Connect with us

From the print

അമിത മയക്കുമരുന്ന് ഉപയോഗം; പുരുഷന്മാരിൽ ആത്മഹത്യ വർധിക്കുന്നു

സംസ്ഥാനത്ത് സ്ത്രീകളേക്കാൾ പുരുഷൻമാരാണ് ആത്മഹത്യ ചെയ്യുന്നതെന്നും മനോധൈര്യം കുറവായതാണ് പുരുഷൻമാരെ ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു

Published

|

Last Updated

പാലക്കാട് | അമിതമായ മയക്കുമരുന്ന് ദുരുപയോഗം മൂലം സംസ്ഥാനത്ത് പുരുഷൻമാരിൽ ആത്മഹത്യ വർധിക്കുന്നതായി പഠന റിപോർട്ട്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1996 മുതൽ 2012 വരെയുള്ള 25 വർഷത്തെ ആത്മഹത്യാ കണക്കുകളിൽ വിശദ പഠനം നടത്തിയ ശേഷം പുറത്തിറക്കിയ റിപോർട്ടിലാണ് മയക്കുമരുന്നും മദ്യപാനവും പുരുഷൻമാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് കണ്ടെത്തിയത്.
ഇതിന് പുറമെ സംസ്ഥാനത്ത് സ്ത്രീകളേക്കാൾ പുരുഷൻമാരാണ് ആത്മഹത്യ ചെയ്യുന്നതെന്നും മനോധൈര്യം കുറവായതാണ് പുരുഷൻമാരെ ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 25 വർഷത്തിനിടെ മയക്കുമരുന്നിന്റെ ദുരുപയോഗം മൂലം 8,174 പുരുഷന്മാരാണ് ആത്മഹത്യ ചെയ്തത്.

മയക്കുമരുന്നു ദുരുപയോഗം മൂലം 33 യുവതികളും ആത്മഹത്യ ചെയ്തിട്ടുണ്ട്്. 25 വർഷത്തിനിടെ സംസ്ഥാനത്ത് 2,28,566 ആത്മഹത്യകളാണ് നടന്നത്. ഇതിൽ 73.7 ശതമാനം പുരുഷൻമാരും 26.3 ശതമാനം സ്ത്രീകളുമാണ്. ഈ കാലയളവിൽ റിപോർട്ട് ചെയ്യപ്പെട്ട 2,28,566 ആത്മഹത്യകളിൽ 73.7 ശതമാനം പുരുഷന്മാരും 26.3 ശതമാനം സ്ത്രീകളുമാണ്.
പ്രണയ പ്രശ്‌നത്തിലും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇത്തരം പ്രശ്‌നത്തിൽ അകപ്പെട്ട് 2,055 പുരുഷൻമാർ ആത്മഹത്യ ചെയ്തപ്പോൾ സ്ത്രീകളിൽ 1,688 പേരാണ് ജീവനൊടുക്കിയത്. 30-44 നും 45-59നും ഇടയിൽ പ്രായമുള്ളവരിലാണ് ആത്മഹത്യാ പ്രവണത കൂടുതൽ കണ്ടെത്തിയത്.

ഇതിൽ പുരുഷൻമാരിൽ 45 നും 59 നും ഇടയിലും സ്ത്രീകളിൽ 25നും 29നുമിടയിലാണ് കൂടുതൽ ആത്മഹത്യാ പ്രവണതകൾ കണ്ടെത്തിയതെന്നും പഠനം വ്യക്തമാക്കുന്നു. 59 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ ആത്മഹത്യയുടെ പ്രധാന കാരണം കുടുംബപ്രശ്‌നങ്ങളാണെങ്കിൽ 60 വയസ്സിന് മുകളിലുള്ളവരുടേത് അസുഖ കാരണങ്ങളാണ്.
44 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ ആത്മഹത്യയുടെ പ്രധാന കാരണം കുടുംബപ്രശ്‌നങ്ങളും 45ന് മുകളിലുള്ളവരുടേത് രോഗങ്ങളുമാണ്. 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നത് 2002ലാണ്. 9,810 പേർ. കുറവ് 2015ൽ. 7,692 പേർ.

വിവാഹപ്രശ്‌നം, പരീക്ഷാപരാജയം, മാനസികാരോഗ്യം, മയക്കുമരുന്ന്, മാരക രോഗം തുടങ്ങിയവ കൂടുതൽ പേരെ ആത്മഹത്യയിലേക്ക് നയിക്കുമ്പോൾ കടബാധ്യതയും സാമ്പത്തിക തകർച്ചയും മൂലമുള്ള ആത്മഹത്യകൾ ഗണ്യമായി കുറഞ്ഞു വരുന്നതായും പഠനം വ്യക്തമാക്കുന്നു.
രാജ്യത്ത് തന്നെ കേരളത്തിൽ ആത്മഹത്യാ നിരക്കുകൾ പ്രതിവർഷം വർധിച്ച് വരികയാണ്. ദൃഢമായ വ്യക്തിബന്ധമില്ലാത്തതും ആരോഗ്യ സംബന്ധമായ വെല്ലുവിളികളുമാണ് സംസ്ഥാനത്ത് ആത്മഹത്യ വർധിക്കുന്നതിനിടയാക്കുന്നതെന്നും ഇതിനെ ചെറുക്കാൻ ഫലപ്രദമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും റിപോർട്ടിൽ സൂചിപ്പിക്കുന്നു.

---- facebook comment plugin here -----

Latest