Connect with us

From the print

കുടിയൊഴിപ്പിക്കുന്നു, കൊലപ്പെടുത്തുന്നു

ഗസ്സയിൽ കുഞ്ഞുങ്ങളടക്കം 19 പേർകൂടി കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ | ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും മേൽനോട്ടത്തിൽ ആദ്യഘട്ട പോളിയോ വാക്‌സീനേഷൻ നടക്കുന്നതിനിടെ ഖാൻ യൂനുസിലും ഗസ്സ നഗരത്തിലും ഇസ്‌റാഈൽ നടത്തിയ ആക്രമണങ്ങളിൽ 19 പേർ കൂടി കൊല്ലപ്പെട്ടു. വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് 19ൽ 11 പേരും മരിച്ചത്. ഇതിൽ നാല് കുഞ്ഞുങ്ങളും ഉൾപ്പെടും.
മധ്യഗസ്സയുടെ കിഴക്കൻ ഭാഗത്താണ് കഴിഞ്ഞ രാത്രി ഇസ്‌റാഈൽ കൂടുതൽ ആക്രമണം നടത്തിയത്. മഗാസി അഭയാർഥി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ഇവിടെ നിരവധി പാർപ്പിടങ്ങൾ തകർത്തു. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഗസ്സ നഗരത്തിലെ ശുഹാദ അൽ സൈത്തൂൻ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിലും രണ്ട് പേർ കൊല്ലപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ടവർ മാറിയ സ്‌കൂളിൽ ഹമാസിന്റെ സൈനിക കമാൻഡ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം തുഫ നഗരത്തിനടുത്ത് ഒരു പ്രീ സ്‌കൂളും നിരവധി വീടുകളും തകർത്തിരുന്നു. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്നയിടങ്ങളിലാണ് ബോംബ് വർഷിക്കുന്നത്.

വടക്കൻ ഗസ്സയിലെ സബ്‌റയിൽ അൽ ഇസ്തിജാബ മസ്ജിദിന് സമീപം ഇസ്‌റാഈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
അതിനിടെ ഹെബ്രോണിന് പടിഞ്ഞാറ് തർഖുമിയ സൈനിക ചെക്ക്‌പോസ്റ്റിന് സമീപം സൈനിക വെടിവെപ്പിൽ രണ്ട് ഫലസ്തീനികൾക്ക് പരുക്കേറ്റു. ഇവരെ റെഡ്ക്രസന്റ് വളണ്ടിയർമാർ ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ ഹെബ്രോണിലെ ദുറ, ഹദബ് അൽ ഫവാർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് ഫലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്തു.
അതേസമയം, സൗറയിൽ ഇസ്‌റാഈൽ പീരങ്കിപ്പടക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. തിബെരിയാസ് തടാകത്തിന് വടക്ക് പടിഞ്ഞാറായി ഇസ്‌റാഈൽ ആയുധ, എമർജൻസി സംഭരണശാലക്ക് നേരെയും ഹിസ്ബുല്ല ആക്രമണം നടത്തി.
തെക്കൻ ലബനാനിലെ ബ്ലിദയിൽ ഹിസ്ബുല്ല സൈനിക കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടമെന്ന് ഇസ്‌റാഈൽ അവകാശപ്പെട്ട കെട്ടിടത്തിൽ ഇസ്‌റാഈൽ യുദ്ധവിമാനം ഇടിച്ചുതകർത്തു. തെക്കൻ ലബനാനിലെ ഐത അൽ ശാബിൽ പീരങ്കിയാക്രമണവും നടത്തി.
വടക്കൻ ഗസ്സയിൽ നിന്ന് ഇസ്‌റാഈൽ നഗരമായ അഷ്‌കലോണിലേക്ക് വന്ന റോക്കറ്റുകളിലൊന്ന് വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും മറ്റൊന്ന് കടലിൽ പതിച്ചതായും ഇസ്‌റാഈൽ സേന പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
വീണ്ടും ഒഴിപ്പിക്കൽ
കിഴക്കൻ ബൈത്ത് ലഹിയയിലെ താമസക്കാരെ കുടിയിറക്കുന്നതിന് ഇസ്‌റാഈൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ഈ പ്രദേശം നിലവിൽ അപകടകരമായ യുദ്ധമേഖലയായി മാറിയിട്ടുണ്ടെന്ന് ഇസ്‌റാഈൽ സൈനിക വക്താവ് അവിഷായ് അദ്രായി വാദിച്ചു. ഫലസ്തീനികളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച അൽ മൻഷിയ, ശൈഖ് സായിദ്, ബൈത്ത് ലാഹിയ പദ്ധതികൾ നടപ്പാക്കുന്ന പ്രദേശമാണിത്.
ഗസ്സയും പ്രധാന ഭാഗങ്ങളും ജൂത സെറ്റിൽമെന്റിനായി പിടിച്ചെടുക്കുന്നതിനായാണ് ഫലസ്തീനികളെ ഒഴിപ്പിക്കൽ ഉത്തരവുകളിലൂടെ പുറത്താക്കുന്നതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗസ്സയെ മൂന്നായി വിഭജിക്കാനാണ് ഇസ്‌റാഈൽ ശ്രമം. ഫലസ്തീൻ അതോറിറ്റിയെ അട്ടിമറിക്കാനാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്ക് കൂടി ഇസ്‌റാഈൽ ആക്രമണം വ്യാപിപ്പിച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Latest