price hike
നിർമാണ സാമഗ്രികൾക്ക് അമിത വിലക്കയറ്റം
കരിങ്കൽ, എംസാന്റ്, മെറ്റൽ, ക്വാറി വേസ്റ്റ് എന്നിവക്ക് ഒരു യൂനിറ്റിന് 400 മുതൽ 800 രൂപ വരെ വില കയറ്റി നോട്ടീസ് ഇറക്കിയിരിക്കുകയാണ്.
ആലപ്പുഴ | സർക്കാർ റോയൽറ്റി ഫീസ് വർധിപ്പിച്ചതിന്റെ പേരിൽ ക്വാറി ഉടമകളുടെ സംഘം നിർമാണ സാമഗ്രികളുടെ വില വൻതോതിൽ വർധിപ്പിച്ചു. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് വില വർധന. കരിങ്കൽ, എംസാന്റ്, മെറ്റൽ, ക്വാറി വേസ്റ്റ് എന്നിവക്ക് ഒരു യൂനിറ്റിന് 400 മുതൽ 800 രൂപ വരെ വില കയറ്റി നോട്ടീസ് ഇറക്കിയിരിക്കുകയാണ്. പ്രകൃതി വിഭവങ്ങൾ വൻകിട ക്വാറി ഉടമാ സംഘം തോന്നുവിധം ചൂഷണം ചെയ്ത് പാവപ്പെട്ട ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുമ്പോൾ ഇത് നിയന്ത്രിക്കേണ്ട സർക്കാർ കാഴ്ചക്കാരാകുന്ന സ്ഥിതിയാണ്.
സിമന്റ്, സ്റ്റീൽ എന്നിവയുടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന നിർമാണ മേഖലയിൽ ക്വാറി ഉത്പന്നങ്ങളുടെ അമിത വിലക്കയറ്റം വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിനും പുറമെ, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കെട്ടിട നിർമാണ ഫീസിന്റെ അമിത ഭാരം കൂടിയായതോടെ സ്വന്തം വീടെന്ന സ്വപ്നം പോലും യാഥാർഥ്യമാക്കാൻ സാധാരണക്കാർ വിഷമിക്കുകയാണ്. വൻകിട ക്വാറി ഉടമകളുടെ തീവെട്ടിക്കൊള്ളക്ക് തടയിടാൻ ചെറുകിട ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകണമെന്ന ആവശ്യം ശക്തമാണ്.
സംസ്ഥാനത്തെ നിർമാണ മേഖലയെ സംരക്ഷിക്കുന്നതിനും ക്വാറി, ക്രഷറർ ഉടമസ്ഥരുടെ തീവെട്ടിക്കൊള്ളക്ക് തടയിടുന്നതിനും പ്രാദേശിക കെട്ടിട നിർമാണ സാമഗ്രികളുടെ(പ്രകൃതി വിഭവങ്ങൾ) വില നിയന്ത്രിക്കുന്നതിനും ജില്ലാ കലക്ടർ അധ്യക്ഷനായിട്ടുള്ള വില നിർണയ സമിതി ഉണ്ടാകണമെന്ന് നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെടുന്നു.