Connect with us

veena vijayan

എക്‌സാ ലോജിക്: കേന്ദ്ര ഏജന്‍സികളെ സ്വാഗതം ചെയ്ത് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്വന്തം ശവക്കുഴി തോണ്ടുന്നതായി എം വി ഗോവിന്ദന്‍

അന്വേഷണം സുതാര്യമെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കര്‍

Published

|

Last Updated

തിരുവനന്തപുരം | തൃശ്ശൂര്‍ സീറ്റ് ബി ജെ പിക്ക് അനുകൂലമാകാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ എല്‍ ഡി എഫ്-ബി ജെ പി സെറ്റില്‍മെന്റ് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
എക്‌സാലോജിക്കിനെതിരായ ആര്‍ ഒ സി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്‌സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നല്‍കിയില്ല. സി ബി ഐയും ഇ ഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

സി ബി ഐ, ഇ ഡി അന്വേഷണം വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കോര്‍പ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ടു കാര്യമില്ല. എന്നിട്ടും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ്.

സംഘ്പരിവാറും കേരളത്തിലെ സി പി എമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വന്‍ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. സി ബി ഐ തെറ്റായ വഴിയില്‍ അന്വേഷണം കൊണ്ടുപോയാല്‍ പ്രതിപക്ഷം സര്‍ക്കാരിന് ഒപ്പം നില്‍ക്കും. അധികാരം ദുര്‍വിനിയോഗം ചെയ്യാനോ സെറ്റില്‍മെന്റിനോ അനുവദിക്കില്ല. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തിയില്ല. അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട ഏജന്‍സികളാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന സി പി എം മറുപടി ക്ലീഷേയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് സി പി എമ്മിന്റെ ആരോപണം മാത്രമാണ്. അത് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. സി പി എം – ബി ജെ പി ഒത്തുകളിയെന്ന യു ഡി എഫ് ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്.

സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുമുളള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇ ഡിയും സിബിഐയും അന്വേഷണത്തിന് വരുന്നത്.

സി പി എം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നു. സി പി ഐ എമ്മിന് ഭരണമുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് ഇ ഡിയും കേന്ദ്ര കമ്പനിവകുപ്പും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇ ഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂര്‍ വിഷയത്തില്‍ മന്ത്രി പി രാജീവിനെതിരെയുള്ള ഇ ഡി നീക്കവും ഇതിന്റെ ഭാഗമാണ്.

രാഷ്ട്രീയ പ്രേരിതമാണ് ഈ അന്വേഷണങ്ങള്‍. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ല. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. പ്രതിപക്ഷ മുക്ത ഭാരതം എന്ന ലക്ഷ്യം നേടാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സിപിഐ എം നേതാക്കള്‍ക്കെതിരെ നടത്തുന്നതും.

ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സിപിഐ എമ്മിനെ വേട്ടയാടാന്‍ മോദിക്കും ബി ജെ പിക്കും പിന്തുണ നല്‍കുന്ന കെ പി സി സിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന് സമാനമാണെന്ന് അവരെ ഓര്‍മിപ്പിക്കട്ടെ . ഇടതുപക്ഷത്ത തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് -ബിജെപിയുമായി ചേര്‍ന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. കേന്ദ്ര അവഗണന യ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും ഈ അന്തര്‍ധാര കാരണമാണ്. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിനു സമാനമാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

 

Latest