരൊറ്റ വീടുമായിരുന്നല്ലോ ഞങ്ങളുടേത്. എങ്കിലും ടാറ്റ കൊത്തങ്കല്ല് കളിക്കാനൊക്കെ എന്നോടൊപ്പം വന്നിട്ടുണ്ട്. ഉമ്മച്ചി ഒളിച്ചുകളിക്കാന്‍ കൂടുമായിരുന്നു. എനിക്ക് കളിക്കാന്‍ കൂട്ടില്ലാത്ത പ്രശ്നം പരിഹരിക്കാനാണ് പൂച്ചക്കുഞ്ഞിനെ കൊണ്ടുവന്നത്. പൂച്ചയും ഞാനും ടാറ്റയും ഉമ്മച്ചിയുമെല്ലാമുള്ള കഥയാണ് ‘മാന്ത്രികപ്പൂച്ച’. വായിച്ചിരിക്കുമല്ലോ?.

ഭയങ്കര സന്തോഷത്തോടെയായിരുന്നു ഞങ്ങള്‍ വൈലാലില്‍ ജീവിച്ചിരുന്നത്. ടാറ്റ കഥയെഴുതുന്നത് രാത്രിയിലാണ് , വൈകുന്നേരം ടാറ്റ പുറത്തുപോകുമ്പോള്‍ ഞങ്ങള്‍ക്ക് പൊറോട്ടയും ചാപ്സും‌ വാങ്ങിച്ചു വവരും. രാത്രിയിൽ കഥയെഴുതുന്നതിനാല്‍ രാവിലെ പതിനൊന്നു മണിക്കൊക്കെയാണ് എഴുന്നേല്‍ക്കുന്നത്. പിന്നെ മീന്‍ വാങ്ങാന്‍ പോകും. ടാറ്റയ്ക്ക് തിരുത മീനൊക്കെ വലിയ ഇഷ്ടമായിരുന്നു. അത് വറുത്തരച്ചു കറിവെച്ചു കൊടുക്കും. ആ തിരുത വെട്ടുന്നതിനൊക്കെ പ്രത്യേക ഭംഗിയായിരുന്നു. അത് നമ്മുടെ നാട്ടിലെപ്പോലെ വട്ടത്തിലല്ല, പ്രത്യേകതരത്തില്‍ ചെരിച്ചാണ് മുറിക്കുന്നത്. ടാറ്റ കറിവെക്കുന്നതിലും പാചകത്തിലുമൊക്കെ വലിയ ആശാനായിരുന്നു. ഇത്രയൊക്കെയാണ് എന്‍റെ ബാല്യകാലത്തിന്‍റെ ഓര്‍മ്മകള്‍

ബഷീർ കൃതികളുടെ പ്രസാധകരായ ഡിഡി ബുക്സിലാണല്ലോ ജോലി ചെയ്യുന്നത്. പുതിയ തലമുറ ബഷീറിന്‍റെ പുസ്തകങ്ങളെ എങ്ങനെ സമീപിക്കുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ ?

വലിയ ആളുകള്‍ക്ക് മുതല്‍ കൊച്ചുകുട്ടികള്‍ക്ക് വരെ ടാറ്റയെ അറിയാം. വളരെ നല്ല പരിചയമുള്ള ആളെപ്പോലെയാണ് അവരൊക്കെ ഇടപെട്ടിരുന്നത്. ബഷീറിന്‍റെ മോളോ എന്നു ചോദിച്ച് ഓടിവരുമായിരുന്നു പലരും. എന്‍റെ സുഹൃത്തുക്കളായ പല്ലവിയും ജയദേവനുമുണ്ട്. അവരുടെ മകള്‍ രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്താണെന്നു തോന്നുന്നു, ബഷീറിന്‍റെ പാത്തുമ്മയുടെ ആടും മാന്ത്രികപ്പൂച്ചയുമൊക്കെ വായിച്ചിട്ട് ഒരു ദിവസം കോഴിക്കോട് ഡോക്ടറെ കാണാന്‍ വന്നപ്പോള്‍ ” എനിക്ക് ബഷീറിന്‍റെ മോളെ ഒന്നു തൊട്ടാല്‍മതി ” എന്നു പറഞ്ഞ് ഡിസി ബുക്സില്‍ വന്നെന്നെ തൊട്ടു. വല്ലാത്ത സ്നേഹപ്രകടനമൊക്കെയായിരുന്നു. അതുപോലെ ഒരുപാട് കുട്ടികള്‍ അച്ഛനമ്മമാരുടെ കൂടെ വന്നിട്ട് സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ഈ പുതിയ തലമുറയിലേയും പഴയ തലമുറയിലേയും അതിനു മുമ്പുള്ള തലമുറയിലേയും ആളുകള്‍ക്ക് ബഷീറിനെ അറിയാം.

