Kerala
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡി വൈ എസ് പിയെ കുറ്റവിമുക്തനാക്കി
നാലുകെട്ട് മാതൃകയില്‍ ആഢംബര ഭവനം പണിതു എന്നതായിരുന്നു പ്രധാന ആരോപണം
കൊച്ചി | അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതി . വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ കോട്ടയം മുന്‍ ഡി വൈ എസ് പി ബിജു കെ സ്റ്റീഫനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അവസാനിപ്പിച്ചു
അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവാദം തേടി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സ്‌പെഷല്‍ ജഡ്ജി എന്‍ വി രാജു ഉത്തരവ് പുറപ്പെടുവിച്ചത്.
2016 ജൂലൈ മാസത്തിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമാണ് ബിജുവിനെതിരെ കേസ് എടുത്തത്. നാലുകെട്ട് മാതൃകയില്‍ ആഢംബര ഭവനം പണിതു എന്നതായിരുന്നു പ്രധാന ആരോപണം. വീടും ഓഫീസും ഉള്‍പ്പെടെ നാലിടങ്ങളില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം വസ്തു, വാഹന വില്‍പന സംബന്ധമായ 16 രേഖകള്‍ പിടിച്ചെടുത്തതായിഅവകാശപ്പെട്ടു. തുടര്‍ന്ന് ബിജുവിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞെന്ന് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത വസ്തു സംബന്ധമായ രേഖകള്‍ പിതൃ സ്വത്തുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നും വാഹന സംബന്ധമായ രേഖ ബിജുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ വില്‍പന കരാര്‍ ആയിരുന്നുവെന്നും ബോധ്യപ്പെട്ടു. നാലുകെട്ട് മാതൃകയില്‍ വീട് പണിതു എന്നത് ശരിയാണെങ്കിലും ഇതിനായി ബിജുവിന്റെയും ഭാര്യയുടെയും ഒരേക്കറോളം വരുന്ന പിതൃ സ്വത്തുക്കള്‍ വില്‍പന നടത്തിയിരുന്നതായും 20 ലക്ഷം രൂപ ബേങ്ക് ലോണ്‍ എടുത്തിരുന്നതായും വിദേശത്ത് ജോലി ചെയ്യുന്ന അടുത്ത ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും കണ്ടെത്തി.