National
കർണാടകയിൽ തൂക്കുസഭയെന്ന് എക്സിറ്റ് പോളുകൾ; കോൺഗ്രസിന് നേരിയ മേൽക്കൈ; ജെ ഡി എസ് കിംഗ് മേക്കറാകും
സീ ന്യൂസ് മാട്രിസ് ഏജൻസി എക്സിറ്റ്പോൾ കണക്കുകൾ പ്രകാരം കോൺഗ്രസ് 103-മുതൽ 118 സീറ്റുകൾ വരെ നേടും.
ബംഗളൂരു | കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ്പോൾ ഫലങ്ങൾ വന്നുതുടങ്ങി. ആദ്യം പുറത്തുവന്ന മൂന്ന് എക്സിറ്റ് പോളുകൾ പ്രകാരം കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ട്. എന്നാൽ ഒറ്റക്ക് ഭരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് എത്തുന്നില്ല. ഒരു തൂക്കുസഭയുടെ സാധ്യതയാണ് ഈ എക്സിറ്റ് പോളുകൾ മുന്നോട്ടുവെക്കുന്നത്. ജെ ഡി എസ് ഇത്തവണയും കിംഗ്മേക്കറാകുമെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന.
ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ, ഇന്ത്യ ടിവി – സിഎൻഎക്സ്, ന്യൂസ് 24 ടുഡേസ് ചാണക്യ, ടൈംസ് നൗ – ഇ ടി ജി എക്സിറ്റ്പോളുകൾ കോൺഗ്രസിന് കേവല ഭൂരിപക്ഷം മറികടന്നുള്ള സീറ്റ് നിലയാണ് പ്രവചിക്കുന്നത്.
ഇന്ത്യാടുഡേ ആക്സിസ് മൈ ഇന്ത്യ 131 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്ന് പറയുന്നു. ബിജെപിക്ക് 71ഉം ജെഡിഎസിന് 22ഉം സീറ്റുകളും അവർ പ്രവചിക്കുന്നു. ന്യൂസ് 24 – ടുഡേസ് ചാണക്യ 120 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ബിജെപി 92ഉം ജെഡിഎസ് 12ഉം സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. ഇന്ത്യ ടി വി -സിഎൻഎക്സ് സർവേയിൽ 115 സീറ്റുകളാണ് കോൺഗ്രസിന് പറയുന്നത്. ബിജെപി 85, ജെഡിഎസ് 22. ടൈംസ് നൗ – ഇടിജി സർവേ പ്രകാരം 113 സീറ്റുകൾ വരെ കോൺഗ്രസ് നേടും. ബിജെപി 85, ജെ ഡി എസ് 23.
സീ ന്യൂസ് മാട്രിസ് ഏജൻസി എക്സിറ്റ്പോൾ കണക്കുകൾ പ്രകാരം കോൺഗ്രസ് 103-മുതൽ 118 സീറ്റുകൾ വരെ നേടും. ബിജെപി 79-94, ജെ ഡി എസ് 25-33, മറ്റുള്ളവർ 2-5 എന്നിങ്ങളനെയാണ് സീ ന്യൂസ് മറ്റു പാർട്ടികൾക്ക് നൽകുന്ന സീറ്റ്.
ടി വി 9 ഭാരത്‍വർഷ് – പോൾസ്ട്രാറ്റ് എക്സിറ്റ് പോളിലും കോൺഗ്രസിനാണ് മുൻതൂക്കും. 94 മുതൽ 108 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് ഈ പോൾ പറയുന്നു. ബിജപി 88-98, ജെഡിഎസ് 21-26, മറ്റുള്ളവർ 0-4 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾ നേടാൻ സാധ്യതയുള്ള സീറ്റുകൾ.
റിപ്പബ്ലിക് ടിവി – പിമാർക് ഫലത്തിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. 94-108 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. 85-100 സീറ്റുകളുമായി ബിജെപി തൊട്ടടുത്തുണ്ട്. 24-32 സീറ്റുകൾ ജെ ഡി എസിനും 2-6 സീറ്റുകൾ മറ്റുളവർക്കും ലഭിക്കുമെന്നും റിപ്പബ്ലിക് ടി വി പ്രവചിക്കുന്നു.
അതേസമയം, ഏഷ്യാനെറ്റ് സുവർണയും ന്യൂസ് നാഷനും ബിജെപിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. ന്യൂസ് നാഷൺ – സി ജി എസ് പോൾ അനുസരിച്ച് ബിജപി 114 സീറ്റുകൾ നേടും. കോണഗ്രസ് 86 സീറ്റുകളും ജെ ഡി എസ് 21 സീറ്റുകളും മറ്റുള്ളവർ മൂന്ന് സീറ്റുകളും നേടുമെന്നും ന്യൂസ് നാഷൻ പ്രവചിക്കുന്നു.
സുവർണ ന്യൂസ് ജൻ കി ബാത്ത് ഫലം അനുസരിച്ച് ബിജെപി 94 മുതൽ 117 സീറ്റുകൾ വരെ നേടും. കോൺഗ്രസ് 91-106 സീറ്റുകളും ജെ ഡി എസ് 14-24 സീറ്റുകളും മറ്റുള്ളവർ 0-2 സീറ്റുകളും നേടുമെന്നും സുവർണ ന്യൂസ് പറയുന്നു.