ബഷീറിന്‍റെ കാലത്ത് വൈലാലില്‍ വീട് എഴുത്തുക്കാരുടെയും എഴുത്തിനെ സ്നേഹിക്കുന്നവരുടെയും ഒരു തീര്‍ത്ഥാടനകേന്ദ്രമായിരുന്നു. പിന്നീട് ഉമ്മച്ചി ജീവിച്ചിരുന്നപ്പോഴും , പ്രിയപ്പെട്ട എഴുത്തുകാരന്‍റെ ഓര്‍മ്മ പുതുക്കാന്‍ ആരാധകരെത്തിയിരുന്നു. ഇപ്പോഴും വൈലാലില്‍ വീട് തേടി ആരാധകരെത്താറുണ്ടോ?

ഇപ്പോഴും ആളുകള്‍ വൈലാലില്‍ വീട്ടില്‍ വരാറുണ്ട്. ഉമ്മച്ചിയുള്ളപ്പോള്‍ വീട് തുറന്നിരിക്കുമായിരുന്നു. ഉമ്മച്ചി മരിച്ചു പോയതില്‍ പിന്നെ വീട്ടില്‍ അനിയനും ഭാര്യയും അവരുടെ കുട്ടികളുമാണുള്ളത്. അവരൊക്കെ ജോലിക്ക് പോവുകയും സ്കൂളിൽ പോവുകയുമൊക്കെ ചെയ്യുന്നതിനാല്‍ വീട്ടില്‍ ആളുണ്ടാകുമായിരുന്നില്ല. എന്നാലും വര്‍ക്കിംഗ് ഡേകളില്‍ പുറത്തു വന്നുനിന്നൊക്കെ വീട് സന്ദര്‍ശിച്ചുപോകുന്ന ഒരുപാട് പേരുണ്ട്. അധികം പേരും ഞായറാഴ്ചകളില്‍ വന്ന് വീടും മാംഗോസ്റ്റീന്‍ മരവുമൊക്കെ കണ്ട്, ടാറ്റയിരുന്ന കസേരയിലൊക്കെ തൊട്ട് സന്തോഷവാന്മാരായി‌പോകാറുണ്ട്.

‘മാന്ത്രികപ്പൂച്ച’യിലെ നായിക വളര്‍ന്നു വലുതായി. വര്‍ഷങ്ങളായി പുസ്തകങ്ങള്‍ക്കിടയില്‍ തന്നെയാണ്… ഷാഹിനത്തയുടെ വായനകള്‍ ഏതു ജനുസില്‍പെടും?

