Connect with us

Life Mission

ലൈഫ് മിഷൻ വീടുകളുടെ കൈമാറ്റം ഇന്ന് 

ലൈഫിൽ 20,073 കുടുംബങ്ങൾക്ക് കൂടി ജീവിതം

Published

|

Last Updated

തിരുവനന്തപുരം | ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ പണിത 20,073 വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. രണ്ട് വർഷം പൂർത്തിയാക്കുന്ന ഇടത് സർക്കാറിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ് 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ 3,42,156 വീടുകളാണ് ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമാണം പൂർത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടത്. കഴിഞ്ഞ മാർച്ച് 31 വരെ ഇതിൽ 54,648 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 67,000ത്തിലധികം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ഭൂരഹിത- ഭവനരഹിതരുടെ പുനരധിവാസത്തിനായി “മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 12.32 ഏക്കർ ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറി. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരിൽ പട്ടികജാതി പട്ടികവർഗ ഫിഷറീസ് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സർക്കാർ നിർദേശം നൽകിയിയിരുന്നു. 46,380 ഗുണഭോക്താക്കൾ ഭവന നിർമാണത്തിനായി കരാറിൽ ഏർപ്പെടുകയും 587 പേരുടെ ഭവന നിർമാണം പൂർത്തീകരിക്കുകയും ചെയ്തു.

Latest