gulf flood
തങ്ങളെ മറന്ന നാട്ടുകാരോട് പരിഭവം പറഞ്ഞ് പ്രവാസികള്‍: പിന്തുണ അറിയിച്ച് മുഖ്യമന്ത്രി
നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും കാര്യങ്ങള്‍ അന്വേഷിച്ചോ എന്നും ചോദിച്ചാണ് നവമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ നിറയുന്നത്.
ദുബൈ | 75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ യു എ ഇയെയും ഗള്‍ഫ് രാജ്യങ്ങളെയും വിഴുങ്ങി വലിയ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന പ്രവാസികളുടെ കൂടെ നില്‍ക്കാന്‍ നാട്ടുകാരുണ്ടായില്ലെന്ന് പരിഭവവുമായി പ്രവാസികള്‍.
കേരളത്തിന്റെ സമ്പദ്ഘടനയുടെ നെടും തൂണായ പ്രവാസികള്‍ ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ എത്രപേര്‍ നിങ്ങളെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചെന്നും എന്തിനും ഏതിനും ഗള്‍ഫിലേക്ക് കയറിവരുന്ന നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും കാര്യങ്ങള്‍ അന്വേഷിച്ചോ എന്നും ചോദിച്ചാണ് നവമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ നിറയുന്നത്.
നിരവധി വ്‌ലോഗര്‍മാര്‍ ഇത്തരത്തിലുള്ള വീഡിയോകളും പങ്കുവെച്ചു. പരസ്പരം ബന്ധപ്പെടാനുള്ള സംവിധാനങ്ങള്‍ ഓരോരുത്തരുടെയും കൈവെള്ളയില്‍ കിടക്കുമ്പോഴും എന്തിനും ഏതിനും വിവാദങ്ങളും ചര്‍ച്ചകളും നടത്തുന്ന നാട്ടുകാരും അടുത്ത ബന്ധുക്കളും വരെ തങ്ങളുടെ കാര്യം അന്വേഷിക്കാന്‍ മുന്നോട്ട് വന്നില്ലെന്ന് കുടുംബങ്ങളടക്കമുള്ളവരും പറയുന്നു.
നാട്ടിലെ പ്രളയസമയത്ത് ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തുപിടിക്കാനും അവരെ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ വരെ പ്രവാസികളായിരുന്നു. എല്ലാ വേളകളിലും അവര്‍ നാടിന് പിന്തുണ നല്‍കി സദാ ജാഗ്രതയോടെ കഴിയുന്നവരാണ്. എന്നിട്ടും തങ്ങളുടെ ഒരു കാര്യം വന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന പരാതി പ്രവാസികളില്‍ വ്യാപകമാണ്.
അതേസമയം, കൊവിഡ് കാലഘട്ടത്തില്‍ പ്രവാസികളോട് കാണിച്ച സമീപനം ഓര്‍ത്തെടുത്ത് നമുക്ക് തിരിച്ച് ഇങ്ങിനെ ഒക്കെയേ ഉണ്ടാകൂ എന്ന് ഓര്‍മപ്പെടുത്തിയവരും ഏറെ. ഏതായാലും വിഷയം ചര്‍ച്ചയായതോടെ നാട്ടില്‍ നിന്ന് പല രീതിയില്‍ അന്വേഷണം വന്നുകൊണ്ടിരിക്കുന്നുവെന്നാണ് പലരും പറയുന്നത്. യു എ ഇ, സഊദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് കഴിഞ്ഞ ദിവസത്തെ മഴ ഉണ്ടാക്കിയത്.
പിന്തുണ അറിയിച്ച് മുഖ്യമന്ത്രി
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രളയം മൂലം വിഷമം അനുഭവിക്കുന്ന അവിടങ്ങളിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒട്ടനേകം മലയാളികളുടെ രണ്ടാം വീടായ ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ പ്രവാസികളാണ് പ്രളയക്കെടുതികളാല്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്.
മലയാളികളടക്കമുള്ള അവിടത്തെ പ്രവാസി സമൂഹത്തിന്റെ കാര്യത്തിലും നമുക്കു വലിയ കരുതലുണ്ട്. ഏതൊരു പ്രതിസന്ധിഘട്ടത്തിലും പ്രവാസികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന സംഘടനകളും ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പ്രവാസി സുഹൃത്തുക്കളും തങ്ങളാല്‍ കഴിയുന്ന സഹായം ദുരിത ബാധിതര്‍ക്ക് നല്‍കിവരുന്നു എന്നത് ശ്ലാഘനീയമാണ്. ബാധിതര്‍ക്ക് കേരള സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.