Connect with us

Bahrain

പ്രവാസി സാഹിത്യോത്സവിന് പ്രോജ്ജ്വല സമാപനം; റിഫ സോണ്‍ ജേതാക്കള്‍

യൂനിറ്റ്, സെക്ടര്‍, സോണ്‍ എന്നീ ഘടകങ്ങളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചത്.

Published

|

Last Updated

മനാമ| ബഹ്റൈന്‍ നാഷനല്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘിടിപിച്ച പതിനാലാം എഡിഷന്‍ പ്രവാസി സാഹിത്യോത്സവ്-24 പ്രൗഢമായി സമാപിച്ചു. യൂനിറ്റ്, സെക്ടര്‍, സോണ്‍ എന്നീ ഘടകങ്ങളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചത്. ഗലാലിയിലെ യൂസുഫ് അഹ്മദ് അബ്ദുല്‍ മാലിക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മനാമ, റിഫ, മുഹറഖ് എന്നീ സോണുകളില്‍ നിന്നായി എഴുപതോളം മത്സര ഇനങ്ങളില്‍ നാനൂറില്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. 334 പോയിന്റുകള്‍ നേടി റിഫ സോണ്‍ പ്രവാസി സാഹിത്യോത്സവിലെ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. 294 പോയിന്റുകള്‍ നേടിയ മുഹറഖ് സോണ്‍ രണ്ടാം സ്ഥാനവും 251 പോയിന്റുകള്‍ നേടി മനാമ സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിഫാ സോണിലെ മുഹമ്മദ് ഷഹാന്‍ സലീമിനെ കലാ പ്രതിഭയായും മുഹറഖ് സോണിലെ സുമയ്യ സുഫിയാനെ സര്‍ഗപ്രതിഭയായും തിരഞ്ഞെടുത്തു.

വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ ശിഹാബ് പരപ്പയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് കേരള സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി അന്‍സാര്‍ കൊട്ടുകാട് സന്ദേശ പ്രഭാഷണം നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ സജി മാര്‍ക്കോസ് മുഖ്യപ്രഭാഷണം നടത്തി. ആത്മീയ സമ്മേളനത്തിന് അബ്ദുലത്തീഫ് സഖാഫി മദനീയം നേതൃത്വം നല്‍കി. നാട് വിട്ടവര്‍ വരച്ച ജീവിതം എന്ന പ്രമേയത്തില്‍ നടന്ന സാഹിത്യോത്സവ് പ്രവാസികളുടെ അതിജീവനത്തിന്റെ ചരിത്രവും വാര്‍ത്തമാനവും ചര്‍ച്ച ചെയ്തു. ജോലിയാവശ്യാര്‍ത്ഥമാണ് പ്രവാസ ലോകത്ത് എത്തിയെതെങ്കിലും കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മലയാളി സമൂഹം ഒന്നാം നിരയില്‍ തന്നെയുണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണെന്ന് സാംസ്‌കാരിക സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. മലയാള നാടിനെ നന്മയില്‍ നിര്‍മ്മിക്കുന്നതിലും സാമ്പത്തികമായി പുരോഗതിയില്‍ കൊണ്ട് പോകുന്നതിലും പ്രവാസികള്‍ക്കുള്ള പങ്കിനെ ഇനിയും ഗൗരവപൂര്‍വം വിലയിരുത്തേണ്ടതുണ്ട്. പ്രവാസികള്‍ക്ക് നാട് തിരിച്ച് നല്‍കിയത് എന്തൊക്കെയാണെന്നത് ഉത്തരവാദിതത്തപെട്ടവര്‍ പ്രധാന്യത്തോടെ വിലയിരുത്തണം.

സമാപന സാംസ്‌കാരിക സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ബാഫഖി തങ്ങള്‍, ഐ സി എഫ് പ്രസിഡന്റ് സൈനുദ്ദീന്‍ സഖാഫി, സല്‍മാന്‍ ഫാരിസ്, മാധ്യമ പ്രവര്‍ത്തകന്‍ സിറാജ് പള്ളിക്കര, സലീം, വി.പി കെ മുഹമ്മദ്, അബ്ദുറഹീം സഖാഫി വരവൂര്‍, അബ്ദു റഹീം സഖാഫി അത്തിപ്പറ്റ, ബഷീര്‍ ബുഖാരി, ഡോ. ഫൈസല്‍, എബ്രഹാം ജോണ്‍, ഫസലുല്‍ ഹഖ്, അബ്ദുല്ല രണ്ടത്താണി, വി.പി.എം മുഹമ്മദ് സഖാഫി, മുഹമ്മദ് മുനീര്‍ സഖാഫി, അഷ്‌റഫ് മങ്കര, ഹംസ പുളിക്കല്‍ പങ്കെടുത്തു. സ്വഫ് വാന്‍ സഖാഫി സ്വാഗതവും ജാഫര്‍ ശരീഫ് നന്ദിയും പറഞ്ഞു.

 

 

---- facebook comment plugin here -----

Latest