Kerala
പ്രവാസി ക്ഷേമ പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും: മന്ത്രി കെ എന്‍ ബാലഗോപാല്‍
അബൂദബിയില്‍ സിറാജിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അബൂദബി | പ്രവാസി ക്ഷേമ പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ കെ എന്‍ ബാലഗോപാല്‍. പ്രവാസി ക്ഷേമ പദ്ധതികള്‍ വളരെ ഗൗരവത്തില്‍ തന്നെയാണ് എടുക്കുന്നത്. അത് കൂടുതല്‍ ശക്തിപ്പെടുത്തും. കെ എസ് എഫ് ഇ പ്രവാസി ചിട്ടിയും പ്രവാസി നിക്ഷേപവും ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളാണ്. പ്രവാസികള്‍ക്ക് നല്ല പ്രതിഫലം കൊടുക്കുന്നതാണ് പ്രവാസി നിക്ഷേപ പദ്ധതി. കെ എസ് എഫ് ഇ പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ കൊടുക്കുന്ന ഗ്യാരണ്ടി പ്രവാസികള്‍ക്കെന്നല്ല മറ്റാര്‍ക്കും ലഭ്യമല്ല. അബൂദബിയില്‍ സിറാജിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിക്ഷേപ തട്ടിപ്പുകള്‍ പലതും ഇന്ന് നടക്കുന്നുണ്ട്. അതിലൊന്നാണ് അടുത്തിടെ പിടിക്കപ്പെട്ട പാതിവില തട്ടിപ്പ്. കെ എസ് എഫ് ഇയുടെ പ്രത്യേകത അത് നൂറു ശതമാനം സര്‍ക്കാര്‍ ഗ്യാരണ്ടിയാണ് എന്നതാണ്. മാത്രമല്ല, കെ എസ് എഫ് ഇയുടെ കണക്ക് നോക്കുമ്പോള്‍ 95,000 കോടിയുടെ ബിസിനസ്സ് നടത്തുന്ന സ്ഥാപനമാണ്. ഈ വര്‍ഷം അത് ഒരുലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ എസ് എഫ് ഇയുടെ മൂലധനം തന്നെ ധനകാര്യവകുപ്പ് നേരിട്ടാണ് നിയന്ത്രിക്കുന്നത്. മറ്റേതൊരു ബേങ്കിലേതിനേക്കാളും നിക്ഷേപം കിട്ടുന്നതാണ് പ്രവാസി ചിട്ടി. ഷെയര്‍ മാര്‍ക്കറ്റിലെ ഉയര്‍ച്ച താഴ്ചകള്‍ ഇതിലില്ല. ട്രംപിന്റെ ചില തീരുമാനങ്ങള്‍ കാരണം ഷെയര്‍ മാര്‍ക്കറ്റ് ഭയങ്കരമായി ഇടിഞ്ഞു. ഏത് ബേങ്കില്‍ ഇടുന്ന ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാളും പ്രതിഫലം കിട്ടുന്നതാണ് പ്രവാസി ചിട്ടിയുടെ പൊതുവായ കാര്യമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസി ചിട്ടി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെ എസ് എഫ് ഇ ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളും അടങ്ങുന്ന ഒരു സംഘം ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ ആ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. മറ്റു ഗള്‍ഫ് നാടുകളിലെ സന്ദര്‍ശനം കഴിയുമ്പോഴേയ്ക്കും നിയമസഭ കൂടുന്നതിനാല്‍ എനിക്ക് യു എ ഇയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. കെ എസ് എഫ് ഇക്ക് ഗള്‍ഫ് മേഖലയില്‍ ശാഖകള്‍ ആരംഭിക്കുന്നതിന് പല സാങ്കേതിക തടസ്സങ്ങളുമുണ്ട്. നോണ്‍ ബേങ്കിങ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആയതുകൊണ്ട് ഇന്ത്യക്കകത്ത് തന്നെ മറ്റു പല സ്ഥാനങ്ങളില്‍ പോലും ശാഖകള്‍ തുടങ്ങാന്‍ നിയമപരമായ പരിമിതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളം നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനാണെന്ന പൊതു അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ സര്‍ക്കാര്‍ തന്നെ അതിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റ്‌മെന്റ് വരുന്നതിനു ഏറ്റവും പ്രധാനപ്പെട്ട കാര്യം പശ്ചാത്തല സൗകര്യം ഒരുക്കുകകയും വ്യവസായത്തിനുള്ള അന്തരീക്ഷം ഉണ്ടാക്കുകയുമാണ്. സര്‍ക്കാര്‍ വലിയ തോതില്‍ ഫണ്ട് മുടക്കിയിട്ടാണ് കിഫ്ബി പോലുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് എസ്പെക്‌റ്റേഷന്‍ രണ്ട് ലക്ഷം കോടി രൂപ കവിയും. ആദ്യമായാണ് ഇത്രയും തുക വന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നമുക്ക് തരാനുള്ളതിന്റെ പകുതി പണമായ 50,000 കോടി രൂപയുടെ കുറവ് വരുന്ന ഘട്ടത്തിലാണ് ഈ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആ ഒരു സാഹചര്യത്തില്‍ പോലും അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത്. ദേശീയ പാതാ വികസനം നല്ല രീതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് പൈസ കൊടുക്കേണ്ടി വന്നിട്ടില്ല. കേരളത്തില്‍ ഭൂമിക്ക് വിലകൂടുതലാണെന്ന് പറഞ്ഞ് തടസ്സമുണ്ടാക്കിയപ്പോള്‍ 6,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കൊടുത്തിട്ടാണ് ഭൂമി ഏറ്റെടുത്തത്.
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയില്ലാത്ത പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ 10 തുറമുഖങ്ങളില്‍ ഒന്നായ അതിന്റെ നിര്‍മാണം മുഴുമിപ്പിച്ചു എന്ന് മാത്രമല്ല ഇന്ന് പ്രവര്‍ത്തനസജ്ജവുമാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ തുര്‍ക്കി കപ്പല്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് വന്നിരുന്നു. അത്ര വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യം വികസിച്ചു. റോഡ്, തുറമുഖം, ദേശീയ പാത, മലയോരപ്പാത, ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റിനു വേണ്ടിയുള്ള പാര്‍ക്കുകള്‍ തുടങ്ങിയവ പുരോഗമിക്കുന്നുണ്ട്.
നാട്ടില്‍ മുതല്‍മുടക്കുവാനും സംരംഭങ്ങള്‍ തുടങ്ങുവാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. മുമ്പ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ ലാന്‍ഡായി സര്‍ക്കാര്‍ പാര്‍ക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാം. ഭൂമി അവരവര്‍ തന്നെ തീരുമാനിച്ച് ലാന്‍ഡ് പാര്‍ക്കിങ് സംവിധാനം ഉണ്ടാക്കാം. അതിനു വേണ്ടി വിഴിഞ്ഞം കൊല്ലം പുനലൂര്‍ ട്രയാങ്കിള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കിഫ്ബി അതിനായി ആയിരം കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ വണ്‍ ഓഫ് ദി ബെസ്‌ററ് ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനും ഇന്‍ഡസ്ട്രിയല്‍ ഡെസ്റ്റിനേഷനുമായി കേരളം മാറും. എല്ലാ മേഖലകളിലും അതിനുള്ള പ്രതീക്ഷ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.