Connect with us

From the print

കരിപ്പൂരില്‍ നിന്ന് അമിത വിമാനക്കൂലി; ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ വ്യോമയാന-ന്യൂനപക്ഷ മന്ത്രാലയം അധികൃതരെ കാണും

കണ്ണൂര്‍, കൊച്ചി ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളേക്കാളും കരിപ്പൂരില്‍ നിന്ന് 79,000 രൂപ അധികമായി ഈടാക്കാനുള്ള എയര്‍ ഇന്ത്യയുടെ നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വഴിയുള്ള ഹാജിമാര്‍ക്ക് ഏര്‍പ്പെടുത്തിയ അമിത വിമാനക്കൂലി കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം, ന്യൂനപക്ഷ മന്ത്രാലയ അധികൃതരെ കാണും. ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും ഹജ്ജ് കമ്മിറ്റി അംഗം ഐ പി അബ്ദുസ്സലാമും ഡല്‍ഹിയിലെത്തി. ഇരു മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും പ്രതിനിധികള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കും. കണ്ണൂര്‍, കൊച്ചി ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളേക്കാളും കരിപ്പൂരില്‍ നിന്ന് 79,000 രൂപ അധികമായി ഈടാക്കാനുള്ള എയര്‍ ഇന്ത്യയുടെ നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

റീ ടെന്‍ഡര്‍ നടത്തുകയോ വിമാനക്കൂലി കുറയ്ക്കാനാവശ്യമായ നടപടി സ്വീകരിക്കുകയോ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും കത്തയച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാന ഹജ്ജ് മന്ത്രിയുടെ നേതൃത്വത്തിലും ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരിട്ട് കാണുന്നത്. കനത്ത പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ എയര്‍ ഇന്ത്യക്ക് കരിപ്പൂരില്‍ നിന്നുള്ള വിമാനക്കൂലിയില്‍ കുറവ് വരുത്തേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ യാത്ര ചെയ്യുന്ന പുറപ്പെടല്‍ കേന്ദ്രമാണ് കരിപ്പൂര്‍.

ഇപ്രാവശ്യവും ആകെയുള്ള 24,794 അപേക്ഷകരില്‍ 14, 464 പേരും ആദ്യ ഓപ്ഷനായി തിരഞ്ഞെടുത്തതും കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രമാണ്. ഹാജിമാരില്‍ നിന്ന് വന്‍ തുക ഈടാക്കാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.