Educational News
എക്സലൻസി ടെസ്റ്റ് ഇന്ന്; 42600 വിദ്യാർത്ഥികൾ പങ്കെടുക്കും
എക്സലൻസി ടെസ്റ്റിൻറെ സംസ്ഥാന ഉദ്ഘാടനം SMHSS രായിരമംഗലം സ്കൂളിൽ അലിഗഢ് മുസ്‌ലിംസർവ്വകലാശാല മലപ്പുറം പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. ഫൈസൽ കെ പി നിർവഹിക്കും.
കോഴിക്കോട് | വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ കീഴിൽ നടത്തി വരുന്ന എക്സലൻസി ടെസ്റ്റ് ഇന്ന് (ഞായർ) നടക്കും. പത്താം തരത്തിലും ഹയർസെക്കണ്ടറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് കേരളം, ലക്ഷദ്വീപ്, യു.എ.ഇ എന്നിവിടങ്ങളിലെ 760 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്കൂളുകൾ, ട്യൂഷൻ സെൻററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന എക്സലൻസി ടെസ്റ്റിൽ നേരത്തെ അപേക്ഷിച്ച 42600 വിദ്യാർത്ഥികൾ പങ്കാളികളാകും.
എക്സലൻസ് ടെസ്റ്റിനോട് അനുബന്ധിച്ച് മുഴുവൻ കേന്ദ്രങ്ങളിലും കരിയർ ഗൈഡൻസ് ആൻ്റ് മോട്ടിവേഷൻ ക്ലാസുകൾ നടക്കും. കേരളത്തിലെ പ്രശസ്ത ട്രെയിനർമാരും വെഫിയുടെ സർട്ടിഫൈഡ് കൗൺസിലേഴ്സുമാണ് ക്ലാസ് നിയന്ത്രിക്കുക. ആർ പി മാർക്ക് വേണ്ടി രണ്ട് ഘട്ടങ്ങളിലായി പ്രത്യേക ട്രെയിനിംഗ് സെഷൻ നടന്നു കഴിഞ്ഞു.
ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലായിട്ടാണ് എക്സലൻസി ടെസ്റ്റ് നടക്കുന്നത്. പരീക്ഷ കേന്ദ്രങ്ങളിൽ മേൽനോട്ടം വഹിക്കുന്ന സെൻറർ ചീഫുമാർക്കുള്ള ട്രെയിനിങ്ങും പരീക്ഷ സാമഗ്രി വിതരണവും പൂർത്തിയായി.
എക്സലൻസി ടെസ്റ്റിൻറെ സംസ്ഥാന ഉദ്ഘാടനം SMHSS രായിരമംഗലം സ്കൂളിൽ അലിഗഢ് മുസ്‌ലിംസർവ്വകലാശാല മലപ്പുറം പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. ഫൈസൽ കെ പി നിർവഹിക്കും.
എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കെ മുഹമ്മദ്, സെക്രട്ടറിമാരായ ഡോ. മുഹമ്മദ് നിയാസ്, മുഹമ്മദ് ജാബിർ നെരോത്ത് എന്നിവർ സംസാരിക്കും. പരീക്ഷാ ഫലം ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും.