Kerala
ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം
ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് മുഖത്തും പുറത്തും പൊള്ളലേറ്റു

കോഴിക്കോട് | ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് മുഖത്തും പുറത്തും പൊള്ളലേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് പിടികൂടി. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ലഹരിക്ക് അടിമയായ പ്രശാന്തിന്റെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള പരിക്കിനെ തുടര്‍ന്നാണ് പ്രബിഷ ആയുര്‍വേദ ചികിത്സക്ക് എത്തിയത്. മര്‍ദ്ദനമേറ്റ് ഒരു കണ്ണിന്റെ കൃഷ്ണമണി നേരത്തെ തകര്‍ന്നിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് രണ്ടുവര്‍ഷം മുമ്പ് പ്രബിഷ വിവാഹമോചനം നേടിയത്.
അതിനു ശേഷവും പ്രബിഷയെ കൊല്ലുമെന്ന ഭീഷണിയുമായി ഇയാള്‍ നിരന്തരം ശല്ല്യം ചെയ്യുന്നു. ഇക്കാര്യത്തില്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പലപ്രാവശ്യം പരാതി നല്‍കിയിരുന്നു. ഓരോ തവണ പരാതി നല്‍കുമ്പോഴും പോലീസ് ഇയാളെ വിളിച്ചു വരുത്തി വിട്ടയക്കും. ഇതോടെ പരാതി നല്‍കുന്നത് നിര്‍ത്തിയതായി പ്രബിഷയുടെ അമ്മ പറഞ്ഞു.