Connect with us

From the print

രണ്ട് സെന്റിൽ നിർമിക്കുന്ന വീടുകൾക്ക് ഇളവ്; ഫ്രണ്ട് യാർഡ് സെറ്റ്ബാക്ക് ഒരു മീറ്ററായി കുറക്കും

താമസ ആവശ്യത്തിന് അനുയോജ്യമായ വേറെ ഭൂമിയില്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഇളവ്

Published

|

Last Updated

തിരുവനന്തപുരം | കോർപറേഷൻ, നഗരസഭാ പരിധിയിൽ രണ്ട് സെന്റ് ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ഫ്രണ്ട് യാർഡ് സെറ്റ്ബാക്കിൽ ഇളവ് അനുവദിച്ച് സർക്കാർ. വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

താമസ ആവശ്യത്തിന് അനുയോജ്യമായ വേറെ ഭൂമിയില്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കുക. തിരുവനന്തപുരം കോർപറേഷൻ അദാലത്തിൽ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും കെ മണിയമ്മയുടെയും പരാതി തീർപ്പാക്കിക്കൊണ്ടാണ് നിർണായക നിർദേശം മന്ത്രി നൽകിയത്. വലിയ പ്ലോട്ടുകൾക്ക് രണ്ട് മീറ്ററും മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെ എം ബി ആർ 2019 റൂൾ ഭേദഗതി വരുത്തി ഇളവ് നൽകാനാണ് അദാലത്തിൽ തീരുമാനമെടുത്തത്.

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാകുന്ന തീരുമാനമാണ് തദ്ദേശ അദാലത്തിൽ മന്ത്രി പ്രഖ്യാപിച്ചത്. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ താമസത്തിനായി ചെറിയ വീട് നിർമിച്ച് ഇനിയും നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.

Latest