Ongoing News
ആവേശപ്പോര്; മുംബൈയെ വീഴ്ത്തി ബെംഗളൂരു
മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് ബെംഗളൂരു അടിയറവു പറയിച്ചത്.

മുംബൈ | ആവേശപ്പോരില്‍ ത്രസിപ്പിക്കുന്ന ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് ബെംഗളൂരു അടിയറവു പറയിച്ചത്. ചലഞ്ചേഴ്‌സ് മുന്നോട്ടുവച്ച 222 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ തിലക് വര്‍മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ബാറ്റിംഗ് കരുത്തില്‍ മുംബൈ അവസാനം വരെ വീരോചിതം പൊരുതിയെങ്കിലും 209 റണ്‍സില്‍ വീണു. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 209ല്‍ എത്തിയത്. ഇത്തവണത്തെ ഐ പി എലില്‍ ടീമിന്റെ നാലാം തോല്‍വിയാണിത്.
മുംബൈക്കായി തിലക് വര്‍മ 29 പന്തില്‍ 56 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ പാണ്ഡ്യ 15 പന്തില്‍ 42 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 34 പന്തില്‍ 89 റണ്‍സ് വാരിക്കൂട്ടിയ തിലക്-ഹാര്‍ദിക് കൂട്ടുകെട്ടാണ് മുംബൈക്ക് പ്രതീക്ഷ നല്‍കിയത്. ഇരുവരും പുറത്തായതോടെ ജയം അകലെയായി. സൂര്യകുമാര്‍ യാദവ് 28 റണ്‍സെടുത്തെങ്കിലും 26 പന്തുകള്‍ വേണ്ടിവന്നു. വില്‍ ജാക്സ് 18 പന്തില്‍ 22 റണ്‍സ് നേടി. രോഹിത് ശര്‍മ ഒമ്പത് പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ബെംഗളൂരുവിനായി ക്രുനാല്‍ പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, വിരാട് കോലി (42 പന്തില്‍ 67)യുടെയും രജത് പാട്ടീദാര്‍ (32ല്‍ 64)ന്റെയും അര്‍ധ ശതകങ്ങളാണ് ബെംഗളൂരുവിന് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. രണ്ട് സിക്സും എട്ട് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. 32 പന്തുകളില്‍ നിന്ന് നാല് സിക്സിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ രജത് 64 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജിതേഷ് ശര്‍മയാണ് സ്‌കോര്‍ 200 കടത്തിയത്. 19 പന്തില്‍ നാല് സിക്സും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ ജിതേഷ് 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദേവ്ദത്ത് പടിക്കല്‍ 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. മുംബൈക്കായി ട്രെന്റ്‌ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. വിഘ്നേഷ് പുത്തൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഈ സീസണില്‍ ആദ്യ മത്സരം കളിച്ച പേസര്‍ ജസ്പ്രീത് ബുംറക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. താരം നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്തു.