From the print
ഇ വി എം ഒരു ആണവോത്പന്നം
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ വി എം) നിർമിക്കാൻ ഉപയോഗിച്ച സമാന സൗകര്യങ്ങൾ പൊഖ്‌റാനിൽ ആണവ ബോംബ് നിർമിക്കാനും രാജ്യത്തെ സഹായിച്ചിട്ടുണ്ട്.
മുംബൈ | അണുബോംബും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയായ ഇന്ത്യൻ ലോക്‌സഭാ തിരഞ്ഞെടുപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കേൾക്കുമ്പോൾ ചേർച്ചക്കുറവ് അനുഭവപ്പെടാം. സത്യം മറിച്ചാണ്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ വി എം) നിർമിക്കാൻ ഉപയോഗിച്ച സമാന സൗകര്യങ്ങൾ പൊഖ്‌റാനിൽ ആണവ ബോംബ് നിർമിക്കാനും രാജ്യത്തെ സഹായിച്ചിട്ടുണ്ട്.
1974ലും 98ലുമാണ് പൊഖ്‌റാനിൽ രാജ്യം ആണവ ബോംബ് പരീക്ഷിച്ചത്. ആണവ ബോംബ് നിർമിക്കാൻ സഹായിച്ച സ്ഥാപനങ്ങൾ തന്നെയാണ് അതീവ സുരക്ഷയോടെ ഇ വി എമ്മുകളും നിർമിച്ചത്. ആണവോർജ വകുപ്പിനു കീഴിലുള്ള ഹൈദരാബാദിലെ ഇലക്‌ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ സി ഐ എൽ), പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബെംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് (ഭെൽ) എന്നീ അതീവ സുരക്ഷയുള്ള സ്ഥാപനങ്ങളിലാണ് ഇ വി എം നിർമിച്ചത്. ഈ രണ്ട് സ്ഥാപനങ്ങളും ആണവ ബോംബ് നിർമാണത്തിലും പങ്കുവഹിച്ചു. ആണവോർജ നിലയങ്ങൾ നിർമിക്കുന്നതിൽ ഇ സി ഐ എൽ ഉത്പാദിപ്പിക്കുന്ന ഇലക്‌ട്രോണിക്‌സ് പ്രധാന പങ്കുവഹിക്കുന്നു. ഇവിടെ നിന്നുള്ള അത്യാധുനികവും സൂക്ഷ്മവുമായ ഇലക്‌ട്രോണിക്കുകൾ ആണവ ബോംബ് വികസിപ്പിക്കുന്നതിലും ഉപയോഗിച്ചു. ഇന്ത്യൻ സൈന്യത്തിനായി തടസ്സമുണ്ടാകാത്തതും ഹാക്കിംഗ് ഭീഷണിയില്ലാത്തതുമായ ആശയവിനിമയ ഉപകരണങ്ങളും ഇ സി ഐ എൽ നിർമിക്കുന്നു.
മിസൈൽ സംവിധാനങ്ങളിൽ ഉപയോഗിക്കാവുന്ന അത്യാധുനിക ഇലക്‌ട്രോണിക്‌സ് ഭെൽ ഉത്പാദിപ്പിക്കുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി- 5, ആണവശേഷിയുള്ള അന്തർവാഹിനികൾ, തേജസ് പോർവിമാനങ്ങൾ, ചാര ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ എന്നിവയും നിർമിക്കുന്നു. അതോടൊപ്പം ആക്രമിക്കാനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത ഇ വി എമ്മുകളും
ഈ സ്ഥാപനം
വികസിപ്പിക്കുന്നു.