Connect with us

Kerala

മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാന്‍ ക്ഷുദ്ര വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

സംഘ്പരിവാര്‍ ആക്രമണങ്ങള്‍ കേരളത്തിനും മലയാളികള്‍ക്കും അപമാനം

Published

|

Last Updated

തിരുവനന്തപുരം | മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെ ദുര്‍ബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ഇന്ന്  ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച ക്രിസ്മസ് ആശംസാ കുറിപ്പില്‍ വ്യക്തമാക്കി.

മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ്.

എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മള്‍ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറി. ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.