Kerala
പേരാമ്പ്ര അനു വധക്കേസില്‍ തെളിവെടുപ്പ് :പ്രതി മുജീബ് റഹ്മാനെതിരെ ജനരോഷം
ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് കാല്‍നടയായി മുളിയങ്ങലിലേക്ക് യുവതി പോകുന്ന വഴിയാണ് പ്രതി കൊലപാതകം നടത്തിയത്.
കോഴിക്കോട് | അനു വധക്കേസ് പ്രതി മുജീബ് റഹ്മാനെ വാളൂരില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ വന്‍ജനരോഷം. പ്രതിയെ നാട്ടുകാര്‍ കൂവി വിളിച്ചു.പോലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞ് നാട്ടുകാര്‍ അക്രമാസക്തമാവുകയും ചെയ്തു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ മുതല്‍ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു. അനുവിനെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയ വാളൂര്‍ നൊച്ചാട് പിഎച്ച്‌സിക്ക് സമീപത്തെ തോട്ടിനരികില്‍ പ്രതിയെ എത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.
പ്രതിക്കുനേരെ നാട്ടുകാര്‍ പ്രതിഷേധിക്കുമെന്ന് ഉറപ്പായതോടെ പോലീസും ജനപ്രതിനിധികളും തെളിവെടുപ്പിനായി സഹകരിക്കണമെന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആളുകള്‍ പ്രതിയെ കൂവി വിളിക്കുകയും അസഭ്യവര്‍ഷം പറയുകയും ചെയ്തു.ഇതോടെ ഏറെ പണിപ്പെട്ടാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
മാര്‍ച്ച് 11നാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് കാല്‍നടയായി മുളിയങ്ങലിലേക്ക് യുവതി പോകുന്ന വഴിയാണ് പ്രതി കൊലപാതകം നടത്തിയത്. 2022ല്‍ വയോധികയെ ബലാത്സംഗം ചെയ്ത് ആഭരണം കവര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമാണ് മുജീബ്. ഇതിനു പുറമേ നിരവധി കേസുകളും മുജീബിന്റെ പേരിലുണ്ട്.