Uae
ദുബൈയില്‍ പൊതുമാപ്പ് കഴിഞ്ഞാലും എക്സിറ്റ് പെര്‍മിറ്റിന് സാധുത
എക്സിറ്റ് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത തിയ്യതി മുതല്‍ 14 ദിവസത്തേക്ക് സാധുതയുള്ളതാണെന്ന് ദുബൈ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്.
ദുബൈ | പൊതുമാപ്പില്‍ നിയമം ലംഘിക്കുന്നവര്‍ക്കുള്ള എക്സിറ്റ് പെര്‍മിറ്റ് നേടിയവര്‍ക്ക് ഏതാനും ദിവസം കൂടി രാജ്യത്ത് തുടരാനാവും. എക്സിറ്റ് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത തിയ്യതി മുതല്‍ 14 ദിവസത്തേക്ക് സാധുതയുള്ളതാണെന്ന് ദുബൈ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) വ്യക്തമാക്കി.
നിയമലംഘകരുടെ വ്യവസ്ഥകള്‍ ശരിയാക്കുന്നതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവ ആരംഭിച്ച പൊതുമാപ്പ് അടുത്ത വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് തുടരുന്ന നിയമലംഘകരോട് പൊതുമാപ്പിന്റെ ശേഷിക്കുന്ന ദിവസങ്ങളും അത് നല്‍കുന്ന നേട്ടങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ ദുബൈ റെസിഡന്‍സി അഭ്യര്‍ഥിച്ചു. അതേസമയം, ആയിരക്കണക്കിന് നിയമലംഘകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. അവരുടെ സ്റ്റാറ്റസില്‍ മാറ്റം വരുത്തുകയോ രാജ്യം വിടുകയോ ചെയ്യുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക പിഴകളൊന്നും കൂടാതെ രേഖകള്‍ ശരിപ്പെടുത്താനാണ് അവസരം നല്‍കിയത്.
പൊതുമാപ്പ് കാലാവധി നീട്ടാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗ്രേസ് പിരീഡില്‍ പദവി ക്രമീകരിക്കുകയോ രാജ്യം വിടുകയോ ചെയ്യാത്ത നിയമലംഘകര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ മുമ്പ് ചുമത്തിയ എല്ലാ പിഴകളും വീണ്ടും ക്രമീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് രാജ്യവ്യാപകമായി പരിശോധനാ കാമ്പയിനുകളും ഉണ്ടാവും.