Kerala
ഷൈന്‍ ടോം ചാക്കോക്കെതിരെ എക്‌സൈസ് സ്വന്തം നിലയില്‍ അന്വേഷണം നടത്തും; സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല: മന്ത്രി എംബി രാജേഷ്
നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കും

തിരുവനന്തപുരം | നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി ഇല്ലെങ്കിലും എക്‌സൈസ് സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കും. പരാതിയില്‍ തുടര്‍നടപടികള്‍ക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു.സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ലെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനൊരുങ്ങുകയാണ് പോലീസ്. പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് എന്തിന് ഓടിപ്പോയെന്ന് നടന്‍ പോലീസിനോട് വിശദീകരിക്കേണ്ട് വരും.
ഷൈനിനെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് . ഷൈനിന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി എടുക്കുക. ഫിലിം ചേംബര്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകള്‍ക്കാണ് നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുള്ളത്. . സൂത്രവാക്യം എന്ന സിനിമ സെറ്റില്‍ നടന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നായിരുന്നു വിന്‍സി അലോഷ്യസിന്റെ പരാതി.എന്നാല്‍ പോലീസില്‍ പരാതി നല്‍കില്ലെന്നും സിനിമക്കുള്ളില്‍ പരാതിക്ക് പരിഹാരം കാണുമെന്നും നടി വ്യക്തമാക്കിയിരുന്നു