മാന്ത്രികപ്പൂച്ചയിലെ മോളാണ് ഞാന്‍. പ്രധാന കഥാപാത്രമായ കൗസുക്കുട്ടിയെന്ന പൂച്ചയെ കളിക്കൂട്ടുകാരിയാക്കിവെച്ചു കളിക്കുന്ന മോൾ. ഇപ്പോള്‍ ഞാന്‍ വളര്‍ന്ന് വലിയ കുട്ടിയായി, മുത്തശ്ശിയായി… എന്‍റെ വായനയെന്ന് പറയുമ്പോള്‍, ഞാനത്ര ഗൗരവമായിട്ട് വായിക്കുന്ന ഒരാളൊന്നുമല്ല. ഞാന്‍ കാണുന്നതൊക്കെ വായിക്കും. മലയാള മനോരമ ആഴ്ചപ്പതിപ്പായിരുന്നു പണ്ടെന്‍റെ വീക്ക്നെസ്സ്. അത് വായിച്ചില്ലെങ്കില്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നു. ഞാനെന്‍റെ സുഹൃത്തുക്കളോടൊക്കെ പറയുമ്പോള്‍ അവരെന്നെ പുച്ഛത്തോടെ നോക്കുമായിരുന്നു. പക്ഷേ എനിക്ക് എന്തു കിട്ടിയാലും വായിക്കാനിഷ്ടമായിരുന്നു.

പുസ്തകങ്ങളോടൊപ്പമുള്ള ജീവിതത്തില്‍ പുതിയ കുട്ടികളുടെ വായന ഏതാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ..

പുതിയ കുട്ടികളുടെ വായനയെപ്പറ്റി പറയുമ്പോള്‍ ഇപ്പോഴും വായന മരിച്ചിട്ടൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴും ഗൗരവമായി വായിക്കുന്നവര്‍ ധാരാളമുണ്ട്. പുതിയ‌ കുട്ടികളൊക്കെ ഗൗരവമായി വായിക്കുന്നവരാണ്. ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്തു വായിക്കുന്നവരാണ്. പരന്ന വായനയില്ലെങ്കിലും അവര്‍ക്കിഷ്ടപ്പെട്ട എഴുത്തുകാരുടെ കൃതികൾ തിരഞ്ഞെടുത്തു വായിക്കുന്നവരാണധികവും.

എഴുത്തുകാരനേക്കാള്‍ വായനക്കാരെ പരിഗണിച്ചിരുന്ന ആളാണ് ബഷീർ. ‘അയാള്‍ പുസ്തകം വാങ്ങി വായിച്ചില്ലെങ്കില്‍ ഞാന്‍ അരി വാങ്ങുന്നതെങ്ങനെ’ എന്ന് തമാശയായി ചോദിച്ചത് വായിച്ചിരുന്നു. പുസ്തകങ്ങള്‍ക്കിടയിലെ ജീവിതം എങ്ങനെയാണ് അദ്ദേഹത്തിന്‍റെ മകള്‍ കാണുന്നത് ?

ടാറ്റ എഴുത്തുകാരേക്കാളും വായനക്കാരെ പരിഗണിച്ചിരുന്ന ആളാണ് , അയാള്‍ പുസ്തകം വാങ്ങി വായിച്ചില്ലെങ്കില്‍ ഞാന്‍ അരി വാങ്ങുന്നതെങ്ങനെയെന്ന് തമാശയായല്ല, കാര്യമായിത്തന്നെ ടാറ്റ പറയുമായിരുന്നു. അത് സത്യമാണ് ടാറ്റ മരിച്ചിട്ട് മുപ്പത് വര്‍ഷം തികയുന്നു. ഇപ്പോഴും അദ്ദേഹത്തിനെ വായനക്കാര്‍ ഓര്‍ക്കുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യുന്നത് അതുകൊണ്ടാണ്. പിന്നെ ടാറ്റ എഴുതിയതൊക്കെ ചുറ്റിലും കാണുന്ന സാധാരണ മനുഷ്യരുടെ കഥകളാണ്. അതുകൊണ്ട് തന്നെ ‘അത് ഞാനല്ലേ’ എന്നൊരു തോന്നലവര്‍ക്കുണ്ടായിട്ടുണ്ട്.

