Connect with us

Ongoing News

പ്രവാസി വ്യവസായി റാം ബുക്‌സാനി അന്തരിച്ചു

ഐ ടി എല്‍ കോസ്‌മോസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്

Published

|

Last Updated

ദുബൈ |  യു എ ഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്‌സാനി (83) ദുബൈയില്‍ അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലായിരുന്നു അന്ത്യം.

ഐ ടി എല്‍ കോസ്‌മോസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. ഇന്‍ഡസ് ബേങ്ക് ഡയറക്ടര്‍, ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍സ് ഇക്കണോമിക് ഫോറം സ്ഥാപക ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ദുബൈയിലെ ഇന്ത്യന്‍ വ്യവസായികളിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിത്വമാണ് റാം ബുക്‌സാനി.
18 വയസ്സുള്ളപ്പോള്‍ 1959 നവംബറിലാണ് ദുബൈയില്‍ എത്തുന്നത്. ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദുസ്ഥാന്‍ പത്രത്തില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് അപേക്ഷിക്കുന്നത്. കെ എ ജെ ചോതിര്‍മല്‍ ആന്‍ഡ് കമ്പനിയിലായിരുന്നു ജോലി.

1969-ല്‍ അദ്ദേഹത്തിന്റെ കോസ്മോസിന്റെ ആദ്യ ഷോറൂം ദേരയില്‍ തുറന്നു. പിന്നീട് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവച്ചു, അംബാസഡര്‍ ഹോട്ടല്‍, ദേര, അസ്റ്റോറിയ ഹോട്ടല്‍ എന്നിവയില്‍ ഓഹരികള്‍ സ്വന്തമാക്കി. ഐടിഎല്‍ കോസ്മോസ് ഗ്രൂപ്പും പിന്നീട് എഫ് ആന്‍ഡ് ബി മേഖലയിലേക്കും കാലെടുത്തുവെച്ചു. ക്വാളിറ്റി ഐസ്‌ക്രീം പുറത്തിറക്കി. ഇന്ന് നൂറുകണക്കിന് ജോലിക്കാരുള്ള ഗ്രൂപ്പിന്റെ ഉടമയാണ്. അല്‍റസൂക്കി ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്, ഇന്‍ഡസ് ആന്റ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ്, സഞ്ജയ് ഗള്‍ഫ് ഇന്റസ്ട്രീസ്, സഞ്ജയ് ടെക്‌സ്റ്റൈല്‍ ആന്റ് മില്‍സ് തുടങ്ങിയ കമ്പനികള്‍ ഇതിന്റെ ഭാഗമാണ്. ഇലക്ട്രോണിക്‌സ്, റീടെയില്‍, ഐ ടി, ബാങ്കിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും സാന്നിധ്യമുണ്ട്.
ഓവര്‍സീസ് ഇന്ത്യന്‍സ് ഇക്കണോമിക് ഫോറം ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിന്ന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. കുവൈത്ത് പ്രതിസന്ധി കാലത്തും ഗുജറാത്ത് ഭൂകമ്പ കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി. സാമൂഹിക നിരീക്ഷണ പാടവമുള്ള അദ്ദേഹം നല്ലൊരു എഴുത്തുകാരനും സഹൃദയനുമാണ്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ഇന്ത്യന്‍ രാഷ്ട്രപതി, അന്തരിച്ച ശ്രീ ഗ്യാനി സെയില്‍ സിങ്ങില്‍ നിന്ന് അദ്ദേഹം ഷീല്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ‘ടേക്കിംഗ് ദ ഹൈ റോഡ്’ എന്ന പേരില്‍ ഇംഗ്ലീഷിലെഴുതിയ ആത്മകഥ അറബി, സിന്ധി, ഗുജറാത്തി, ഹിന്ദി, ഉറുദു, മറാത്തി, മലയാളം എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പ്രകാരം യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒരാളായും ഏറ്റവും ധനികരായ ഇന്ത്യക്കാരില്‍ ഒരാളായും റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

അനുശോചനം രേഖപ്പെടുത്തി
ഇന്ത്യന്‍, ബിസിനസ് സമൂഹത്തിന് പ്രചോദനമായി നിലനിന്ന റാം ബുക്‌സാനിയുടെ വിയോഗത്തില്‍ പ്രമുഖ വ്യക്തികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, സമൂഹത്തിന് ഒരു വഴികാട്ടിയും മാതൃകയും മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു.
ഡോ. ആസാദ് മൂപ്പന്‍
രാം ബുക്‌സാനിയുടെ വിയോഗത്തില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അനുശോചിച്ചു. സംരംഭകര്‍ക്ക് രാം ബുക്‌സാനി ഒരു മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യവും സമൂഹത്തോടുള്ള പ്രതിബദ്ധതയും എന്നും ഓര്‍ക്കപ്പെടും. ആസാദ് മൂപ്പന്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി എന്നിവരും അനുശോചനം അറിയിച്ചു

 

---- facebook comment plugin here -----

Latest