Web Special
തൊട്ടതിനെല്ലാം പൊള്ളുംവില; പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി പാക്കിസ്ഥാന്‍
ഇറക്കുമതി ചെയ്യാനുള്ള പണം രാജ്യത്തിന്റെ കൈവശം ഇല്ലാത്തതാണ് പ്രശ്‌നം.
പാക്കിസ്ഥാനില്‍ വിലക്കയറ്റം 48 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍. അടിയന്തര ചര്‍ച്ചകള്‍ക്കായി അന്താരാഷ്ട്ര നാണ്യനിധി (ഐ എം എഫ്) പ്രതിനിധികള്‍ പാക്കിസ്ഥാനിലെത്തിയിട്ടുണ്ട്. ജനുവരിയിലെ വര്‍ഷാവര്‍ഷ പണപ്പെരുപ്പം 27.55 ശതമാനമാണ്. 1975 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് വിലക്കയറ്റം ഇങ്ങനെ കുതിച്ചുയര്‍ന്നത്. ഇതിനെ തുടര്‍ന്ന്, കറാച്ചി തുറമുഖത്ത് ആയിരക്കണക്കിന് കണ്ടെയ്‌നറുകളാണ് പിടിച്ചുവെച്ചത്.
ദേശീയ ബേങ്കിലുള്ളത് മൂന്നാഴ്ചത്തെ ചെലവിനുള്ള പണം മാത്രം
വിദേശ കടങ്ങളെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതാണ് പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. പാക്കിസ്ഥാന്റെ ദേശീയ ബേങ്കില്‍ 370 കോടി ഡോളര്‍ മാത്രമാണ് ബാക്കിയുള്ളത്. വെറും മൂന്നാഴ്ചത്തെ ഇറക്കുമതിക്കേ ഇത് തികയൂ. ധനസഹായ പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാനാണ് ഐ എം എഫ് പ്രതിനിധി സംഘം പാക്കിസ്ഥാനിലെത്തിയത്. ഐ എം എഫിന്റെ കര്‍ശന നിബന്ധനകളെ തുടര്‍ന്നാണ് ചര്‍ച്ച സ്തംഭിച്ചിരുന്നത്. രാജ്യം പാപ്പരാകുന്ന സ്ഥിതിയിലിരിക്കെ സഹോദര രാജ്യങ്ങളൊന്നും ധനസഹായവുമായി മുന്നോട്ടുവന്നിട്ടില്ല. ഇതിനെ തുടര്‍ന്ന് ഐ എം എഫിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നിരിക്കുകയാണ് പാക്കിസ്ഥാൻ.
കരിഞ്ചന്ത നിയന്ത്രിക്കുന്നതിന് രൂപയുടെ മേലുള്ള നിയന്ത്രണത്തില്‍ സര്‍ക്കാര്‍ അയവുവരുത്തിയിരുന്നു. രൂപയുടെ ചരിത്ര പതനത്തിലാണ് ഇത് കലാശിച്ചത്. മാത്രമല്ല, ഇന്ധന വില വര്‍ധിപ്പിക്കുകയും ചെയ്തു. അടിയന്തര ഭക്ഷണം, മരുന്ന് ആവശ്യങ്ങള്‍ക്കല്ലാതെ ദേശീയ ബേങ്ക് കടപ്പത്രം ഇറക്കുന്നില്ല. ഇതുകാരണം കറാച്ചി തുറമുഖത്ത് ആയിരക്കണക്കിന് ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ കെട്ടിക്കിടക്കുകയാണ്. ഇറക്കുമതി ചെയ്യാനുള്ള പണം രാജ്യത്തിന്റെ കൈവശം ഇല്ലാത്തതാണ് പ്രശ്‌നം.
തെരുവിൽ യാചകർ വർധിച്ചു
ഇറക്കുമതി നിരോധവും രൂപയുടെ ഇടിവും കാരണം വ്യവസായ രംഗം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. സര്‍ക്കാറിന്റെ നിര്‍മാണ പദ്ധതികള്‍ തടസ്സപ്പെട്ടിട്ടുണ്ട്. വസ്ത്ര നിര്‍മാണ ഫാക്ടറികള്‍ ഭാഗികമായി അടക്കുകയും ആഭ്യന്തര നിക്ഷേപം മന്ദഗതിയിലാകുകയും ചെയ്തു. ജനുവരി മാസത്തേക്കുള്ള ദേശീയ ഉപഭോക്തൃ വില സൂചിക ഡിസംബറിനെ അപേക്ഷിച്ച് 2.88 ശതമാനമായാണ് വര്‍ധിച്ചത്. കറാച്ചിയില്‍ പെയിന്റര്‍മാരും ആശാരിമാരും അടക്കമുള്ള പ്രതിദിന കൂലിപ്പണിക്കാര്‍ പണിയായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് കാത്തിരിക്കുന്ന കാഴ്ച നിത്യമാണ്. ജോലിക്ക് ആരും വിളിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നഗരത്തില്‍ യാചകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അപരിചിതര്‍ നല്‍കുന്ന ഭക്ഷണപ്പൊതികളിലാണ് പലരുടെയും അന്നന്നത്തെ ദിനം നീങ്ങുന്നത്. സമ്പാദിക്കുന്നതില്‍ നിന്ന് ഒന്നും നീക്കിവെക്കാനാകാത്ത വിധം വിലക്കയറ്റമാണെന്ന് എല്ലാവരും പറയുന്നു.
മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ കാലത്ത്, ശതകോടികളുടെ വായ്പക്ക് വേണ്ടി 2019 മുതല്‍ ഐ എം എഫുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സബ്‌സിഡികള്‍ വെട്ടിക്കുറക്കുക, വിപണിയില്‍ ഇടപെടുക തുടങ്ങിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതിനാല്‍ വായ്പാ പദ്ധതി അനിശ്ചിതത്വത്തിലായി. അധിക ജനങ്ങളും ഗ്രാമീണ ദാരിദ്ര്യത്തില്‍ കഴിയുന്ന പാക്കിസ്ഥാനില്‍, കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രണ്ട് ഡസനിലേറെ കരാറുകള്‍ക്ക് ഐ എം എഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ അവ പൂര്‍ത്തിയാക്കാറില്ല.