പിന്നെ ടാറ്റയെ കാണാന്‍ വീട്ടിലെത്തുന്ന വായനക്കാരോട് ടാറ്റ സാഹിത്യം ചര്‍ച്ച ചെയ്തിരുന്നില്ല. ആദ്യം ചോദിക്കുന്നത് ചായകുടിച്ചോ, ഊണ് കഴിച്ചോ എന്നൊക്കെയാണ്. പിന്നെ ‘എന്തു ശമ്പളം‌കിട്ടും, ജീവിക്കാന്‍ അത് തികയുമോ’ എന്നൊക്കെ സാധാരണക്കാരന്‍റെ ജീവിതത്തെക്കുറിച്ചായിരുന്നു അന്വേഷിക്കാറുണ്ടായിരുന്നത്. ഞാന്‍ കണ്ടത് ഇതൊക്കെയാണ്. അതുകൊണ്ടൊക്കെ തങ്ങളിലൊരാളായിട്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ കാണുന്നത്. മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും ജനം ബഷീറിനെ മനസ്സില്‍ കൊണ്ടുനടക്കുന്നത് അതുകൊണ്ട് തന്നെയാണ്.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ മകളെന്ന നിലയിൽ ഇന്നത്തെ വായനക്കാരോടുള്ള സന്ദേശം എന്താണ് ?

ഈ ചോദ്യത്തിനുള മറുപടി പറയാന്‍ എനിക്കാവില്ല. ഞാനും അവരുമെല്ലാം ഒന്നല്ലേ. സന്ദശം കൊടുക്കാന്‍ മാത്രമുള്ള വലിപ്പമൊന്നും എനിക്കില്ല. നമ്മള്‍ വായിക്കുന്നു, അറിയുന്നു, ചുറ്റുപാടുകളെ മനസ്സിലാക്കുന്നു. വായനയിലൂടെ നമ്മള്‍ പല കാര്യങ്ങളും തിരിച്ചറിയുകയാണ്. ഹൃദയം വിശാലമാവുകയാണ്. നമുക്ക് മറ്റുള്ളവരോടുള്ള സ്നേഹം, അതായത് സഹജീവി സ്നേഹവും കരുതലുമൊക്കെ ചുറ്റുമുള്ളവരോട് തോന്നുന്നുണ്ട് .

ടാറ്റ എല്ലാവരേയും കരുതലോടെ സ്നേഹത്തോടെ കണ്ടിരുന്ന ഒരാളാണ് . ഞാന്‍ നേരത്തേ പറഞ്ഞതു പോലെ, വീട്ടില്‍ വരുന്നവരോട് ടാറ്റ ഒരിക്കലും‌ സാഹിത്യം‌ സംസാരിച്ചിരുന്നില്ല. ഭക്ഷണം കഴിച്ചോ, അവര്‍ക്ക് സുഖമായി ജീവിക്കാന്‍ കഴിയുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു. അത് മറ്റുള്ളവരോടുള്ള കരുതലായിട്ടെനിക്ക് തോന്നിയിട്ടുള്ളത്.

കരുതലും സ്നേഹവും‌ വാത്സല്യവുമെല്ലാം ആയിരുന്നു ടാറ്റ. ചുറ്റുപാടുമുള്ള നാനാജാതി മനുഷ്യര്‍ ടാറ്റയെ കാണാൻ വന്നിട്ടുണ്ട്. മാനസികമായി‌ തകരാറുള്ളവര്‍ പോലും ടാറ്റയുടെ അടുത്ത് ഇരുന്നു സ്നേഹത്തോടെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. മനുഷ്യരെ തിരിച്ചറിഞ്ഞ് അവരോട് സ്നേഹത്തോടെയും അനുതാപത്തോടെയും പെരുമാറുക എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ വായന ഇവിടെ തീരുന്നില്ല. ബഷീര്‍ എന്ന മനുഷ്യന്‍റെ അതിശയം നിറഞ്ഞ കഥകളും. ബഷീറിന്‍റെ എഴുത്തുകള്‍ തേടി ഇനിയും തലമുറകള്‍ വരും എന്ന ഉറപ്പാണ് ആ കൃതികളുടെ കാതല്‍.

 

കണ്ടന്റ് റൈറ്റർ

Latest