Connect with us

thief arrested

കവര്‍ച്ചാ പണവുമായി വിനോദയാത്ര; സ്ഥിരം മോഷ്ടാവ് പിടിയില്‍

ശിക്ഷ കഴിഞ്ഞ് ജൂണ്‍ ആറിന് ജയില്‍ മോചിതനായശേഷം അടുത്ത യാത്രക്കുള്ള പണം സമാഹരിക്കാനാണ് കോട്ടപ്പറമ്പ് റോഡില്‍ കവര്‍ച്ച നടത്തിയത്.

Published

|

Last Updated

കോഴിക്കോട് | വിനോദയാത്ര പോകാന്‍ പണം കണ്ടെത്തുന്നത് മോഷണത്തിലൂടെ. രാത്രിയുടെ മറവില്‍ കടകള്‍ കുത്തിത്തുറന്ന് കിട്ടുന്ന പണവുമായി വിനോദയാത്ര പോകലാണ് കൊടുവള്ളി കളരാന്തിരി സക്കറിയ എന്ന സ്ഥിരം മോഷ്ടാവിന്റെ രീതി. മോഷണത്തിന്റെ പേരില്‍ 110 ഓളം കേസുണ്ടെങ്കിലും അതൊന്നും കവര്‍ച്ചക്കോ ടൂറിനോ തടസ്സമല്ല.

14ആം വയസ്സില്‍ തുടങ്ങിയ മോഷണത്തിനോ സഞ്ചാരത്തിനോ തടസ്സമില്ലാതെ 41 ാം വയസ്സിലെത്തിയ സക്കറിയ കഴിഞ്ഞ ദിവസം കോഴിക്കോട് കസബ പോലീസിന്റെ പിടിയിലായി. നഗരത്തില്‍ കോട്ടപ്പറമ്പ് റോഡില്‍ മൂന്ന് കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഒടുവില്‍ കുടുങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ മോഷണം നടത്തി 43,000 രൂപയും ഒരു മൊബൈല്‍ ഫോണുമായി കടന്നതിനു ശേഷമാണ് പോലീസിന്റെ വലയിലായത്.

പോലീസ് സി സി ടി വികള്‍ പലതു പരതിയപ്പോള്‍ കളരാന്തിരി സക്കറിയാണ് മോഷ്ടാവെന്നു കണ്ടെത്തി. ബത്തേരിയിലെ ലോഡ്ജില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. രാത്രി മോഷണത്തിന് ഇറങ്ങിയാല്‍ നേരം വെളുക്കുവോളം കവര്‍ച്ച തുടരും. കിട്ടുന്ന പണവുമായി ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോവും. കട്ട പണം തീരുംവരെ അവിടെ ആഘോഷിക്കും. പണം തീര്‍ന്നാല്‍ മറ്റൊരു കവര്‍ച്ച നടത്തി കീശ നിറയ്ക്കും. പോലീസ് പിടിയിലായാല്‍ ജയിലില്‍ ദിവസങ്ങളോളം തളച്ചിടുന്നതിന്റെ സമ്മര്‍ദ്ദം അകറ്റാനാണ് ഈ യാത്രകള്‍ എന്നാണ് മോഷ്ടാവ് പോലീസിനോടു പറഞ്ഞത്.

ശിക്ഷ കഴിഞ്ഞ് ജൂണ്‍ ആറിന് ജയില്‍ മോചിതനായശേഷം അടുത്ത യാത്രക്കുള്ള പണം സമാഹരിക്കാനാണ് കോട്ടപ്പറമ്പ് റോഡില്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്ക് ഒരു സ്ഥലം കണ്ടെത്തിയാല്‍ തലേ ദിവസം വന്ന് കടയും പരിസരവും ക്യാമറയും രക്ഷപ്പെടാനുള്ള മാര്‍ഗവും പോലീസ് സാന്നിധ്യവുമെല്ലാം കണ്ടു മനസ്സിലാക്കി പോകും. അടുത്ത ദിവസം വന്ന് കൃത്യം നടത്തി പോകും. ഇതാണ് കളരാന്തിരി സക്കറിയയുടെ രീതിയെന്ന് പോലീസ് പറയുന്നു. മീനങ്ങാടി, മുക്കം, ഫറോഖ് അടക്കം 15 സ്റ്റേഷനുകളില്‍ വാറന്റ് ഉണ്ടെങ്കിലും സ്ഥിരം ടൂറില്‍ ആയതിനാല്‍ പോലീസില്‍ കീഴടങ്ങാറില്ല.

Latest